Monday
28 May 2018

ഗാസയിലെ ദുഖത്തിനിടെ വീണ്ടും ഇസ്രായേൽ കൊലപാതകം

By: Web Desk | Wednesday 16 May 2018 9:08 PM IST

ഇസ്രായേൽ കണ്ണീർ  വാതകമേറ്റ പലസ്തീൻ സ്ത്രീയെ പരിചരിക്കുന്നു, അറുപതു പേർ മരിക്കുകയും 2700 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ഗാസ: ഗാസയിൽ വെടിയേറ്റു മരിച്ച അറുപതു പലസ്തീനികളുടെ ശവസംസ്‌കാരം നടക്കുന്നതിനിടെ വീണ്ടും ഇസ്രായേല്‍ സൈന്യം രണ്ട് പാലസ്തീന്‍കാരെക്കൂടി വെടിവെച്ചു കൊന്നു. തിങ്കളാഴ്ചത്തെ രക്തരൂക്ഷിതമായ ഇസ്രായേല്‍ ആക്രമണത്തില്‍ ദുഖാചരണം നടത്തുകയായിരുന്നു അവര്‍. എട്ടുമാസം പ്രായമുള്ള ലൈലാ അല്‍ ഘാണ്ടറിന്റെ ശവസംസ്‌കാരത്തിന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ലൈലയുടെ ശരീരം പാലസ്തീന്‍ പതാകയില്‍ പൊതിഞ്ഞിരുന്നു. കണ്ണീര്‍ വാതകം ശ്വസിച്ചാണ് കുട്ടി മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഗാസയിലെ ആശുപത്രികൾ പരിക്കേറ്റവരെയും ബന്ധുക്കളെയും  കൊണ്ട് നിറഞ്ഞു. ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ തടയാന്‍ ഇസ്രായേല്‍ ടാങ്കുകളും അണിനിരത്തി.

പ്രതിഷേധം ആരംഭിച്ചതിന് ശേഷം 107 ഗാസാ നിവാസികള്‍ കൊല്ലപ്പെട്ടതായും 11,000പേര്‍ക്ക് പരിക്ക് പറ്റിയതായും അവരില്‍ 3500പേര്‍ വെടിയേറ്റിട്ടും ജീവിക്കുകയാണെന്നും പാലസ്തീന്‍ ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ അധികൃതര്‍ ഈ കണക്കുകളെ തള്ളുന്നു.