Friday
14 Dec 2018

ഉമ്മന്‍ ചാണ്ടിയും കൂട്ടരും കേരള മഹിമയ്ക്ക് കളങ്കം ചാര്‍ത്തി:പന്ന്യന്‍

By: Web Desk | Sunday 26 November 2017 10:24 PM IST

തൃപ്പൂണിത്തുറ : ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെട്ട കേരളത്തിന്റെ മാതൃകയും മഹിമയും ഉമ്മന്‍ചാണ്ടിയും കൂട്ടരും സോളാര്‍ ഇടപാടിലൂടെ തകര്‍ത്തുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
സോളാര്‍ അഴിമതി കുറ്റക്കാര്‍ പൊതുരംഗത്തെ പദവികള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെത്തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ തല്‍സ്ഥാനങ്ങള്‍ രാജി വയ്‌ക്കേണ്ടതിന് പകരം റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് തടിതപ്പുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഭരണാഭാസമാണ് നടന്നത്. സോളാര്‍ കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാനാണ് രമേശ് ചെന്നിത്തല പടയൊരുക്കം നടത്തുന്നത്. ജന ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ചെന്നിത്തലയ്ക്ക് ഭയമാണ്. പ്രതിപക്ഷം ദിശ മാറിയ മുന്നണിയായി മാറി. കേരളത്തിന്റെ സാംസ്‌കാരിക തനിമയെ നശിപ്പിച്ച സോളാര്‍ ഇടപാട് ചരിത്രത്തിലെ കറുത്തപാടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.തൃപ്പൂണിത്തുറ എരൂര്‍ ഷാരിപ്പടിയില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എന്‍ മോഹനന്‍ അധ്യക്ഷനായി.
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, എന്‍സിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുള്‍ അസീസ്, ടി വി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു,സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ മണിശങ്കര്‍, എം സി സുരേന്ദ്രന്‍, എല്‍ഡിഎഫ് നേതാക്കളായ വി ജി രവീന്ദ്രന്‍, അഡ്വ. വര്‍ഗീസ് മൂലന്‍, മനോജ് പെരുമ്പിള്ളി, സി എന്‍ സുന്ദരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പി വി ചന്ദ്രബോസ് സ്വാഗതവും പി വാസുദേവന്‍ നന്ദിയും പറഞ്ഞു.

 

Related News