Thursday
24 Jan 2019

പക്ഷി പരിചയം

By: Web Desk | Monday 7 May 2018 10:41 PM IST

ലളിത (ആണ്‍പക്ഷി) നെല്ലിയാംപതിയില്‍ നിന്നും. പെണ്‍പക്ഷി (തട്ടേക്കാട് നിന്ന്) 

 

രാജേഷ് രാജേന്ദ്രന്‍

ലളിത (Asian fairy blue bird)
ശാസ്ത്രീയനാമം Irena puella

കേരളത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്ന പക്ഷിയാണ് ലളിത. വളരെ ആകര്‍ഷണീയമായ നിറവൈവിധ്യമുള്ള ഒന്നാണിവ. ആണ്‍-പെണ്‍ പക്ഷികള്‍ പ്രകടമായ നിറവ്യത്യാസമുള്ളവയാണ്. ആണ്‍പക്ഷിയുടെ തലയും നെഞ്ചും വയറും തിളക്കമുള്ള കറുപ്പ് നിറമായിരിക്കും. തലയുടെ മുകളില്‍ നിന്നും പിന്നോട്ടും അല്‍പം താഴെയും തിളക്കമാര്‍ന്ന ആകാശനീലനിറമായിരിക്കും. വാലിന്റെ മുകള്‍ഭാഗവും നീലനിറമായിരിക്കും. ചിറകുകളിലും കറുപ്പ് നിറം പ്രകടമായിരിക്കും. എന്നാല്‍ പെണ്‍പക്ഷികളാകട്ടെ ശരീരമാസകലം മങ്ങിയ കടുംനീലനിറമായിരിക്കും. ചിറകുകളില്‍ നേരിയ കറുപ്പ് നിറവും വാലിന്റെ അടിഭാഗം കറുപ്പ് നിറവുമായിരിക്കും. ആണ്‍-പെണ്‍ പക്ഷികള്‍ക്ക് ചുവന്ന കണ്ണുകളും കറുത്ത കൊക്കുകളുമായിരിക്കും. ആണ്‍-പെണ്‍ പക്ഷികള്‍ വളരെ മൃദുലമായതും ഉച്ചത്തിലുള്ളതുമായ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. പേരുപോലെതന്നെ വളരെ ലളിതമായ ജീവിതരീതിയാണ് ഈ പക്ഷി അനുവര്‍ത്തിച്ചുവരുന്നത്. സമാധാന സ്വഭാവമുള്ളവയാണ് എങ്കിലും ആഹാരം തേടുന്ന നേരങ്ങളില്‍ ചിലപ്പോള്‍ ആക്രമകാരികളാകാറുണ്ട്. അന്തരീക്ഷത്തില്‍ പറക്കുന്ന പ്രാണികളെ റാഞ്ചി കൊക്കുകളിലൊതുക്കാന്‍ ഇവര്‍ വിരുതരാണ്. വളരെ വേഗത്തിലാകും ഇവ പ്രാണികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നത്. പ്രാണികള്‍ക്ക് പുറമെ തേനും പഴവര്‍ഗങ്ങളും ഇവയുടെ ഇഷ്ടാഹാരങ്ങളില്‍പ്പെടുന്നവയാണ്. ഈര്‍പ്പമുള്ള വൃക്ഷക്കാടുകളിലെ ഉയരം കുറഞ്ഞ കൊമ്പുകളില്‍ വേരുകളും ഉണങ്ങിയ ചെറുകമ്പുകളും ചേര്‍ത്ത് കപ്പിന്റെ ആകൃതിയിലാണ് കൂടൊരുക്കുന്നത്. സാധാരണയായി മൂന്ന് ഇളം പച്ചനിറം കലര്‍ന്ന വെള്ളിനിറത്തിലുള്ള മുട്ടകളാണ് കൂട്ടില്‍ ഉണ്ടാകുന്നത്. മുകളില്‍ കടും തവിട്ട് നിറത്തിലുള്ള പുള്ളികള്‍ ഉണ്ടാകും. കോഴിമുട്ടയുടെ ആകൃതിയിലുള്ളവയാണ് മുട്ടകള്‍.

