Monday
25 Jun 2018

പട്ടാളം ദാസന്‍റെ മോന്‍…!

By: Web Desk | Sunday 27 May 2018 1:10 AM IST

രതീഷ് കെ എസ്സ്

എനിക്ക് പട്ടാളക്കാരെ തീരെ ഇഷ്ടമില്ലായിരുന്നു.
പതിനെട്ടാം വയസ്സില്‍ അപ്പന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പെണ്‍മക്കളെ കെട്ടിക്കാന്‍ വയലും വീടും പണയപ്പെടുത്തി ആത്മഹത്യചെയ്ത ആമോസ് നാടാരുടെ മൂത്തമോന്‍ ദാസന്‍.
അമ്മയും ഞാനും എളേമ്മയും അടങ്ങിയ വീടിന് അപ്പനുണ്ടെങ്കില്‍ ഒരു പട്ടാളക്യാമ്പിന്റെ താളമായിരുന്നു.
അഞ്ചുമണിക്കുണരുന്നതു മുതല്‍ എട്ടുമണിക്കുറങ്ങും വരെ ചിട്ടകളുടെ പടച്ചട്ട അപ്പനുണ്ടാക്കിവച്ചിട്ടുണ്ട് . അപ്പന്‍ ചിരിക്കുന്നത് കണ്ടിട്ടില്ല, ഉമിക്കരി വിരലില്‍ അമര്‍ത്തിപ്പിടിച്ച് മോണമുറിയും വിധം തേച്ചുതരും, ചകിരിതേച്ച് കുളിപ്പിക്കല്‍, പിന്നെ വലിയ ഉരുള ഉരുട്ടി പള്ളയിലേക്ക് തള്ളല്‍, എന്നെയും എടുത്ത് സ്‌കൂളിലേക്കൊരു നടത്തം അപ്പൊഴാ വീട്ടിലാളുണ്ടെന്ന് അറിയുക. ലത ചിറ്റ പുറത്തേക്കുവരിക….
എനിക്കിഷ്ടം നിറമുള്ള വസ്ത്രങ്ങളായിരുന്നു അപ്പനെപ്പൊഴും കാക്കിയും കാവിയും കണ്ണെത്തിയിരുന്നുള്ളു. കളിപ്പാട്ടങ്ങളോ കടപണ്ടങ്ങളോ എനിക്ക് കിട്ടിയിരുന്നില്ലാ…
കൂട്ടുകാരെല്ലാം അമ്പലത്തില്‍ ഉത്സവത്തിനും സ്‌കൂളില്‍ കലോത്സവത്തിനും അച്ഛന്റ്യൊപ്പം വരുമ്പോള്‍ ഞാന്‍ പറമ്പിന്റെ അതിര്‍ത്തിയിലും അപ്പന്‍ രാജ്യാതിര്‍ത്തിയിലുമായിരിക്കും…
കോളേജില്‍ എസ് എഫ് ഐ യില്‍ ചേര്‍ന്നതും ഇറോം ഷര്‍മ്മിളയെക്കുറിച്ച് വായിച്ചതും പട്ടാളക്കാരോട് ഒരു അതൃപ്തിയുണ്ടാക്കി. അപ്പന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ നാളുകള്‍ എനിക്ക് സ്വര്‍ഗമായിരുന്നു….
പട്ടാളത്തില്‍ നിന്നും വിരമിച്ച് എസ് ബി റ്റി യില്‍ കണ്ണാടി വാതിലില്‍ തോക്കും പിടിച്ചു സെക്യൂരിറ്റിയായ് ചേര്‍ന്നത് എനിക്കൊട്ടും ഇഷ്ടായില്ല. ഒരിക്കല്‍ ഫീസ് അടയ്ക്കാന്‍ ബാങ്കില്‍ പോയപ്പോള്‍ എനിക്ക് വല്ലാത്ത നാണം തോന്നി.
ഞങ്ങള്‍ക്ക് നാട്ടിലെ വിലാസ്സം പോലും പട്ടാളത്തിന്റെ വീട് , പട്ടാളം, പട്ടാളത്തിന്റെ പെണ്ണ് , പട്ടാളത്തിന്റെ മോന്‍…
സത്യത്തില്‍ ‘വേണൂന്ന്’ ആരെങ്കിലും ഒന്നു വിളിച്ചെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്…
ഈ നാട്ടുകാര്‍ ആ പേരു തന്നെ മറന്നിട്ടുണ്ടാകും…
ഞാന്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ക്രിസ്തുമസ് ലീവിനാണ് എന്റെ ക്ലാസിലെ റഷീദിന്റെ വാപ്പയെ അപ്പന്‍ കവലയിലിട്ടുതല്ലിയത്  റഷീദ് എന്റെ സുഹൃത്തായിരുന്നു. അമ്മയോട് പരാതിപറഞ്ഞപ്പോള്‍
‘അയ്യാള്‍ക്കിത്തിരി മുട്ടുകൂടുതലാ പാതിരാത്രിയായാല്‍’ എന്ന് അമ്മ
പറഞ്ഞു എനിക്കൊന്നും വ്യക്തമായില്ല ,
പിറ്റേന്ന് പോലീസ് വന്നപ്പോള്‍ അപ്പന്‍ പറഞ്ഞത് എനിക്കിപ്പൊഴും ഓര്‍മ്മയുണ്ട്
