Friday
21 Sep 2018

കലാലയങ്ങളെ കാവിപുതപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം ; സുധേഷ് സുധാകര്‍

By: Web Desk | Friday 3 August 2018 10:15 PM IST

പത്തനംതിട്ട: രാജ്യത്തെ കലാലയങ്ങളെ കാവിപുതപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുധേഷ് സുധാകര്‍ പറഞ്ഞു. എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാനുള്ള അധികാരം യുജിസിയില്‍ നിന്നും കേന്ദ്ര ഗവ ഏറ്റെടുത്തത്. സ്വാതന്ത്ര്യ സമര ചരിത്രത്തെയും സ്വാതന്ത്ര്യ സമര പോരാളികളെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കി ആ സ്ഥാനങ്ങളില്‍ സംഘപരിവാര്‍ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ളഗൂഢനീക്കമാണ് ഇതിന് പിന്നില്‍.
ഇത് വരുംതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ തമസ്‌കരിക്കുകയും ഘാതകന്‍ ഗോഡ്‌സയെ മഹത്വവത്കരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. സ്വാന്ത്ര്യസമര ചരിത്രം രാജ്യമുള്ളിടത്തോളം കാലം വിദ്യാര്‍ത്ഥികള്‍ പാഠിക്കേണ്ടതാണ്. സ്വാതന്ത്ര്യസമരത്തില്‍ എഐഎസ്എഫിനും പങ്കാളിത്തമുണ്ട്. വിദ്യാഭ്യാസ മേഖലയെ കച്ചവടച്ചരക്കാക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് ഘടന അട്ടിമറിച്ചും മറ്റ് നിയന്ത്രണങ്ങള്‍ അവഗണിച്ചുമാണ് പല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്വയം ഫീസ് ഘടനയാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. കൂണുകള്‍ പോലെ പെരുകുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അന്തസത്ത തകര്‍ത്തു. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും അകറ്റി. വിദ്യാഭ്യാസ മേഖലയിലെ ഇത്തരത്തിലുള്ള കുത്തഴിഞ്ഞ സ്ഥിതി അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം മാത്രമാണ് പോംവഴിയെന്നും ശുഭേഷ് സുധാകര്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എം കെ സജി അദ്ധ്യക്ഷത വഹിച്ചു. എ എസ് എഫ് ജില്ലാ സെക്രട്ടറി ബിബിന്‍ ഏബ്രഹാം സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡന്റ് വിനീത് കോന്നി, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വി കെ പുരുഷോത്തമന്‍ പിള്ള, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കുമാര്‍ അഴൂര്‍, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് സുഹാസ് എം ഹനീഫ്, അജിത്ത് കുറുന്താര്‍, എ എസ് എഫ് ജില്ലാ സഹ ഭാരവാഹികളായ അമല്‍ രവി, നിധിന്‍ പ്രകാശ്, വിഷ്ണു, സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു നന്ദി പറഞ്ഞു.

Related News