Saturday
23 Jun 2018

എല്ലാവരുടെയും സഖാവ്

By: Web Desk | Saturday 19 August 2017 1:44 AM IST

കാനം രാജേന്ദ്രന്‍

തൊഴിലാളിവര്‍ഗം സമരശക്തിയാണെന്നും അവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേതൃത്വം അവരില്‍ നിന്നുതന്നെ വളര്‍ന്നുവരുന്ന സമരാനുഭവങ്ങളെ ഉള്‍ക്കൊള്ളുന്ന വിഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും കേരളക്കരയിലെ തൊഴിലാളി പ്രവര്‍ത്തകരെ പഠിപ്പിച്ച ആദ്യത്തെ ഗുരു സഖാവ് കൃഷ്ണപിള്ളയാണ്

ധുനിക കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച പി കൃഷ്ണപിള്ളയുടെ 69-ാം ചരമവാര്‍ഷികദിനമാണ് ഇന്ന്. പതിനെട്ടു വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഇത്രയേറെ വിലപ്പെട്ട സംഭാവനകള്‍ ഭാവിതലമുറയ്ക്ക് പ്രദാനം ചെയ്ത നേതാക്കള്‍ കേരളത്തില്‍ ദുര്‍ലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്‍പ്പിയായിരുന്നു കൃഷ്ണപിള്ള. അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കും അദ്ധ്വാനിക്കുന്ന അവരുടെ സംഘടനകള്‍ക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാര്‍ഗ്ഗവും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
ഉയര്‍ന്ന നേതാക്കളില്‍ പലരും ഒരു നിശ്ചിത പ്രാദേശിക പരിധിയില്‍, അല്ലെങ്കില്‍ ഒരു കാലയളവില്‍ മാത്രമായി, പ്രവര്‍ത്തനവും കീര്‍ത്തിയും പരിമിതപ്പെടുത്തിയപ്പോള്‍ കൃഷ്ണപിള്ളയുടെ വേദി കേരളം മുഴുവനുമായിരുന്നു. ഒരു കൊടുങ്കാറ്റായി വന്നു; കൊടുങ്കാറ്റായിത്തന്നെ നിലനിന്നു.
തൊഴിലാളിവര്‍ഗം ഒരു സമരശക്തിയാണെന്നും അവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേതൃത്വം അവരില്‍ നിന്നുതന്നെ വളര്‍ന്നുവരുന്ന സമരാനുഭവങ്ങളെ ഉള്‍ക്കൊള്ളുന്ന വിഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും കേരളക്കരയിലെ തൊഴിലാളി പ്രവര്‍ത്തകരെ പഠിപ്പിച്ച ആദ്യത്തെ ഗുരു സഖാവ് കൃഷ്ണപിള്ളയാണ്. ഏതൊരു തൊഴിലാളിയുടെയും കര്‍ഷക തൊഴിലാളിയുടെയും മാത്രമല്ല നാട്ടുകാര്യസ്ഥന്മാരുടേയും വീട്ടില്‍ ചെന്ന് അവിടെയുള്ള സൗകര്യങ്ങളോട് ഇണങ്ങിക്കഴിഞ്ഞുകൊണ്ട് അനുദിനപ്രവര്‍ത്തന പരിപാടികള്‍ സഖാവ് വിവരിക്കുന്നതു കേട്ടാല്‍ അവിടമെല്ലാം ഒന്നാംതരം തൊഴിലാളി-കര്‍ഷക സമരരംഗങ്ങളാണെന്നു തോന്നിപ്പോകുമെന്ന് ആര്‍ സുഗതന്‍ അനുസ്മരിച്ചിട്ടുണ്ട്.
അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ ചെറുകൂരയിലെ, ഉപ്പിടാത്ത പഴംകഞ്ഞിവെള്ളവും കീറപ്പായും മങ്ങിയ ചിമ്മിനിവിളക്കും എല്ലാം പി കൃഷ്ണപിള്ളയോളം കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു തൊഴിലാളി നേതാവ് വേറെ കാണുകയില്ല.