‘നീന്റെ തോളിലെ സ്റ്റാറു പോരടാ എന്നെപ്പിടിക്കാന്‍’.
പിറ്റേന്ന് അപ്പന്‍ പോയി. പിന്നെ പട്ടാളത്തീന്ന് പിരിഞ്ഞാ വരുന്നത് ഇതിനിടയില്‍ ലത ചിറ്റ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായ് വീട്ടില്‍ നില്‍ക്കുന്നു….
കുറച്ചു കഴിഞ്ഞാണറിഞ്ഞത് എന്റെ അമ്മയുടെ വയറ്റിലും എനിക്കൊരു ഇളയത് ഉണ്ടായീന്ന്…
പതിനെട്ടുകാരനപമാന മുണ്ടാക്കാന്‍ അതു ധാരാളമായിരുന്നു.
‘നിന്റെ അപ്പനാളുപുലിയാട’ എന്ന് കൂട്ടുകാരും
‘പട്ടാളമാരാ മോന്‍’ എന്നു നാട്ടുകാരും ഒളിഞ്ഞും തെളിഞ്ഞും കളിയാക്കാന്‍ തുടങ്ങി.
ഫീസടയ്ക്കാന്‍ കൂട്ടുകാരിയോടൊപ്പം ബാങ്കില്‍ പോയ ദിവസ്സം അപ്പന്‍ വളരെ വൈകിയാ വന്നത്, നന്നായ് കുടിച്ചിരുന്നു.
ഞാന്‍ മുഖം കൊടുക്കാതെ ടിവിയില്‍ തന്നെ നോക്കിയിരുന്നു. സുജ പറഞ്ഞത് അപ്പന്‍ കേട്ടോ എന്നെനിക്ക് സംശയമുണ്ടായിരുന്നു..
‘ഇതാണോടാ നിന്റെ വീട്ടിലെ ഭീകരന്‍… ആളുടെ തോക്കിലുണ്ടയുണ്ടോടാ’
പിന്നെ എന്തൊക്കെയോ
അമ്മയും ലത ചിറ്റയും വയറും താങ്ങി ടീവിയില്‍ കോമഡി സ്റ്റാര്‍ കാണുകയായിരുന്നു. ഒരു പട്ടാളക്കാരന്റെ കുടുംബമായിരുന്നു കഥ. ബഡായിവീരനായ അയ്യാളുടെ തമാശകള്‍ ശബ്ദത്തില്‍ വച്ചു ചിരിച്ചു.
എന്തുണ്ടായി എന്നെനിക്കറിയില്ല വേഗത്തില്‍ വന്ന് ടീ വി ഓഫ് ചെയ്തു…
ഞാനെണീറ്റ് അതോണ്‍ ചെയ്തു….
പെട്ടെന്നായിരുന്നു എന്റെ കഴുത്തില്‍ പിടിച്ച് ഒരു തല്ലും പിന്നില്‍ നിന്നൊരു ചവിട്ടും. വാഴവെട്ടിയിട്ടപോലെ ഞാന്‍ നിലത്തുവീണുരുണ്ടു….
അമ്മമാര്‍ സ്തംഭിച്ചു നിന്നുപോയി….
എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അപ്പന്‍ ഉള്ളിലേക്ക് കേറിപ്പോയ്…
അമ്മമാര്‍ എന്നെ എടുത്ത് കട്ടിലില്‍ കിടത്തി. തല്ലിനേക്കാള്‍ ആദ്യ തല്ലലായിരുന്നു എനിക്ക് നോവ്…
ആരും ഉറങ്ങിയിരുന്നില്ല. അപ്പന്‍ പുറത്ത് കിണറ്റിന്റെ വക്കിലിരുന്ന് സിഗരറ്റ് പുകച്ചിരിക്കുന്നു,
അമ്മമാര്‍ അടുക്കള ചുവരില്‍ ചാരിയിരിക്കുന്നു.
രാത്രി ഒരു രണ്ട് കഴിഞ്ഞിട്ടുണ്ടാകും കട്ടിലിന്റെ താഴെ വന്നിരുന്ന് എന്റെ മുതുകില്‍ ആ കായ്പ് പിടിച്ച കൈകള്‍ തടവി നടന്നു എന്നിട്ട് പതുക്കെപറഞ്ഞു…
‘അപ്പനത്തരം പട്ടാളക്കാരനല്ല വേണൂ…
നാടും വീടും പിരിഞ്ഞ് ഞങ്ങളാ മഞ്ഞില്‍ കഴിയുമ്പോള്‍ ഈ കുടുംബാ ഒരാശ്വാസം
ഇപ്പൊ ഓരോന്ന് കാണുമ്പ തോന്നും ചത്തുവന്നാല്‍ മതിയായിരുന്നുന്ന്
…ന്റെ മോനും ആ കൂട്ടത്തിക്കണ്ടപ്പോ അപ്പനു സഹിച്ചില്ല ന്റെ മോന്‍ അപ്പനോട് ക്ഷമിക്ക്…’
കാലില്‍ വീണ കണ്ണു നീരിനിത്തിരി ചൂടായിരുന്നു…
പിറ്റേന്ന് പത്രത്തില്‍ റിക്രൂട്ട് മെന്റിന്റെ പരസ്യം ഞാന്‍ വായിക്കണ കണ്ടപ്പോഴും , കോളേജില്‍ പോകാന്‍
അപ്പന്റെ ബുള്ളറ്റിന്റെ പിന്നില്‍ ആദ്യമായ് കേറിയപ്പോഴും അപ്പന്റെ മീശയ്ക്കുതാഴെ ചിരിവിടരുകയായിരുന്നു.
എന്റെ ശരീരമാകെ ആ കണ്ണീരുവീണ പുകച്ചിലായിരുന്നു…….!!