Tuesday
24 Oct 2017

ജനങ്ങളെ കൊള്ളയടിച്ച് പെട്രോള്‍-ഡീസല്‍ വില കുതിക്കുന്നു

By: Web Desk | Friday 15 September 2017 9:48 AM IST

ന്യൂഡല്‍ഹി: ജനജീവിതം ദുഃസഹമാക്കി പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പെട്രോള്‍ഡീസല്‍ വിലയുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. 2014 ഓഗസ്റ്റ് മുതല്‍ തുടങ്ങിയ വിലവര്‍ധന 2017 ഓഗസ്റ്റില്‍ ഏറ്റവുമുയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം പെട്രോള്‍ വില ലിറ്ററിന് 6.17 ഉം ഡീസലിന്റേത് 3.69 രൂപയും വര്‍ധനവും രേഖപ്പെടുത്തി. 2017 ജൂലൈ മുതല്‍ ഈ മാസം ആദ്യ ആഴ്ചവരെയുള്ള കണക്കാണിത്. കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 8) പെട്രോള്‍ വില ലിറ്ററിന് 69.26 രൂപ. ഡീസലിനാകട്ടെ 57.13 രൂപയുമായിരുന്നു. മലേഷ്യ, ഇന്‍ഡോനേഷ്യ എന്നീ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളിലും പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ അയല്‍ രാഷ്ട്രങ്ങളിലേയും പെട്രോള്‍ ഡീസല്‍ വിലയേക്കാള്‍ വന്‍ വിലവര്‍ധനവാണ് ഇന്ത്യയില്‍.
മലേഷ്യയില്‍ പെട്രോളിന് ലിറ്ററിന് വില 32.19 രൂപ. ഇവിടെ 69.26 രൂപ. ഇവിടത്തെ വിലയുടെ പകുതിപോലുമില്ല അവിടെ. ഡീസലിന്റെ വില ലിറ്ററിന് 35.59 രൂപ മാത്രം. ഇന്ത്യയിലേതിനേക്കാള്‍ 44 ശതമാനം കുറവ്.

പാകിസ്ഥാനില്‍ പെട്രോള്‍ ലിറ്ററിന് വെറും 42.14 രൂപ. ഇന്ത്യയിലേതിനെക്കാള്‍ 40 ശതമാനം കുറവ്. ഡീസലിന്റെ വില 14 ശതമാനം കുറവാണ് പാകിസ്ഥാനില്‍.
ശ്രീലങ്കയില്‍ പെട്രോളള്‍ ലിറ്ററിന് 53.47 രൂപ. ഡീസലിന് 39.69 രൂപ. ഇന്ത്യയെ അപേക്ഷിച്ച് യഥാക്രമം 23നും 30 ശതമാനത്തിനും താഴെ മാത്രം. ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വിലയേക്കാള്‍ യഥാക്രമം 12ഉം 19ഉം ശതമാനം താഴെയാണ് നേപ്പാളിലെ വില. ഭൂട്ടാനിലാകട്ടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 10 ശതമാനം കുറവും. ഡീസലിന് ഒരു ശതമാനം വ്യത്യാസം.
ആഗോള ഓയില്‍ വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് 2017 ഏപ്രില്‍ മൂന്ന് മുതല്‍ ജൂലൈ വരെയുള്ള കണക്കുപ്രകാരം വില കുത്തനെ താഴേക്കാണ്. 2012-13നും 2013-14നും ഇടയിലുള്ള ക്രൂഡോയിലിന്റെ വിലയെക്കാള്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്. 2013-14 ക്രൂഡോയിലിന്റെ വില ബാരലിന് 105.52 ഡോളര്‍ വില. അപ്പോള്‍ ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 68.37 രൂപയും ഡീസലിന് 48.63 രൂപയുമായിരുന്നു. ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നിട്ടും പെട്രോള്‍ ഡീസല്‍ വില ഇന്ത്യയില്‍ മുകളിലോട്ടുതന്നെയാണ്.

പെട്രോള്‍ഡീസല്‍ വിലയുടെ 45 മുതല്‍ 52 ശതമാനം വരെ നികുതിയാണ് ഇന്ത്യയില്‍. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന അര്‍ധരാത്രിയില്‍ സര്‍വ നികുതികളെയും കൂട്ടിയിണക്കി ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി’ എന്ന മുദ്രവാക്യമുയര്‍ത്തി ജിഎസ്ടി നിലവില്‍ വന്നു. ഇതിലൂടെ പരമാവധി 28 ശതമാനം നികുതിയെന്ന് നിജപ്പെടുത്തി. ഈ നികുതിഘടനയില്‍ നിന്ന് പെട്രോളിനെയും ഡീസലിനെയും ഒഴിവാക്കി. ജിഎസ്ടി ഒഴിവാക്കിയിരുന്നില്ലെങ്കില്‍ പെട്രോള്‍ഡീസല്‍ വില ഏകദേശം ലിറ്ററിന് 40 രൂപയില്‍ ഒതുങ്ങുമായിരുന്നു.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ ഓയില്‍ക്കമ്പനികളുടെ ഇല്ലാത്ത നഷ്ടം നികത്താനെന്ന വ്യാജേനയാണ് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരിക്കുന്നത്. റിലയന്‍സ് പെട്രോളിയം, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേയ്ക്ക് എത്തിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ദൗത്യം പൊതുജനങ്ങളുടെ ചെലവിലാണ്.