Tuesday
20 Nov 2018

‘പടയൊരുക്ക’ത്തിനെതിരെ പാരഡൈസ് പേപ്പേഴ്‌സ്

By: Web Desk | Monday 6 November 2017 7:52 PM IST

വയലാർ രവിയുടെ  മകൻ  രവി കൃഷ്ണനും സമ്പാദ്യം 

കോഴിക്കോട്: പാരഡൈസ് പേപ്പേഴ്‌സ് വെളിപ്പെടുത്തലിൽ വയലാർ രവി ഉൾപ്പെടെ സമുന്നത കോൺഗ്രസ് നേതാക്കളുടെ പേരും പരാമർശിക്കപ്പെട്ടതോടെ രമേശ് ചെന്നിത്തല നേതൃത്വം കൊടുക്കുന്ന ‘പടയൊരുക്കം’ വീണ്ടും പരുങ്ങലിലായി.

വയലാർ രവി യു പി എ മന്ത്രിസഭയിൽ പ്രവാസികാര്യ മന്ത്രിയായിരിക്കെ മകൻ രവി കൃഷ്ണൻ, രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗലോട്ട് , ധനമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, മുൻ കേന്ദ്ര മന്ത്രി സച്ചിൻ പൈലറ്റ് എന്നിവർ സിക്വിറ്റ്‌സ എന്ന കമ്പനി വഴി ധന നിക്ഷേപം നടത്തിയെന്നാണ് പാരഡൈസ് പേപ്പറുകൾ വ്യക്തമാക്കുന്നത്. ആപ്പിൾ ബൈ എന്ന ഇടനില സ്ഥാപനം 2008 ൽ മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് എന്ന കമ്പനിയാണ് സിക്വിറ്റ്‌സയിലേക്ക് പണം എത്തിച്ചത്.

യു പി എ മന്ത്രിസഭയിലെ കോർപ്പറേറ്റ് കാര്യ മന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലിയുടെ മകൻ ഹർഷ സഥാപിച്ച കമ്പനിയിൽ മൗറീഷ്യസ് ആസ്ഥാനമായ യുണൈറ്റഡ് ഇമ്പാക്ട് നിക്ഷേപം നടത്തിയതായും പുതിയ വെളിപ്പെടുത്തലുകളിലുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ യു പി എ സര്‍ക്കാരുകളില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന വയലാര്‍ രവിയുടെ മകന്റെ പേരും പുറത്തുവന്നതോടെ പ്രമുഖ നേതാവിനെയും മകനെയും പ്രതിരോധിക്കേണ്ട ഗതികേടിലാണ് ജാഥാ ക്യാപ്റ്റനും കൂട്ടരും.

‘പടയൊരുക്കം’ കോഴിക്കോട് ജില്ലയില്‍ യു ഡി എഫിന്റെയും മുസ്ലീം ലീഗിന്റെയും ശക്തികേന്ദ്രമായ കൊടുവള്ളിയിലെ സ്വീകരണപരിപാടി ഉപേക്ഷിച്ചതും വിവാദമായി. യു ഡി എഫ് ഘടകകക്ഷികളുടെ നേതാക്കളില്‍ പലര്‍ക്കും സ്വര്‍ണക്കടത്ത്-കുഴല്‍പണം ഇടപാടുകളുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെതതുടര്‍ന്നാണ് കൊടുവള്ളിയെ ഉപേക്ഷിച്ച് ജാഥയുടെ സ്വീകരണം താമരശേരിയിലാക്കിയത്. ഇത് പ്രദേശത്തെ കോണ്‍ഗ്രസ്-മുസലീം ലീഗ് നേതാക്കളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. പടയൊരുക്കത്തിന്റെ സ്വീകരണത്തിനായി കൊടുവള്ളി മണ്ഡലത്തില്‍ നിന്നും വന്‍തുക പിരിച്ചെടുത്ത ശേഷം നേതാക്കളുടെ ഇമേജ് സംരക്ഷിക്കാന്‍ നിയോജകമണ്ഡലം കേന്ദ്രം തന്നെ ഒഴിവാക്കിയത് തങ്ങളെ ഒന്നടങ്കം അപമാനിക്കാനും കള്ളക്കടത്തുകാരെന്ന് മുദ്രകുത്താനുമാണെന്നാണ് പ്രാദേശിക നേതാക്കളുടെ പരാതി.

കോഴിക്കോട്ടെ സ്വീകരണ പരിപാടിക്കായി പാര്‍ട്ടി നടത്തിയ വ്യാപക പിരിവ് കൂടാതെ ഒരു മുതിര്‍ന്ന നേതാവുൾപ്പെടെ പാര്‍ട്ടി മുഖപത്രത്തിന്റെ പേരില്‍ പിരിവ് നടത്തിയതും വിവാദമായി. വീക്ഷണം മാനേജ്‌മന്റ് അറിയാതെയാണ് മുന്‍മന്ത്രിയുടെ നേതൃത്വത്തില്‍ പരസ്യദാതാക്കളായ വന്‍കിട വ്യാപാരികളില്‍ നിന്നും പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും ‘പടയൊരുക്ക’ത്തിനായി പിരിവ് നടത്തിയത്. പടയൊരുക്കം പ്രത്യേക പതിപ്പിന്റെ പരസ്യത്തിന് വേണ്ടി വീക്ഷണം ജീവനക്കാര്‍ സ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വീക്ഷണത്തിന്റെ പേരില്‍ നേതാവിന്റെ വിളിവന്നതും പണം കൊണ്ടുപോയതും അറിയുന്നത്. വീക്ഷണം പരസ്യ വിഭാഗം പത്രമാനേജ്‌മെന്റിന് പരാതി നല്‍കി.

ആലുവയില്‍ എ ഗ്രൂപ്പ് നേതാവും കെ പി സി സി അംഗവുമായ എം ഒ ജോണ്‍ പാര്‍ട്ടി ഓഫീസ് വില്‍പ്പന നടത്തിയെന്ന പരാതിയും കോളിളക്കമായിരിക്കുകയാണ്. സംഭാവന സ്വീകരിച്ച് തന്റെ പേരില്‍ വാങ്ങിയ ഓഫീസ് അടുത്തിടെ വില്‍പ്പന നടത്തിയതോടെയാണ് വിവാദം ഉരുണ്ടുകൂടിയത്. ഈ ഓഫീസ് ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പടയൊരുക്കം എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ ഓഫീസ് പ്രശ്‌നം കത്തി പടർന്നേക്കും.

ജാഥ തുടങ്ങിയപ്പോള്‍ തൃക്കരിപ്പൂരില്‍ കോൺഗ്രസ് സഹകരണ ബാങ്കിലെ നിക്ഷേപകർ സമ്പാദ്യം നഷ്ടപ്പെട്ടതിനാൽ തടയുമെന്ന് പ്രഖ്യാപിച്ചത് 50000 രുപ നൽകി ഒതുക്കിയിരുന്നു. പാര്‍ട്ടിക്കാര്‍ കൊടുക്കാനുള്ള പണം വാങ്ങാന്‍ പ്രസ് ഉടമ ജാഥയിൽ നിവേദനവുമായി എത്തിയതും ഏറെ നാണക്കേടുണ്ടാക്കി.