Saturday
16 Dec 2017

വി ഡി സതീശന്‍ പൊലീസോ, പടയൊരുക്കം പോകുന്ന വഴി പാളയത്തില്‍ പട

By: Web Desk | Monday 6 November 2017 8:23 PM IST

കോഴിക്കോട്: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കണ്‍വീനര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി. യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് പറഞ്ഞ ജാഥാ കണ്‍വീനര്‍ വി ഡി സതീശന്‍ അടിച്ചേല്‍പ്പിക്കുന്ന കര്‍ശ്ശന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പലരും.
വി ഡി സതീശന്‍ പൊലീസ് ചമഞ്ഞ് പെരുമാറുകയാണെന്നാണ് ഇവരുടെ അഭിപ്രായം. യാത്രയില്‍ കളങ്കിതരുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യമുണ്ടാവാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം വി ഡി സതീശന്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരക്കാരില്‍ നിന്ന് പണം പിരിക്കരുതെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയതാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവര്‍, കുഴല്‍പ്പണ ഇടപാടുള്ളവര്‍, മദ്യവ്യാപാരികള്‍, വന്‍കിട കരാറുകാര്‍ എന്നിവരോടൊന്നും പണം വാങ്ങരുതെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് ഇത്തരക്കാരാണ് സാധാരണമായി പണം തരുന്നതെന്നും ഇത്തരം ആളുകളോട് പണം പിരിക്കാതെ എങ്ങിനെ പരിപാടി നല്ല രീതിയില്‍ നടത്താന്‍ കഴിയുമെന്നും അവര്‍ ചോദിക്കുന്നു. ഇടതുപാര്‍ട്ടികളെപ്പോലെ സാധാരണക്കാരായ ആളുകള്‍ പാര്‍ട്ടിയ്ക്ക് സംഭാവന നല്‍കില്ലെന്നും അത്തരത്തില്‍ പണപ്പിരിവ് നടത്തി കോണ്‍ഗ്രസിനോ യു ഡി എഫിനോ പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
ജാഥാ സ്വീകരണങ്ങള്‍ പൊലിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പണമില്ലാത്ത ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതാണ് ചോദ്യം. പാര്‍ട്ടി നേതൃത്വത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും മാത്രം പണപ്പിരിവ് നടത്തി ഇത്രവലിയ പരിപാടി നടത്താന്‍ സാധിക്കില്ലെന്നും വിശദീകരണമുണ്ട്.
വി ഡി സതീശന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് കോഴിക്കോട് ജില്ലയില്‍ പണപ്പിരിവ് പുരോഗമിക്കുന്നത്. പാര്‍ട്ടിയുടെ പേരിലുള്ള പിരിവിന് പുറമെ വീക്ഷണം പത്രത്തിന്റെ പേര് പറഞ്ഞും നേതാക്കള്‍ പിരിവ് നടത്തുന്നുണ്ട്. പത്രത്തിന്റെ സപ്ലിമെന്റിനാണെന്നും പറഞ്ഞാണ് ബാങ്കുകളിലും സൊസൈറ്റികളിലും മറ്റ് സ്ഥാപനങ്ങളിലും കയറിയുള്ള പിരിവ്. ഇക്കാര്യം വൈകിയാണ് വീക്ഷണത്തിലെ ജീവനക്കാര്‍ അറിയുന്നത്. പല സ്ഥാപനങ്ങളിലും പടയൊരുക്കത്തിന്റെ സപ്ലിമെന്റിന് പരസ്യം ചോദിച്ച് ചെല്ലുമ്പോള്‍ വീക്ഷണത്തിന് പണം കൊടുത്തല്ലോ എന്ന ചോദ്യമാണ് ഉയരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങളുടെ നേതാക്കള്‍ തന്നെ വീക്ഷണത്തിന്റെ പേരില്‍ പിരിവ് നടത്തുന്ന കാര്യം ജീവനക്കാര്‍ക്ക് വ്യക്തമായത്. വീക്ഷണത്തിന്റെ പേരിന് പുറമെ വീക്ഷണം പ്രവാസി കോണ്‍ഗ്രസ് എന്ന സംഘടനയുടെ പേരിലും പിരിവ് നടക്കുന്നുണ്ട്. ഇതേത് സംഘടനയാണ് എന്ന ചോദ്യമാണ് വീക്ഷണം ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വീക്ഷണം മാനേജ്‌മെന്റ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതിച്ഛായാ ഭയം കാരണമുള്ള വി ഡി സതീശന്റെ പ്രസ്താവനയൊന്നും ഗൗനിക്കാതെ ഇത്തരത്തില്‍ വ്യാപകമായ പണപ്പിരിവാണ് നടക്കുന്നത്. വലിയ തോതില്‍ പണം പിരിക്കുന്നുണ്ടെങ്കിലും പടയൊരുക്കത്തിനുള്ള സ്വീകരണങ്ങളെല്ലാം എല്ലാ കേന്ദ്രങ്ങളിലും ശുഷ്‌കമാണ്. ഇതിനിടെ മുക്കത്ത് സന്ദര്‍ശനം നടത്തിയ ചെന്നിത്തല ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരം ഏറ്റെടുക്കാന്‍ യു ഡി എഫ് തല്‍ക്കാലം ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.