Sunday
17 Dec 2017

തരിശ് പാടത്ത് നെല്‍കൃഷിയുമായി പ്രവാസി കൂട്ടായ്മ

By: Web Desk | Monday 28 August 2017 8:18 PM IST

മാനന്തവാടി:

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയ പ്രവാസികള്‍ ചേര്‍ന്ന് നെല്‍കൃഷി പ്രോത്സഹാനത്തിന്റെ ഭാഗമായി നടത്തിയ കമ്പളനാട്ടി ഒരു നാട്ടിന്റെ ഉത്സവമായി മാറി. മാനന്തവാടി നഗരസഭ പരിധിയിലെ പത്ത് പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കബനി ഓര്‍ഗാനിക്ക് ഫാം റിസോട്ടി ന്റെ നേതൃത്വത്തില്‍ പയ്യമ്പള്ളി മു ട്രക്കൊല്ലി പുളിക്കല്‍ പാടത്താണ് കൃഷി ചെയ്യുന്നത്. ഏഴ് വര്‍ഷമായി തരിശായി കിടക്കുന്ന എട്ടര ഏക്കര്‍ വയലിലാണ് കൃഷി ചെയ്തത്.ഇതില്‍ രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിന് എടുത്തതും ബാക്കി പ്രവാസി ഗ്രൂപ്പിന്റേതുമാണ്. ദേശീയ വിത്ത് കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ആതിര, ഗന്ധകശാല, വൈശാഖ്,പൊന്നി നെല്‍വിത്തുകളാണ് കൃഷി ചെയ്തത്.പാരമ്പര്യനെല്‍വിത്ത് സംരക്ഷകനായ ചെറു വയല്‍ രാമന്റെ ഉപദേശപ്രകാരമാണ് കൃഷി ചെയ്യുന്നത്. പ്രവാസികളായ സി.എ.തോമസ് ചിറക്കല്‍ (ബാബു), ബിനു ജോര്‍ജ്, രാജേഷ് ജോര്‍ജ്, സാബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. അരി പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നല്‍കും. ഗുണമേന്മയുള്ളതെന്ന് കണ്ടെത്തിയാല്‍ ബ്രാന്റ് ചെയ്ത് വില്‍ക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. ജൈവ പച്ചക്കറി കൃഷി ചെയ്യാനും ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കമ്പള നാട്ടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്.ഞാറ് നട്ട് ഉല്‍ഘാടനം ചെയ്തു.ചെറുവയല്‍ രാമന്‍ മുഖ്യാഥിതിയായിരുന്നു.നഗരസഭ കൗണ്‍സിലര്‍മാരായ ഷീജ ഫ്രാന്‍സിസ്, മഞ്ജുള അശോകന്‍, ശോഭന യോഗി ,പാടശേഖര പ്രതിനിധികളായ പി.വി.സുരേന്ദ്രന്‍, കമ്മനമോഹനന്‍എന്നിവര്‍ സംസാരിച്ചു.അറുപത്തി അഞ്ച് സ്ത്രീകളും പതിനഞ്ച് പുരുഷന്‍മാരും ചേര്‍ന്ന് ഒരു ദിവസം കൊണ്ടു തന്നെ നാട്ടി പൂര്‍ത്തിയാക്കി. കമ്പള നാട്ടിവീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.

 

Related News