Sunday
18 Feb 2018

മേഘങ്ങളുടെ കൂട്ടുകാരിക്ക് സാരിയുടെ കൂട്ടിൽ പുതിയ റെക്കോർഡ്

By: Web Desk | Tuesday 13 February 2018 3:51 PM IST

സാഹസികത നിറഞ്ഞ കായിക അഭ്യാസങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ലെന്ന ധാരണ ശക്തമായി നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടെത്. എന്നാല്‍ ഈ ധാരണകള്‍ക്കു മേല്‍ ഡൈവിംഗ് നടത്തി റെക്കോർഡ് നേടിയ ശീതൾ മഹാജൻ റാണ പുതിയ റെക്കോർഡ് നേടാൻ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. സാരിയെ ഏറെ സ്നേഹിക്കുന്ന ശീതൾ സാരിയുടുത്തുകൊണ്ടാണ് പുതിയ റെക്കോർഡ് നേടിയത്.
സാരി ഉടുത്ത് ശീതൾ 13,000 അടിയിൽ നിന്നാണ് ഡൈവിംഗ് നടത്തിയത്.

പത്മശ്രീ അവാർഡു ജേതാവ് കൂടിയാണ് ശീതൾ.

ഫെബ്രുവരി 11, തായ്‌ലൻഡിലെ ഡൈവിംഗ് സെന്ററിൽ നിന്നാണ് മഹാരാഷ്ട്രയുടെ പരമ്പരാഗത വസ്ത്രമായ നൗവാരി സാരി ഉടുത്തുകൊണ്ടു 13000 അടി ഉയർച്ചയിൽ നിന്നും ചാടി ശീതളിന്റെ പുതിയ നേട്ടം.

സമൂഹത്തിനും എന്റെ നാടായ പൂനയ്ക്കും വേണ്ടി എന്തെങ്കിലും വ്യത്യസ്‍തമായി ചെയ്യണമെന്നുണ്ടായിരുന്നതായി ശീതൾ പറയുന്നു. വളരെ സാഹസികത നിറഞ്ഞ ഒന്നാണ് സ്കൈ ഡൈവിംഗ്. അതിൽ ഡ്രസ്സിങ് കോഡ്  വളരെ പ്രധാനപ്പെട്ട ഒന്നാണ്. അപ്പോഴാണ് സാരിയിൽ സ്കൈ ഡൈവിംഗ് നടത്തി ശീതൾ പുതിയ നേട്ടം കൈവരിച്ചത് . റെക്കോർഡിടാനായി ശീതൾ അനവധിതവണയാണ് പരിശീലനം നടത്തിയത്.

അഞ്ച് ലോക റെക്കോഡുകള്‍ക്കൊപ്പം പതിനാലു ദേശീയ റെക്കോഡുകളും ശീതളിന്റെ പേരിലുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പാരച്യൂട്ട് അസോസിയേഷന്റെ എ, ബി, സി, ഡി ലൈസന്‍സുകളും ശീതളിനു ലഭിച്ചിട്ടുണ്ട്.

ഫിന്‍ലന്‍ഡില്‍ സോഫ്റ്റ് വെയര്‍ എഞ്ജിനീയറായ വൈഭവ് റാണെയെയാണ് ശീതള്‍ വിവാഹം കഴിച്ചിരിക്കുന്നത്.ഇവരുടെ വിവാഹത്തിനുമുണ്ടായിരുന്നു ഒരു ”സ്‌കൈ ടച്ച്”. അറുനൂറ് അടി ഉയരത്തില്‍ ഹോട്ട് എയര്‍ ബലൂണില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

സ്‌കൈ ഡൈവിങ് താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഫീനിക്‌സ് സ്‌കൈ ഡൈവിങ് എന്ന പരിശീലന കേന്ദ്രവും ശീതള്‍ നടത്തുന്നുണ്ട്.

 

Related News