Friday
25 May 2018

ആനറാഞ്ചി

By: Web Desk | Monday 5 February 2018 10:22 PM IST

രാജേഷ് രാജേന്ദ്രന്‍

കേരളത്തിലെ നെല്‍പാടങ്ങള്‍, കായലോര പ്രദേശങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും കാണപ്പെടുന്ന പക്ഷിയാണ് ആനറാഞ്ചി അഥവാ ബ്ലാക്ക് ട്രോങ്കോ. മനുഷ്യവാസമേഖലകളിലും ഭയരഹിതരായി ഇവയെ കാണാന്‍ സാധിക്കും.ആണ്‍കിളിയുടെ തൂവലിനു തിളക്കമുള്ള കറുപ്പും വാലറ്റം ഇരുവശത്തേക്കും ഇംഗ്ലീഷ് അക്ഷരത്തിലെ വി-ആകൃതിയിലും നീണ്ടതായും കാണപ്പെടുന്നു. പെണ്‍കിളികള്‍ക്ക് നീളമുള്ള വാലുകളായിരിക്കും. ആണ്‍പെണ്‍ പക്ഷികളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഇവയോട് സാമ്യമുള്ള കാക്കത്തമ്പുരാന്‍, ലളിതകാക്ക എന്നിവയെ കണ്ണിലെ നിറം, നെഞ്ചിന്റെ നിറവ്യത്യാസം വലിപ്പം എന്നിങ്ങനെയുള്ളകാര്യയങ്ങളിലെ സൂക്ഷ്മനിരീക്ഷണത്തിലുടെ വളരെ വേഗത്തില്‍ മറ്റുള്ളവയില്‍ നിന്നും തിരിച്ചറിയാനാകും. ഈ പക്ഷികള്‍ക്കുള്ള മറ്റൊരു പ്രത്യേകത ഇമ്പമുളള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതോടൊപ്പം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും മിടുക്കരാണ് ആനറാഞ്ചികള്‍ എന്നതാണ്. വനത്തിനുള്ളില്‍ ഇവയെ കാണാന്‍ കഴിയില്ല.എങ്കിലും വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്നു. തുറസായ സ്ഥലങ്ങളിലിരുന്ന് അതുവഴിപറക്കുന്ന പ്രാണികള്‍, തുമ്പി, നിലത്തുള്ള പുഴുക്കള്‍ എന്നിവയാണ് പ്രധാന ആഹാരം.ചില അവസരങ്ങളില്‍ മറ്റു ചെറിയ കിളികളെ ആക്രമിച്ച് അവരുടെ ഭക്ഷണം തട്ടിയെടുക്കാനും വിരുതന്‍മാരാണിവര്‍.വളരെ വിരളമായി മറ്റ് പക്ഷികളുടെ കുഞ്ഞുങ്ങളേയും മുട്ടകളും ഭക്ഷണമാക്കാറുണ്ട്. ചെടികളുടേയും വൃക്ഷങ്ങളുടേയും പൂക്കാലത്ത് തേന്‍ തേടിയെത്തുന്ന പ്രാണികളെ കൊക്കിലൊതുക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ് പ്രജനനകാലം. മാറിവരുന്ന കാലാവസ്ഥ വ്യതിയാനം പ്രജനനകാലത്തിന് നേരിയ മാറ്റം വന്നിട്ടുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.നാല് മുതല്‍ പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വൃക്ഷചില്ലകളിലാണ് ആനറാഞ്ചികള്‍ കൂടുകൂട്ടുന്നത്. കപ്പിന്റെ ആകൃതിയിലുള്ള കൂടുകള്‍ നേര്‍ത്ത കമ്പുകളും, നാരുകളും എട്ടുകാലിയുടെ വല ഉപയോഗിച്ച് കോര്‍ത്തിണക്കിയാണ് നിര്‍മ്മിക്കുന്നത്.കൂടുകളില്‍ മൂന്നുമുതല്‍ അഞ്ചുവരെ മുട്ടകളുണ്ടാവും. കൂടൊരുക്കുന്നതും, അടയിരിക്കുന്നതും, കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടുന്നതും, കൂട് സംരക്ഷിക്കുന്നതും ഇണകള്‍ ഒരുമിച്ചായിരിക്കും.തങ്ങള്‍ക്ക് ദോഷകരമാകാത്ത മറ്റ് പക്ഷിക്കൂടിനടുത്തും കൂടൊരുക്കി സംരക്ഷണം ഉറപ്പാക്കുന്ന കൗശലതന്ത്രങ്ങളും ഇവയ്ക്കുണ്ട്.സ്വന്തം ശരീരവലിപ്പത്തിന്റെ പലമടങ്ങ് വലിപ്പമുള്ള പക്ഷികളോട് നേര്‍ക്കു നേര്‍ പോരാടാന്‍ ധൈര്യം കാണിക്കുന്ന പക്ഷി ആയതിനാല്‍ അതിശയോക്തി മുന്‍നിര്‍ത്തി ആനറാഞ്ചി എന്ന പേര് വിളിക്കുന്നു.

Mob.9446374599 (E-mail-([email protected])