Saturday
17 Nov 2018

പണ്ഡിതന്‍ തോറ്റു

By: Web Desk | Sunday 4 November 2018 8:39 AM IST

ബാലയുഗം

സന്തോഷ് പ്രിയന്‍

ചെമ്പാപുരി രാജ്യത്തെ കൊട്ടാരത്തില്‍ ഒരിയ്ക്കല്‍ ഒരു പണ്ഡിതന്‍ എത്തി, സിദ്ധിപരമന്‍. മഹാ അഹങ്കാരിയായിരുന്നു സിദ്ധിപരമന്‍. താനാണ് ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനി എന്നാണ് പണ്ഡിതന്റെ വിചാരം.
രാജാവിനെ മുഖം കാണിച്ചിട്ട് സിദ്ധിപരമന്‍ പറഞ്ഞു.
‘പ്രഭോ, അറിവിന്റെ കാര്യത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ഈ രാജ്യത്ത് ആരുമുണ്ടാവില്ലെന്ന് തോന്നുന്നു. ഇനി ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു. അങ്ങ് ഉടന്‍ ഈ രാജ്യത്തെ എല്ലാ പണ്ഡിതന്മാരേയും വിളിച്ച് ഞാനുമായി ഒരു സംവാദം നടത്തണം.’
പണ്ഡിതന്‍ മഹാ അഹങ്കാരിയാണെന്ന് രാജാവിനു മനസിലായി. പക്ഷേ വെല്ലുവിളിച്ച സ്ഥിതിക്ക് സംവാദം നടത്താന്‍ തയാറായില്ലെങ്കില്‍ ആകെ നാണക്കേടാണല്ലോ. അത് ഓര്‍ത്ത് രാജാവ് ഉടന്‍ വിളംബരം പുറപ്പെടുവിച്ച് രാജ്യത്തെ എല്ലാ പണ്ഡിതന്മാരേയും കൊട്ടാരത്തിലേക്ക് വരുത്തി. എന്നാല്‍ ആര്‍ക്കും സിദ്ധിപരമനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
‘ഹഹഹ….ഈ രാജ്യത്ത് എന്നോളം ബുദ്ധി ആര്‍ക്കുമില്ല. ഹി..ഹി…ഹി വിഡ്ഢി കുശ്മാണ്ഡങ്ങളാണെല്ലാം.’ സിദ്ധിപരമന്‍ പരിഹസിക്കാന്‍ തുടങ്ങി.
ഒടുവില്‍ പോകാന്‍ നേരം എല്ലാവര്‍ക്കും ഒരു ഉപദേശം നല്‍കി പ്രഭാഷണം നടത്താന്‍ സിദ്ധിപരമന്‍ തീരുമാനിച്ചു.
‘പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്കുവേണ്ടി ബുദ്ധിമാനായ ഞാന്‍ കുറേ ഉപദേശങ്ങള്‍ നല്‍കാം. നിങ്ങളുടെ ജീവിതത്തില്‍ അത് പ്രയോജനം ചെയ്യും.’
സിദ്ധിപരമന്‍ ഉപദേശം നല്‍കാന്‍ തുടങ്ങി. എല്ലാവരും അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
‘പ്രിയപ്പെട്ടവരേ, നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്താണെന്ന് അറിയാമോ?’
അതുകേട്ട് ആരും ഒന്നും മിണ്ടിയില്ല. അപ്പോള്‍ സിദ്ധിപരമന്‍ തുടര്‍ന്നു. ‘ശ്ശെ, ശ്ശെ നാണക്കേട് തന്നെ. ആര്‍ക്കും അറിയില്ല മോശം മോശം. ക്ഷമ ഇല്ലായ്മയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ക്ഷമ ഉണ്ടെങ്കില്‍ മനുഷ്യന് ഒരു പ്രശ്‌നവും ഉണ്ടാവില്ല. ഈ എന്നെ തന്നെ നിങ്ങള്‍ കണ്ടുപഠിക്കൂ. എന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണം ക്ഷമയാണ്. ഏത് പ്രതികൂല അവസ്ഥയിലും ഞാന്‍ ക്ഷമ കൈവിടില്ല.’
അപ്പോള്‍ എല്ലാവര്‍ക്കും അദ്ദേഹത്തോട് വലിയ മതിപ്പ് തോന്നി. സിദ്ധിപരമന്‍ അടുത്ത ഉപദേശത്തിലേക്ക് കടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് സദസ്യര്‍ക്കിടിയില്‍ നിന്നും ഒരു ശബ്ദം ഉയര്‍ന്നത്.
‘അയാളെ വിടരുത്, ഇത് കള്ള സിദ്ധനാണ്.’
എല്ലാവരും തിരിഞ്ഞു നോക്കി. ദാമു എന്ന യുവാവായിരുന്നു അത്. ദാമു മുന്നോട്ട് വന്ന് സിദ്ധിപരമന്റെ അടുത്തെത്തി. എന്നിട്ട് പണ്ഡിതന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി പറഞ്ഞു.
‘ഹേയ്, നിങ്ങള്‍ ശരിക്കും പണ്ഡിതനാണോ? അല്ല എന്നാണ് ഞാന്‍ പറയുന്നത്.’
‘താന്‍ എന്താണ് പറയുന്നത്? ഞാന്‍ വ്യാജനാണെന്നോ?’
‘അതെ, താങ്കള്‍ പണ്ഡിതനുമല്ല ഒരു ചുക്കുമല്ല. ഞങ്ങളുടെ രാജ്യത്തെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു കള്ളനാണ്.’
‘അനാവശ്യം പറയരുത്.’
‘പറയും പറയും പറയും.’ ദാമുവും വിട്ടുകൊടുത്തില്ല.
‘ഒരു വലിയ പണ്ഡിതനായ എന്നെ നീ അധിക്ഷേപിക്കുന്നു അല്ലേ? ധിക്കാരീ, നിന്നെ ഞാന്‍ വെറുതേ വിടൂല്ല. നിന്നെ ഞാന്‍ കാണിച്ചുതരാമെടാ’ പണ്ഡിതന്‍ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു.
അപ്പോള്‍ ദാമു പറഞ്ഞു. ‘ഹേയ് പണ്ഡിതാ, താങ്കളെ ഞാന്‍ പരീക്ഷിക്കുകയായിരുന്നു. അല്‍പം മുമ്പല്ലേ താങ്കള്‍ പറഞ്ഞത് ഏത് സന്ദര്‍ഭത്തിലും ദേഷ്യപ്പെടരുതെന്ന്. എന്നിട്ട് അങ്ങ് ദേഷ്യത്തോടെ എന്നെ പ്രതിരോധിക്കാന്‍ ചാടി എഴുന്നേറ്റു. ഉപദേശം തന്ന അങ്ങേക്കുതന്നെ അത് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അങ്ങ് പിന്നെന്തിന് ഈ വേഷവും കെട്ടി നടക്കുന്നു?’ അപ്പോഴാണ് സിദ്ധിപരമന് അബദ്ധം മനസിലായത്. പണ്ഡിതന്‍ നാണംകെട്ട് തലകുനിച്ചു പുറത്തേക്കു നടന്നു. അതുകണ്ട് ആളുകള്‍ കൂകിവിളിച്ചു. അങ്ങനെ അഹങ്കാരിയായ സിദ്ധിപരമന്‍ ഒരു പാഠം പഠിച്ചു. രാജ്യത്തെ നാണക്കേടില്‍ നിന്നും രക്ഷിച്ച ദാമുവിന് രാജാവ് കൈനിറയെ സമ്മാനങ്ങളും നല്‍കി.