Sunday
22 Oct 2017

കീടനാശിനി നിയമവും കേരളവും

By: Web Desk | Saturday 7 October 2017 1:48 AM IST

സജി ജോണ്‍

‘സുരക്ഷിത ഭക്ഷണം, ജനങ്ങളുടെ അവകാശം’ എന്നത് സമകാലീന ചരിത്രത്തില്‍  കേരള സമൂഹം ഉയര്‍ത്തിയ ഏറ്റവും ശക്തമായ മുദ്രാവാക്യമാണ്. കൃഷിയിലെ അശാസ്ത്രീയമായ കീടനാശിനി പ്രയോഗവും കാര്‍ഷികോല്‍പ്പന്നങ്ങളിലെ കീടനാശിനി സാന്നിധ്യവും സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ‘സുരക്ഷിത ഭക്ഷണം’എന്ന ആവശ്യത്തിന്‍ കരുത്തേകിയത്. നമ്മുടെ സംസ്ഥാനത്ത്, 2015-16 ല്‍  1210 മെട്രിക് ടണ്‍ ആയിരുന്ന കീടനാശിനി ഉപയോഗം 2016-17 ല്‍ 1150 മെട്രിക് ടണ്‍ ആയി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.  എന്നാല്‍ 2005-06 ല്‍ ഇത് വെറും 650 മെട്രിക് ടണ്‍ മാത്രമായിരുന്നുവെന്നത്  ശ്രദ്ധേയമാണ്.രാജ്യമൊട്ടുക്ക് ബാധകമായ കീടനാശിനി നിയമത്തിലെ വ്യവസ്ഥാപിത ചട്ടങ്ങളെല്ലാം തന്നെ കേരളത്തില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.   കൃഷിവകുപ്പിനാണ് കീടനാശിനി നിയമം നടപ്പിലാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം. കീടനാശിനി ഉല്‍പ്പാദനത്തിനോ വിതരണത്തിനോ വില്‍പ്പനയ്‌ക്കോ തയാറെടുക്കുന്നവര്‍ നിര്‍ബന്ധമായും കൃഷിവകുപ്പില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം.  ഇന്‍സെക്ടിസൈഡ്‌സ് ആക്ടിലെ വ്യവസ്ഥ 12 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍, ഗസറ്റ് വിജ്ഞാപനത്തിലൂടെ കീടനാശിനി ലൈസന്‍സ് നല്‍കുവാനുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്.  ഇതുപ്രകാരം, കൃഷി ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ (പ്ലാന്റ് പ്രൊട്ടക്ഷന്‍) ആണ് സ്‌റ്റേറ്റ് ലൈസന്‍സിങ് ഓഫീസര്‍. ഇതിനു പുറമേ, എല്ലാ ജില്ലകളിലെയും കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ (ഈ &ടി) മാരെ ജില്ലാതല ലൈസന്‍സിങ് ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്.  കീടനാശിനി ഉല്‍പ്പാദന  വിതരണ ലൈസന്‍സും കീടനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള (പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേഷന്‍സ്) ലൈസന്‍സും അനുവദിക്കുന്നത് സ്റ്റേറ്റ് ലൈസന്‍സിങ് ഓഫീസറാണ്.  കീടനാശിനി ചില്ലറ വില്‍പ്പനശാലയ്ക്ക് ലൈസന്‍സ് നല്‍കുന്നത് അതാതു ജില്ലകളിലെ ലൈസന്‍സിങ് ഓഫീസര്‍മാരാണ്.കീടനാശിനി നിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാനമൊട്ടാകെ ഇന്‍സെക്ടിസൈഡ്  ഇന്‍സ്‌പെക്ടര്‍മാരെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.   കൃഷിവകുപ്പിലെ സാങ്കേതിക ബിരുദധാരികളായ കൃഷിഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാരായി പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. തങ്ങളുടെ മറ്റ് ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേയാണ് കൃഷി ഓഫീസര്‍മാര്‍ ഈ ചുമതല നിര്‍വഹിക്കേണ്ടത്. ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാരുടെ മാത്രം ചുമതല നിര്‍വഹിക്കുന്നതിനായി മേഖലാടിസ്ഥാനത്തില്‍ നാല് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും (ക്വാളിറ്റി കണ്‍ട്രോള്‍) സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കൃഷി ഓഫീസര്‍  ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍ ആകുമ്പോള്‍1998 ഏപ്രില്‍ 8 ലെ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം കൃഷി ഭവനിലെ കൃഷി ഓഫീസര്‍ തങ്ങളുടെ പഞ്ചായത്തിലെ ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍ കൂടിയാണ്. കീടനാശിനി ഉല്‍പാദനവിതരണവില്‍പന കേന്ദ്രങ്ങള്‍ ക്രമമായി പരിശോധിച്ച് നിയമങ്ങളും ലൈസന്‍സിലെ  മറ്റു  വ്യവസ്ഥകളും  കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചട്ടവിരുദ്ധ നടപടികള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് പ്രധാന ചുമതല. അംഗീകാരമില്ലാതെയോ, ചട്ടവിരുദ്ധമായോ, ലൈസന്‍സിലെ വ്യവസ്ഥകള്‍ക്കെതിരായോ പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെടുന്ന കീടനാശിനി യൂണിറ്റുകളില്‍ പ്രവേശിച്ച് പരിശോധന നടത്തുന്നതിന് കീടനാശിനി ഉല്‍പന്നങ്ങളും അനുബന്ധ രേഖകളും കസ്റ്റഡിയില്‍ എടുക്കുന്നതിനും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരം ഉണ്ട്. ചട്ടലംഘനം ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയുമാകാം.കീടനാശിനികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഉല്‍പാദനവിതരണ വില്‍പന കേന്ദ്രങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിപ്പിക്കുന്നതിനും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.   തിരുവനന്തപുരം, പാറോട്ടുകോണത്തുള്ള സംസ്ഥാന കീടനാശിനി പരിശോധനാ ലാബോറട്ടറിയിലാണ് ഈ സാമ്പിളുകള്‍ പരിശോധിക്കുന്നത്. പ്രതിവര്‍ഷം, 2500 കീടനാശിനി സാമ്പിളുകളുടെ ഗുണ പരിശോധനാ സൗകര്യമാണ് ഇവിടെയുള്ളത്.  100 ലേറെ രാസകീടനാശിനികളുടേയും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്‌സ് ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള ചില ജൈവകീടനാശിനികളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിന് ഈ ലാബ് സജ്ജമാണ്.  ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിക്കുന്ന കീടനാശിനികള്‍ക്ക് പുറമെ, സ്വകാര്യ സ്ഥാപനങ്ങളും മറ്റു ഏജന്‍സികളും നിശ്ചിത ഫീസ് ഒടുക്കി എത്തിക്കുന്ന സാമ്പിളുകളുടെ ഗുണപരിശോധനയും ഇവിടെ നടക്കുന്നു. കീടനാശിനി നിരോധനവും നിയന്ത്രണവുംമാരക രാസകീടനാശിനികളുടെ അമിത ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ 2006 മുതലാണ് നാം ശ്രമം തുടങ്ങിയത്.  അന്ന് കൃഷി വകുപ്പ് മന്ത്രി ആയിരുന്ന മുല്ലക്കര രത്‌നാകരന്‍ ഇതിനായി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ വിസ്മരിക്കത്തക്കതല്ല. എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചുകൊണ്ട് 2006 ഒക്ടോബര്‍ 31 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് സംസ്ഥാനത്ത് കീടനാശിനി നിരോധനത്തിന് തുടക്കമിട്ടത്. പിന്നീട് 2010 ഡിസംബറില്‍  ചുവപ്പും, മഞ്ഞയും ലേബലുകളില്‍ വില്‍ക്കപ്പെടുന്ന എല്ലാ കീടനാശിനികളും കാസര്‍കോട് ജില്ലയില്‍ നിരോധിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് 2011 മേയ് ഏഴിന് വീണ്ടും, സംസ്ഥാനത്ത് 14 കീടനാശിനികളുടെ ഉപയോഗം കൂടി പൂര്‍ണമായി നിരോധിച്ചു. കീടനാശിനി നിരോധനം കേന്ദ്രസര്‍ക്കാരിന്റെ മാത്രം കുത്തകയായി നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയ ദാര്‍ഢ്യത്തോടെ ഈ തീരുമാനം കൈക്കൊണ്ടത്.