Saturday
21 Apr 2018

ഇന്ധന വിലയിലെ പകല്‍ക്കൊള്ള അവസാനിപ്പിക്കണം: കാനം

By: Web Desk | Friday 15 September 2017 11:29 AM IST

തിരുവനന്തപുരം : ഇന്ധന വിലയിലെ പകല്‍കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
വില ഏറ്റവും താഴ്ന്നിരിക്കുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടിയ ഇന്ധന വില ഈടാക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. 2008 ല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ലിറ്ററിന് 29 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് 50.56 രൂപയും, ഡീസലിന് 39.80 രൂപയുമായിരുന്നു വില. ഇന്ന് ക്രൂഡ് ഓയില്‍ ലിറ്ററിന് 19 രൂപയായി അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് 70.38 രൂപയും, ഡീസലിന് 58.72 രൂപയുമാണ് ഡല്‍ഹിയിലെ വില. ഇതില്‍നിന്നുതന്നെ എണ്ണ കമ്പനികള്‍ നടത്തുന്ന പകല്‍കൊള്ള വ്യക്തമാണ്.
നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കല്‍ തുടങ്ങിയ വികലമായ നടപടികളിലൂടെ താറുമാറായ ഇന്ത്യന്‍ സമ്പദ്ഘടനക്ക് താങ്ങാനാവാത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ് നാള്‍തോറും ഇന്ധന വില ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എണ്ണ ശുദ്ധീകരണ, വിപണന രംഗത്തുള്ള സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നതിന്റെ ഭാഗമായി തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീവെട്ടിക്കൊള്ളക്ക് സഹായം നല്‍കുന്നത്.
2002 ലെ ആദ്യ എന്‍ഡിഎ സര്‍ക്കാരാണ് ഇന്ധന വില പിടിച്ചുനിര്‍ത്തിയിരുന്ന ഓയില്‍പൂള്‍ അക്കൗണ്ട് എന്ന സംവിധാനം നിര്‍ത്തലാക്കിയത്. ഇന്ധന വിലനിര്‍ണയം ജി എസ് ടി കൗണ്‍സിലിന് വീട്ടുകൊടുക്കും എന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രഖ്യാപനം ജിഎസ്ടി നടപ്പിലാക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്.
അതിരൂക്ഷമായ വിലക്കയറ്റത്തിന് കാരണമാവുന്ന ഇന്ധന വിലക്കയറ്റം കാരണം കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ പൊറുതി മുട്ടുകയാണ്. ഇന്ധന വിലയിലെ പകല്‍ക്കൊള്ള അവസാനിപ്പിക്കുവാന്‍ ശക്തമായ ബഹുജന പ്രക്ഷോഭം വളര്‍ന്നുവരണമെന്ന് കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.