കോഴിക്കോട്ടും ഫറോക്കിലും കല്ലായിയിലുമെല്ലാം ആദ്യകാലത്ത് തൊഴിലാളി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കടവും പട്ടിണിയുമായി നടന്നു സഖാക്കളോടും ചേര്‍ന്നു പ്രവര്‍ത്തിച്ച കാലങ്ങളിലെ കഥകള്‍ പ്രസിദ്ധമാണ്. രാവിലത്തെ കാപ്പി ആരെങ്കിലും സൗജന്യമായി വാങ്ങിച്ചുകൊടുക്കുന്നതു കാത്തു നടക്കും. അതു കഴിഞ്ഞാല്‍ യൂണിയന്‍ പ്രവര്‍ത്തനം. ഉച്ചയ്ക്കുശേഷം ഊണു വാങ്ങിക്കൊടുക്കുന്ന ആളെ നോക്കി നടപ്പായി. അതുകഴിഞ്ഞാല്‍ പ്രക്ഷോഭണവും പ്രവര്‍ത്തനവും. കാല്‍നടയായും, പൊലീസിന്റേയും ഗുണ്ടകളുടേയും ഉപദ്രവങ്ങളെ നേരിട്ടും സഖാവ് ഇടതടവില്ലാതെ നടത്തിയ തൊഴിലാളി പ്രവര്‍ത്തനങ്ങളുടെ വിവരം ദീര്‍ഘമായ ഒരു ചരിത്രത്തിനു വകതരുന്നതാണ്.
അന്നത്തെ തൊഴിലാളി വോളന്റിയര്‍മാരായിരുന്ന പല പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും ഇതിനു സാക്ഷികളാണ്. പ്രയാസങ്ങളും കഷ്ടാനുഭവങ്ങളും സഖാവിന് കൂടുതല്‍ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിക്കുവാനുള്ള ആവേശമാണ് നല്‍കിയിട്ടുള്ളത്. ആരോടും എപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, തൊഴിലാളി യൂണിയന്‍, കര്‍ഷകസംഘം ഇവയെപ്പറ്റിയേ സഖാവിനു പറയാനുള്ളു.
ജാപ്പു വിരുദ്ധ പ്രവര്‍ത്തനകാലത്തും, ഭരണക്കൈമാറ്റകാലത്തും അതിനിടയ്ക്കുമെല്ലാം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും തൊഴിലാളി സംഘടനകളിലും അഭിപ്രായഭിന്നതകളും കുഴപ്പങ്ങളും തലപൊക്കിയപ്പോഴുമെല്ലാം പാര്‍ട്ടി ശത്രുക്കളെ ഞെട്ടിപ്പിക്കത്തക്ക വിധത്തില്‍ അവയെല്ലാം യോജിപ്പിച്ച് ഉറപ്പിച്ച സഖാവിന്റെ സംഘടനാപരമായ കഴിവും രാഷ്ട്രീയമായ കാഴ്ചപ്പാടിന്റെ വ്യക്തതയും തെളിഞ്ഞു കാണാമായിരുന്നു.
സഹപ്രവര്‍ത്തകരുടെ ഏതു ചെറിയ തെറ്റിനേയും നിര്‍ദാക്ഷിണ്യമായി വിമര്‍ശിച്ചു തള്ളാനും, അവരുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് നാശം തട്ടാതെ അവരെ താങ്ങി നിര്‍ത്താനും സഖാവ് കൃഷ്ണപിള്ള സമര്‍ത്ഥനായിരുന്നു.
തൊഴിലാളിയായി ജീവിച്ചു വളര്‍ന്ന ഒരാളുടെ അച്ചടക്കവും, സംസ്‌കാരവും തുറന്ന പെരുമാറ്റവും അത്രയേറെ വികസിച്ച ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കൃഷ്ണപിള്ളയില്‍ക്കൂടി കേരളീയര്‍ കണ്ടിരുന്നു.
സഖാവ് കൃഷ്ണപിള്ളയുടെ മരണംകൊണ്ട് കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്കുതന്നെ ഒരു മഹാനഷ്ടമാണ് സംഭവിച്ചത്. അതായത് വലിയവര്‍ക്കു മാത്രമല്ല പിഞ്ചുകുട്ടികള്‍ക്കുപോലും അദ്ദേഹത്തെ മറക്കാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ജനങ്ങളെല്ലാം അദ്ദേഹത്തിന് അത്രയും സ്‌നേഹം അര്‍പ്പിച്ചിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ആകെ മര്‍ദ്ദിതജനതയുടെ നേതാവായ അദ്ദേഹത്തെ നാം എന്നും സ്മരിക്കുക.
പി കൃഷ്ണപിള്ള ഉയര്‍ത്തിപ്പിടിച്ച കൊടിയുടെ മാനം കെടുത്താതെ തൊഴിലാളി വര്‍ഗത്തിന്റെ മഹനീയവും ചരിത്രപരവുമായ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്നവര്‍ക്കായി സമരം ചെയ്യാന്‍ നമുക്കെല്ലാം സഖാവ് കൃഷ്ണപിള്ളയുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ടു തുടര്‍ന്നു പ്രവര്‍ത്തിക്കാം.

 

Related News