Friday
19 Jan 2018

പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനം ചെയ്തു

By: Web Desk | Thursday 11 January 2018 10:25 PM IST

കൊല്ലം: ബിജെപി-സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ ഇടതുകക്ഷികളുടെയും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തിലുള്ള കൂട്ടായ്മ ഉയര്‍ന്നുവരുമ്പോള്‍ അതിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നതായും കാനം ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന സിപിഐ 23-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം ചിന്നക്കട എംഎന്‍ സ്മാരകത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാനം. കേന്ദ്ര ഭരണകൂടത്തിന്റെ വലത്തോട്ടുള്ള വ്യതിയാനത്തെ തടയിടാന്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പോരാട്ടമാണ് സിപിഐ ലക്ഷ്യമിടുന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ചെറുക്കാനുള്ള ഒരു പാര്‍ട്ടിയായി സിപിഐ വളരണമെന്നും കാനം പറഞ്ഞു.
പരമ്പരാഗത തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം ദേശീയ സമ്മേളനത്തിന് വേദിയാകുമ്പോള്‍ അതൊരു ചരിത്രപരമായ നിയോഗമായി കാണുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐ. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അവരെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളെ വിസ്മരിക്കാന്‍ പാടില്ല. കൊല്ലം ഇടതുപക്ഷത്തെ പിന്തുണച്ചപ്പോഴൊക്കെ സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തില്‍ വന്നതാണ് ചരിത്രമെന്നും കാനം അനുസ്മരിച്ചു.
ഫൈന്‍ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത ലോഗോ സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ രാജേന്ദ്രന് നല്‍കി കാനം രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ അധ്യക്ഷനായി. അസി. സെക്രട്ടറി കെ ശിവശങ്കരന്‍നായര്‍ സ്വാഗതം പറഞ്ഞു.

Related News