Monday
15 Oct 2018

ഒരു ജനതയെ മുഴുവന്‍ കലാപത്തിലേക്ക് നയിക്കുന്നവര്‍

By: Web Desk | Monday 7 May 2018 10:50 PM IST

കശ്മീരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തു വഷളാക്കുകയാണ്. തോക്കിന്‍മുനയിലൂടെ പരിഹരിക്കാവുന്നതല്ല കശ്മീര്‍ പ്രശ്‌നമെന്ന് ആദ്യം കേന്ദ്രം അംഗീകരിക്കുകയാണ് വേണ്ടത്. പാകിസ്ഥാന്‍, കശ്മീര്‍ ഭീകരര്‍ എന്നിങ്ങനെയുള്ള ബിംബങ്ങളെ പ്രതിഷ്ഠിച്ച് കപട ദേശീയത വളര്‍ത്താനും അതുവഴി നേട്ടമുണ്ടാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്

ജമ്മു കശ്മീര്‍ വീണ്ടും കലാപകലുഷിതമായിരിക്കുകയാണ്. സൈന്യവും തീവ്രവാദികളും മാത്രമല്ല നാട്ടുകാരും തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഭീകരര്‍ക്കൊപ്പം സാധാരണക്കാരും കൊല്ലപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഭീകരര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളെന്നത് കശ്മീരി ജനതയ്‌ക്കെതിരായ അക്രമം കൂടിയായി മാറിയപ്പോഴാണ് കശ്മീരി ജനതയിലെ ഒരു വിഭാഗവും സൈന്യത്തിനെതിരെ തിരിഞ്ഞു തുടങ്ങിയതെന്നത് യാഥാര്‍ഥ്യമാണ്.

ഭീകര പ്രവര്‍ത്തനവും അതേ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും കശ്മീര്‍ താഴ്‌വരയെ കുറേകാലമായി അശാന്തമാക്കുന്നുണ്ട്. അത് പ്രദേശവാസികളുടെ സമാധാനപൂര്‍ണമായ ജീവിതത്തെ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമായ കശ്മീരില്‍ ആളുകള്‍ വന്നുപോകുന്നതിനോ അതിനെ ആശ്രയിച്ച് നാട്ടുകാര്‍ക്ക് ജീവിക്കുന്നതിനോ ഈ അലോസരങ്ങള്‍ക്കിടയിലും സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനു പോലും സാധിക്കാത്ത രീതിയില്‍ കശ്മീരില്‍ നാട്ടുകാരും സൈന്യത്തിനെതിരെ തിരിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിന്റെ കാരണം തേടുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം കശ്മീരിനോട് പ്രത്യേകിച്ച് കശ്മീരി ജനതയോട് കാട്ടുന്ന വൈരാഗ്യ ബുദ്ധിയോ വിവേചനമോ ആണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.

അവിടെയുള്ള ഭരണത്തില്‍ പങ്കു പറ്റുന്നതിന് മെഹ്ബൂബ മുഫ്തിയുടെ പാര്‍ട്ടിയുമായി ധാരണയിലെത്തുന്നതില്‍ ഒരു മടിയും കാട്ടാത്ത ബിജെപി പക്ഷേ അവിടെയുള്ള മുസ്‌ലിം ജനസാമാന്യത്തെയാകെ ശത്രുപക്ഷത്തു നിര്‍ത്തുകയാണ്. അധികാരത്തിന്റെ പങ്ക് പറ്റുന്നതിന് മുഫ്തിയുടെ പാര്‍ട്ടിയുമായി സന്ധി ചെയ്യുമ്പോള്‍ അവര്‍ ആ വിരോധം മാറ്റി വയ്ക്കുന്നുവെങ്കിലും.
എന്തുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയ ശേഷം കശ്മീരിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ കലാപഭരിതമായത്. ഭരണഘടനയുടെ 370 -ാം വകുപ്പ് പ്രകാരം അനുവദിച്ചിരിക്കുന്ന പ്രത്യേക സംസ്ഥാന പദവി ബിജെപിയും ആര്‍എസ്എസും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. കശ്മീരിനെ ഒരു രാഷ്ട്രീയ പ്രശ്‌നമായി ബിജെപി ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നുമാത്രമല്ല ഭരണഘടനയില്‍ 370 -ാം വകുപ്പ് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിന് അതിന്റെ ശക്തിയും അധികാരവും ബിജെപി ഉപയോഗിക്കുകയാണ്. ദശകങ്ങളായി നിലനിന്നുപോന്നിരുന്ന പ്രത്യേക പദവി ഇല്ലാതാക്കാനോ എടുത്തുകളയാനോ ബിജെപിയും കേന്ദ്ര ഭരണാധികാരികളും ശ്രമിക്കുന്നുവെന്ന തോന്നലാണ് കശ്മീരി ജനതയ്ക്ക് ആകെ ഇപ്പോഴുള്ളത്.

