Wednesday
23 Jan 2019

പെട്രോള്‍ വില നൂറിലേക്ക്

By: Web Desk | Friday 11 May 2018 10:21 PM IST

യുഎഇയിലെ എണ്ണപ്പാടം
  • ഇന്ത്യന്‍ കുത്തകകള്‍ക്ക് കൊള്ളയുടെ പൂക്കാലമായി

കെ രംഗനാഥ്

ദുബായ്: ഇറാനെതിരായ യുഎസ് ഉപരോധവും മധ്യപൂര്‍വദേശത്തെ ഇസ്രയേലി ആക്രമണങ്ങളും സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങള്‍ക്കിടയിലും ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുകയറുന്നതുമൂലം ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടുമാസത്തിനുള്ളില്‍ ലിറ്ററിന് നൂറുരൂപയിലെത്തുമെന്ന് വിദഗ്ധര്‍. ഇന്ന് കര്‍ണാടക പോളിങ് കഴിഞ്ഞാല്‍ എപ്പോള്‍ മുതല്‍ വേണമെങ്കിലും നൂറുരൂപയിലേക്കുള്ള കുതിപ്പ് തുടങ്ങാം.
ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 77.61 ഡോളറായിരുന്നു. കഴിഞ്ഞ മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വില.

2016 ല്‍ ബാരലിന് 115 ഡോളര്‍ വരെ ഉയര്‍ന്ന വില ക്രമേണ അതിവേഗം കൂപ്പുകുത്തി 24 ഡോളര്‍ വരെ എത്തിയതാണ് 78 ഡോളറോളമായി കുതിച്ചുയര്‍ന്നത്. മൂന്നര വര്‍ഷം മുമ്പ് ഈ വില നിലവിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന്റെ വില ലിറ്ററിന് 40 രൂപയ്ക്ക് താഴെയായിരുന്നു. ഇന്നത്തെ ആഗോളവിപണിയിലെ വില അതേ നിരക്കിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 82.13 രൂപയായി. എണ്ണവില ഒരേനിരക്കിലായിട്ടും പെട്രോള്‍ വില ഇരട്ടിയിലേറെയായത് ഇന്ത്യയില്‍ മാത്രം. ഡീസലിന്റെ വില ഇന്നലെ തിരുവനന്തപുരത്തായിരുന്നു ഏറ്റവും കൂടുതല്‍, 71.52. ഹൈദരാബാദില്‍ 71.48 രൂപയും. പെട്രോള്‍ വില മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ലിറ്ററിന് 80 രൂപയ്ക്കുമുകളിലായിരുന്നു ഇന്നലത്തെ വില.

അന്തര്‍ദേശീയ സ്ഥിതിഗതികള്‍ക്കൊപ്പം ഇന്ത്യയിലെ തകരുന്ന സമ്പദ്‌വ്യവസ്ഥയും വ്യാപാരകമ്മിയും വിദേശനാണയ കരുതലിലെ ചോര്‍ച്ചയും പണപ്പെരുപ്പവും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കുഴയുമ്പോള്‍ കുത്തകകള്‍ക്ക് കൊള്ളയുടെ പൂക്കാലമൊരുക്കി പെട്രോള്‍-ഡീസല്‍ വില ഈ വര്‍ഷം തന്നെ ലിറ്ററിന് നൂറു രൂപയിലെത്തുമെന്നാണ് നിഗമനം. അടുത്ത ദിവസങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ പെട്രോളിന്റെ വില ലിറ്ററിന് 90 രൂപയ്ക്ക് അടുത്ത് എത്തുമെന്നാണ് സാക്‌സോബാങ്കിലെ എണ്ണകാര്യ വിദഗ്ധനായ ഓലേ ഹാന്‍സന്‍ നല്‍കുന്ന സൂചന. എണ്ണ ഉല്‍പാദകരാജ്യങ്ങളുടെ സംഘടനയായ ഒപ്പേക്കും സംഘടനയില്‍പ്പെടാത്ത റഷ്യയും വെനിസ്വേലയും ചേര്‍ന്ന് ഉല്‍പാദനം ഗണ്യമായി വെട്ടിച്ചുരുക്കിയത് തകര്‍ന്ന എണ്ണവില പിടിച്ചുകയറാന്‍ സഹായകമായി. നേരത്തെ ഇറാനുനേരെയുണ്ടായിരുന്ന യു എസ് ഉപരോധം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇറാനിയന്‍ ക്രൂഡോയിലും ആഗോളവിപണിയിലെത്തിയത് വിലയിടിവിനു കാരണമായി. ഇറാന്റെ പ്രതിദിന ഉല്‍പാദനമായ 38 ലക്ഷം ബാരലില്‍ 25 ലക്ഷവും ആഗോളവിപണിയിലേക്കാണ് ഒഴുകിക്കൊണ്ടിരുന്നത്.

എന്നാല്‍ ഇറാനെതിരായ ഉപരോധം യു എസ് പുനഃസ്ഥാപിച്ചതോടെ ഈ എണ്ണ പ്രവാഹം നിലച്ചുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ ആഭ്യന്തര യുദ്ധങ്ങളും സിറിയയ്ക്കുമേലുള്ള ഇസ്രയേലി ആക്രമണവും മൂലം ആ രാജ്യങ്ങളിലെ ഉല്‍പാദനത്തകര്‍ച്ചയും എണ്ണവില കയറ്റത്തിനു കാരണമാകുന്നു. ഇറാന്റെ എണ്ണയില്ലാതെ തന്നെ ആഗോളവിപപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒപ്പേക് റഷ്യ-വെനസ്വേല സഖ്യത്തിനാവുമെന്ന് യുഎഇ ഊര്‍ജ-വ്യവസായമന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജ് ഹാരിസ് അല്‍ മസ്‌റൂല്‍ ഇന്നലെ വ്യക്തമാക്കിയിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉപഭോക്താക്കളായ ചൈനയ്ക്കും ഇന്ത്യയ്ക്കും ആവശ്യത്തിന് എണ്ണ ലഭ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

പക്ഷേ വില നിലംപൊത്തിക്കിടന്നപ്പോഴും ഇന്ത്യന്‍ ഉപഭോക്താക്കളെ കൊള്ളയടിച്ച മോഡിഭരണകൂടവും എണ്ണകോര്‍പ്പറേറ്റുകളും ചേര്‍ന്ന അവിശുദ്ധ സഖ്യം കുതിച്ചുയരുന്ന ക്രൂഡോയില്‍ വില കൂടുതല്‍ കൊള്ളയ്ക്കാണ് ഉപയോഗിക്കുക. ഈയാഴ്ചത്തെ ഇന്ത്യന്‍ പെട്രോള്‍-ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിലേക്ക് ഉയരുമെന്ന സൂചന നല്‍കുന്നതും ഗള്‍ഫിലെ എണ്ണകാര്യ വിദഗ്ധര്‍ തന്നെയാണ്.