കീടനാശിനി നിയന്ത്രണത്തില്‍ പിന്നീട് കാര്യമായൊരു ചുവട് വയ്പ് ഉണ്ടായത് നാല് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ്. രണ്ടു മാരക കീടനാശിനികളുടെ ഉപയോഗം കൂടി പൂര്‍ണമായി നിരോധിച്ചു കൊണ്ടും, ഏഴ് കീടനാശിനികളുടെ വില്‍പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളിലായി മാത്രം പരിമിതപ്പെടുത്തിക്കൊണ്ടും 2015 ജൂണില്‍  സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.   ഇത്തരത്തില്‍, 17 കീടനാശിനികള്‍ക്ക് സമ്പൂര്‍ണ നിരോധനവും, ഏഴ് കീടനാശിനികള്‍ക്ക് കര്‍ശന നിയന്ത്രണവുമാണ് സംസ്ഥാനത്തിപ്പോള്‍  നിലവിലുള്ളത്.കൃഷിമന്ത്രിയുടെ ശ്രദ്ധേയമായ ഇടപെടല്‍മാരകമായ കീടനാശിനികള്‍ക്ക് കര്‍ശന നിരോധനവും നിയന്ത്രണവും നിലവില്‍ വന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അവയൊക്കെ  കര്‍ഷകര്‍ക്ക് യഥേഷ്ടം ലഭ്യമാകുന്ന അവസ്ഥയാണ് കഴിഞ്ഞ വര്‍ഷം വരെ സംസ്ഥാനത്ത് നിലനിന്നത്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലൂടെ നിരോധിത കീടനാശിനികള്‍ യഥേഷ്ടം ഒഴുകിയെത്തി.  അംഗീകൃത വില്‍പ്പനശാലകളിലൂടെപ്പോലും നിരോധിത കീടനാശിനികളുടെ വില്‍പ്പന തുടര്‍ന്നു. നിയന്ത്രിത കീടനാശിനികളുടെ കാര്യത്തില്‍ ഒരു നിയന്ത്രണവും ഫലപ്രദമായതുമില്ല. എന്നാല്‍ കീടനാശിനി നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് കഴിഞ്ഞ ഒരു വര്‍ഷമായി കൃഷി മന്ത്രി വി എസ്  സുനില്‍കുമാര്‍ നടത്തിവരുന്നത്. പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്ന രാസകീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും കീടനാശിനി മാഫിയയ്ക്ക് കൂച്ചുവിലങ്ങിടുമെന്നും പ്രഖ്യാപിച്ച കൃഷിമന്ത്രി, അധികാരമേറ്റ് നാളുകള്‍ക്കുള്ളില്‍ തന്നെ ഉന്നതലയോഗം വിളിച്ചുചേര്‍ത്ത് കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.  കൃഷിവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഫുഡ് സേഫ്റ്റി കമ്മിഷണര്‍, കൃഷി ഡയറക്ടര്‍, പ്ലാനിങ് ബോര്‍ഡ് കൃഷിവിഭാഗം മേധാവി, ആരോഗ്യവകുപ്പില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ സമിതി.മാരക കീടനാശിനികള്‍ക്കെതിരെ സംസ്ഥാനതല കാമ്പയിന്‍അനധികൃത കീടനാശിനി വിതരണവും വില്‍പനയും തടയുന്നതിന്, ജില്ലാ തലത്തിലും മേഖലാ അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ക്ക് രൂപം കൊടുത്തുകൊണ്ടാണ് പുതിയ കര്‍മപദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കിയത്.  ഇതിനുപുറമെ കൃഷി ഓഫീസര്‍മാര്‍ തങ്ങളുടെ കൃഷി ഭവനു കീഴിലുള്ള എല്ലാ കീടനാശിനി വില്‍പനശാലകളും എല്ലാ മാസവും നിര്‍ബന്ധമായും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തു.  ഡിപ്പോകളിലെ സ്‌റ്റോക്ക് രജിസ്റ്റര്‍  കൃത്യമായി തയാറാക്കി സൂക്ഷിക്കുവാനും സ്‌റ്റോക്ക്, വില വിവര പട്ടിക ശരിയായി പ്രദര്‍ശിപ്പിക്കുവാനും കര്‍ഷകര്‍ക്ക് കൃത്യമായി ക്യാഷ് ബില്‍ നല്‍കുവാനും കീടനാശിനി വില്‍പനക്കാര്‍ നിര്‍ബന്ധിതരായി. കീടനാശിനി കമ്പനികള്‍ കര്‍ഷകരുമായി ചേര്‍ന്ന് വിള പരീക്ഷണങ്ങളും ഡെമോണ്‍സ്‌ട്രേഷനുകളും നടത്തുന്നതും കര്‍ഷക സമിതികള്‍ക്കും മറ്റും നേരിട്ട്  കീടനാശിനികള്‍ വിതരണം ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചു.2016 