കശ്മീരിലാണ് ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലുകള്‍ നടന്നുവന്നിരുന്നതെങ്കിലും ആ ഭീകരരെ പരിശീലിപ്പിക്കുകയും നുഴഞ്ഞുകയറ്റത്തിലൂടെ ഇന്ത്യയിലേയ്ക്ക് കയറ്റി വിടുകയും ചെയ്തിരുന്നത് പാകിസ്ഥാനില്‍ നിന്നായിരുന്നു. ഇപ്പോള്‍ കശ്മീരിലെ യുവാക്കളും ഭീകരസംഘടനകളില്‍ ചേരുന്നതിന് തയ്യാറാവുന്നു. അതിനുള്ള പ്രധാന കാരണം ഇന്ത്യയിലെ ഭരണാധികാരികളെ കുറിച്ചുള്ള ഭയാശങ്കകള്‍ തന്നെയാണ്. അത് സാധാരണക്കാരായ പ്രദേശവാസികള്‍ക്കിടയിലെ ന്യൂനപക്ഷത്തെയെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളോട് മൃദുസമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയാണ്.

ഈയൊരു മാനസികാവസ്ഥയാണ് ഭീകരരും സൈനികരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ വധങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളും യുവാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതിന് കാരണമാകുന്നത്. ഭീകരപ്രവര്‍ത്തനത്തിന്റെ കുറ്റം കശ്മീരി ജനതയില്‍ ചാര്‍ത്തുന്ന പ്രവണതയും കേന്ദ്ര ഭരണാധികാരികളുടെ മൗനാനുവാദത്തോടെ സൈന്യത്തിലെ ഒരു വിഭാഗം നടത്തുന്നുണ്ട്. സൈനിക വാഹനത്തിന്റെ കവചമായി യുവാവിനെ ഉപയോഗിച്ചതും പ്രതിഷേധിച്ച യുവാവിനെ വണ്ടി കയറ്റി വധിച്ചതും ഈ പ്രവണതയുടെ ഭാഗമാണ്.

കശ്മീര്‍ പ്രശ്‌നം ഒരു സംസ്ഥാനത്തെയോ പ്രദേശത്തെയോ ക്രമസമാധാന പ്രശ്‌നമായാണ് കേന്ദ്രം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ബിജെപിയും അതിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസും സ്വീകരിക്കുന്ന സമീപനങ്ങളുടെ ഭാഗമായാണ് കേന്ദ്രത്തില്‍ നിന്ന് ഇത്തരത്തിലൊരു നിലപാടുണ്ടാകുന്നത്.

അതിന് പകരം ആ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് രാഷ്ട്രീയ പരിഹാരം തേടുകയാണ് വേണ്ടതെന്ന നിലപാട് തന്നെയാണ് ആവര്‍ത്തിക്കാനുള്ളത്. പാക് പിന്തുണയോടെ ഒരു ന്യൂനപക്ഷം സൃഷ്ടിച്ചിരുന്ന സംഘര്‍ഷങ്ങളിലേയ്ക്ക് ഒരു സംസ്ഥാനത്തെ ജനതയെ മുഴുവന്‍ പങ്കാളികളാക്കുന്നുവെന്ന അവസ്ഥയാണ് ബിജെപി സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി അവിടെയുണ്ടായിരിക്കുന്നത്. അതുകൊണ്ട് ഏകപക്ഷീയമായ നിലപാടുകളും നടപടികളും തിരുത്തി ആ ജനതയെ വിശ്വാസത്തിലെടുത്തും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിയുമുള്ള ശാശ്വത സമാധാന പ്രക്രിയകളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.