കൊല്ലം: അകാലത്തില്‍ പൊലിഞ്ഞ നടന്‍ ജയന്റെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച ജയന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച അഭിനേതാക്കളായി മമ്മൂട്ടി, ഉര്‍വ്വശി എന്നിവരെയും മികച്ച സംവിധായകന്‍ രഞ്ജിത്ത്, മികച്ച യുവനടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ തെരഞ്ഞെടുത്തു. പുതുമുഖ നടീനടന്മാര്‍ക്കുള്ള പുരസ്‌കാരം ജുബില്‍ രാജന്‍ പി ദേവ്, ആന്‍ അഗസ്റ്റിന്‍, കുമാരി മേഘന എന്നിവര്‍ക്കും നല്‍കും.
ഫൗണ്ടേഷന്റെ ഭാരവാഹികളായ രജപുത്ര രഞ്ജിത്തും, ആദിത്യനും പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
ജയനോടൊപ്പം സിനിമാരംഗത്ത് പ്രവര്‍ത്തിച്ച നടന്‍ മധു, ശ്രീകുമാരന്‍ തമ്പി, ത്യാഗരാജന്‍ മാസ്റ്റര്‍ സുകുമാരി, കവിയൂര്‍ പൊന്നമ്മ, സീമ, ഐ വി ശശി, കെ ആര്‍ വിജയ, ഷീല എന്നീ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കുമെന്നും അവര്‍ പറഞ്ഞു.
2011 മാര്‍ച്ചില്‍ തിരുവനന്തപുരത്താണ് അവാര്‍ഡ്ദാനചടങ്ങ്. ജയന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയതാണ് ജയന്‍ ഫൗണ്ടേഷന്‍. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌പെയര്‍ മീഡിയാ ഗ്രൂപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുക. വര്‍ണ്ണാഭമായ അവാര്‍ഡ്ദാന ചടങ്ങ് പ്രശസ്ത സംവിധായകന്‍ റ്റി എ സജി ഉദ്ഘാടനം ചെയ്യും.
മാനസിക വൈകല്യം നേരിടുന്ന കുട്ടികള്‍ക്കായി ആശാ കേന്ദ്രവും സ്‌കൂളും തുടങ്ങാന്‍ ജയന്‍ ഫൗണ്ടേഷന് പദ്ധതിയുണ്ട്. ജയന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ രക്ഷാധികാരിയായി രജപുത്ര രഞ്ജിത്തിനെ നിയമിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തരിച്ച നടന്‍ ജയന്റെ ഇളയ സഹോദര പത്‌നി ശ്രീദേവിയും മകനും നടനുമായ ആദിത്യനും, മകള്‍ ലക്ഷ്മിയും നേതൃത്വം വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങള്‍ ട്രസ്റ്റില്‍ അംഗങ്ങളായിരിക്കും. ജയന്റെ സ്മരണ നിലനിര്‍ത്താന്‍ കൊല്ലത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് അവര്‍ അറിയിച്ചു.
ഗീതാകൃഷ്ണന്‍, ഇന്‍സ്‌പെയര്‍ ഡയറക്ടര്‍ സുരേഷ്ബാബു, പ്രശാന്ത് പട്ടത്തുവിള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
|