Tuesday
21 Aug 2018

കുരുമുളക് വില താഴോട്ട്; പ്രതീക്ഷയറ്റ് കര്‍ഷകര്‍

By: Web Desk | Wednesday 16 May 2018 10:16 PM IST

ജോമോന്‍ വി സേവ്യര്‍

തൊടുപുഴ: വിളവെടുപ്പ് സീസണ്‍ കഴിഞ്ഞിട്ടും കുരുമുളകിന്റെ വില അനുദിനം താഴോട്ട് പോകുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. രണ്ട് വര്‍ഷം മുന്‍പ് 750 രൂപ വരെ ഉയര്‍ന്ന വില ഇപ്പോള്‍ 350 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇതോടെ ഉല്‍പ്പാദന ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിലായിരിക്കുകയാണ് കര്‍ഷകര്‍.

കാലാവസ്ഥ വ്യതിയാനവും രോഗങ്ങളും മൂലം ഉല്‍പ്പാദനത്തില്‍ കുറവ് വന്നതിന് പിന്നാലെ വിലയിടിവും തുടരുന്നത് വായ്പയെടുത്തും മറ്റും കൃഷി നടത്തിയ ചെറുകിട കര്‍ഷകരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. അനുദിനം വില കുറയുന്ന പ്രവണത വിപണിയില്‍ തുടരുന്നതുമൂലം ചെറുകിട വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും കുരുമുളക് വാങ്ങാന്‍ മടിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ കുരുമുളക് വ്യാപകമായ തോതില്‍ ഇറക്കുമതി ചെയ്യുന്നതാണ് കേരളത്തില്‍ നിന്നുള്ള കുരുമുളകിന്റെ ഡിമാന്റ് കുറയാന്‍ പ്രധാന കാരണം. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ കേന്ദ്ര സര്‍ക്കാര്‍ തറവില നിശ്ചയിച്ചെങ്കിലും ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരേന്ത്യന്‍ വ്യാപാരികളെ സഹായിക്കുന്ന സമീപനം സ്വീകരിക്കുന്നതുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം കുരുമുളക് ഇറക്കുമതി രാജ്യത്ത് ഇപ്പോഴും തുടരുകയാണ്.

കാലാവസ്ഥ അനുകൂലമായതുകൊണ്ട് വിയറ്റ്‌നാമിലും ശ്രീലങ്കയിലും ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇതുമൂലം അന്താരാഷ്ട്ര വിപണിയില്‍ വില കുറച്ച് വില്‍പ്പന നടത്താന്‍ ഈ രാജ്യങ്ങള്‍ തയ്യാറായതാണ് വില കുറയുന്നതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്ന് വ്യാപകമായ തോതില്‍ കള്ളക്കടത്ത് കുരുമുളകും രാജ്യത്ത് എത്തുന്നുണ്ട്. കല്‍ക്കട്ട, ഡല്‍ഹി എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലാണ് ഇത്തരം കുരുമുളക് കൂടുതലായും എത്തുന്നത്.