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൃഷിവകുപ്പ്  സംഘടിപ്പിച്ച 40 ദിവസം നീണ്ടു നിന്ന കാമ്പയിന്‍ കാലയളവില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളില്‍ ഒട്ടേറെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. വിവിധ ജില്ലകളില്‍ നിന്നും അനധികൃതമായി കൈവശം വച്ച രണ്ടര മെട്രിക് ടണ്‍ നിരോധിത കീടനാശിനികള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. അറുപതോളം ഡിപ്പോകളിലെ വില്‍പന നിര്‍ത്തിവയ്ക്കുകയും ചെയ്തു. നിയന്ത്രിത കീടനാശിനികള്‍ക്ക് കൃഷി ഓഫീസറുടെ ശുപാര്‍ശ നിര്‍ബന്ധംകീടനാശിനി ഡിപ്പോകളില്‍ നിന്നും എല്ലാത്തരം കീടനാശിനികളും വില്‍പന നടത്തുന്നതിന് കൃഷിഓഫീസറുടെ റാങ്കില്‍ കുറയാത്ത സാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടി നിര്‍ബന്ധമാക്കിക്കൊണ്ട് 2011  ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അത് നടപ്പിലായിരുന്നില്ല.  പിന്നീട് 2015  ല്‍ ഈ നിബന്ധന നിയന്ത്രിത കീടനാശിനികള്‍ക്ക് മാത്രമായി ചുരുക്കി ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ അതും പ്രാവര്‍ത്തികമായില്ലെന്നുള്ളതാണ് വസ്തുത. കീടനാശിനി കമ്പനികളുടെ വ്യാപകമായ എതിര്‍പ്പ് തന്നെയായിരുന്നു കാരണം. ഇത് വകവയ്ക്കാതെയാണ് നിയന്ത്രിത കീടനാശിനികള്‍ക്ക് കൃഷി ഓഫീസറുടെ ശുപാര്‍ശക്കുറിപ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൃഷിവകുപ്പ് ഇപ്പോള്‍ കര്‍ശനമായി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് കൃഷി ഓഫീസറുടെ ശുപാര്‍ശ പ്രകാരം കര്‍ഷകര്‍ക്കു വില്‍ക്കുന്ന നിയന്ത്രിത കീടനാശിനികളുടെ വിവരങ്ങള്‍ ഡിപ്പോകളില്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. അനധികൃത വില്‍പന കണ്ടെത്തിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കും. ഇത്തരം കീടനാശിനികള്‍ വലിയ തോതില്‍  ഡിപ്പോകളില്‍ സ്‌റ്റോക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.  നിരോധിത കീടനാശിനി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും നിരോധനംനിരോധിക്കപ്പെട്ടിട്ടുള്ള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്ന കര്‍ഷകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുവാനും കൃഷി വകുപ്പ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കൃഷി ഡയറക്ടറുടെ 24.10.2016 ലെ സര്‍ക്കുലര്‍ പ്രകാരം, നിരോധിക്കപ്പെട്ട കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്ന പക്ഷം, മേലില്‍ അത്തരം കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശിച്ച് കൃഷി ഓഫീസര്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കും. തുടര്‍ന്നും നിരോധിത കീടനാശിനി പ്രയോഗം ആവര്‍ത്തിക്കുന്ന പക്ഷം, വൈദ്യുതി സൗജന്യം ഉള്‍പ്പെടെ കൃഷിവകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്നു കാട്ടി  കര്‍ശന താക്കീത് നല്‍കും. ഇതു വകവെയ്ക്കാതെ നിരോധിത കീടനാശിനികളുടെ ഉപയോഗം വീണ്ടും തുടര്‍ന്നാല്‍, അത്തരം കര്‍ഷകരെ കൃഷി വകുപ്പിന്റെ നിലവിലുള്ള പദ്ധതികളില്‍ നിന്നും ഒഴിവാക്കുകയും മേലില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളില്‍ നിന്നും അയോഗ്യരാക്കുകയും ചെയ്യും.