Sunday
19 Aug 2018

മധേഷ്യന്‍ സമാധാന ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് പലസ്തീന്‍

By: Web Desk | Wednesday 21 February 2018 10:05 PM IST

വാഷിങ്ടണ്‍:

ഇസ്രയേലുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധേഷ്യന്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പലസ്തീന്‍. ഈ വര്‍ഷം പകുതിയോടെ സമാധാന സമ്മേളനം പുനരാരംഭിക്കാമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു. ഒന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാനുള്ള അമേരിക്കന്‍ നീക്കത്തെയും പലസ്തീന്‍ തള്ളി. ജനങ്ങള്‍ക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും, 2018 ന്റെ മധ്യത്തോടെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇതിനായി പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അബ്ബാസ് വ്യക്തമാക്കി.
നിയമത്തിന് മേല്‍ ഭരണകൂടം എന്ന നിലയിലാണ് ഇസ്രേയല്‍ പ്രവര്‍ത്തിക്കുന്നതെന്നും വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ അനധികൃത കുടിയേറ്റവും സൈനിക സാന്നിധ്യവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അബ്ബാസ് വിമര്‍ശിച്ചു.

ദേശീയമായോ അന്തര്‍ദേശീയമായോ ഉള്ള പ്രശ്‌നങ്ങള്‍ ഇക്കാലത്ത് മറ്റ് രാജ്യങ്ങളുടെ ഇടപെടലില്ലാതെ പരിഹരിക്കല്‍ സാധ്യമല്ലെന്നും അബ്ബാസ് പറഞ്ഞു. പലസ്തീന്‍, ഇസ്രയേല്‍, യുഎന്‍ സെക്യൂരിറ്റ് കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയായിരിക്കും കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക. യുഎന്നിലെ പലസ്തീന്റെ അംഗത്വം സംബന്ധിച്ചും കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യുമെന്ന് അബ്ബാസ് വ്യക്തമാക്കി.

അമേരിക്കയില്‍ നിന്നും സഹായം ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പലസ്തീന്‍ അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ട്രംപ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പലസ്തീനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ പ്രദേശങ്ങള്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് പലസ്തീന്‍ ആവശ്യപ്പെടുന്നത്.

 

Photo Courtesy: AP