അങ്ങാടിക്കുരുവി തിരുവനന്തപുരം കണ്ണിമാറാ മാര്‍ക്കറ്റില്‍ നിന്ന്‌

അങ്ങാടിക്കുരുവി Hosue sparrow
ശാസ്ത്രീയനാമം (Passer domesticus)

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. മനുഷ്യവാസമുള്ള എല്ലായിടത്തും ഈ കുരുവിയെ കണ്ടുവരുന്നു. പെണ്‍കിളിക്ക് മണ്ണിന്റെ ഇളം തവിട്ടുനിറമായിരിക്കും. മുകള്‍ഭാഗത്ത് കറുപ്പുനിറത്തിലും മങ്ങിയ മഞ്ഞനിറത്തിലും അടയാളങ്ങള്‍ ഉണ്ടാകും. അടിഭാഗത്തിന് മങ്ങിയ വെള്ളനിറവും. ആണ്‍പക്ഷിക്ക് അടിഭാഗം വെള്ളകലര്‍ന്ന ചാരനിറവും മുകള്‍ഭാഗം കടുത്ത തവിട്ട് നിറവുമായിരിക്കും. ചിറകുകളില്‍ കറുത്ത വരകളും ചെറിയ വെള്ള പാടും പ്രകടമായിരിക്കും. കൊക്കിനു താഴേയ്ക്കും കണ്ണിലേയും വ്യാപിപ്പിക്കുന്ന കറുപ്പ് നിറവും കണ്ണില്‍ നിന്നും പുറകിലേക്ക് വ്യാപിക്കുന്ന കടുത്ത തവിട്ട് നിറവുമുണ്ടാകും. കുന്നിന്‍പ്രദേശങ്ങളിലും കൃഷിയിടത്തും നഗരത്തിന്റെ തിരക്കേറിയ പ്രദേശങ്ങളിലാകെയും മനുഷ്യരോട് അടുത്ത് ഇവ കാണപ്പെടുന്നു. നഗരത്തിലെ അരിക്കടകളിലെ ചാക്കുകളില്‍ ചെറിയ ദ്വാരമുണ്ടാക്കി ധാന്യം കട്ടെടുക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. പഴമക്കാര്‍ പറയുന്നതുപോലെ ‘കാഴ്ചയില്‍ കുരുവിയോളെങ്കിലും തീറ്റ ഒരു പറ’ എന്നു പറയുന്നതുപോലെ എത്ര കഴിച്ചാലും മതിവരാത്ത ഇനമാണ് അങ്ങാടിക്കുരുവികള്‍. മഞ്ഞുകാലങ്ങളില്‍ ഇവ സംഘം ചേര്‍ന്ന് കൃഷിയിടങ്ങള്‍ക്ക് ചുറ്റും ആഹാരം തേടിയെത്തും. വിത്തുകളും നിലത്ത് പൊഴിഞ്ഞുവീഴുന്ന ധാന്യങ്ങളുമൊക്കെയാണ് പ്രധാന ആഹാരം. കര്‍ഷകര്‍ക്ക് ഏറെ ദോഷമുണ്ടാക്കുന്ന പ്രവൃത്തികളാണ് അങ്ങാടിക്കുരുവികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ തീറ്റയാക്കി അങ്ങാടിക്കുരുവികള്‍ കര്‍ഷകര്‍ക്ക് ചില അവസരങ്ങളിലെങ്കിലും ഉപകാരികളാകുന്നു. വിളയെ രക്ഷിച്ച് വിളതന്നെ ഭക്ഷണമാക്കുന്നു എന്ന സവിശേഷത അങ്ങാടിക്കുരുവികള്‍ക്ക് മാത്രമായിരിക്കും. സൗകര്യപ്രദമായ ഏതൊരിടത്തും അങ്ങാടിക്കുരുവിയും കൂടൊരുക്കാറുണ്ട്. വിശ്രമവേളകളില്‍ ഇവ ഒരു ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഇത് ചിലപ്പോള്‍ അന്തിയോളം കേള്‍ക്കാന്‍ കഴിയും. ഉണങ്ങിയ ഇലകള്‍, ചപ്പ്ചിപ്പുകള്‍ മുതലായവ കുത്തിനിറച്ച് വൃത്തിയില്ലാത്തതാണ് അങ്ങാടിക്കുരുവികളുടെ കൂട്. പച്ചകലര്‍ന്ന വെള്ള നിറത്തിലുള്ള നാല് മുതല്‍ ഏഴുവരെ മുട്ടകള്‍ ഉണ്ടാകാറുണ്ട്. മുട്ടയില്‍ തവിട്ട് നിറത്തിലുള്ള ക്രമമല്ലാത്ത അടയാളങ്ങള്‍ ഉണ്ടാകും. കുഞ്ഞുങ്ങളുടെ സംരക്ഷണവും തീറ്റതേടലും ഇണപ്പക്ഷികള്‍ ഒരുമിച്ചാണ്.