തിരുവനന്തപുരം: താന്‍ സിനിമയെ തേടി പോയതല്ല, മറിച്ച് സിനിമ തന്നെ തേടി വന്നതാണെന്ന് ടി വി ചന്ദ്രന്‍ പറഞ്ഞു. ശ്രീ തിയേറ്ററില്‍ ചലച്ചിത്ര നിരൂപകനും മാധ്യമ നിരീക്ഷകനുമായ വെങ്കിടേശ്വരനുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തികമായി പിന്നോക്കമായിരുന്നിട്ടും സിനിമാ ലോകത്തേക്ക് കടക്കണമെന്ന് അതിയായി മോഹമുണ്ടായിരുന്ന കാലത്ത് സുഹൃത്ത് പവിത്രനും ഒപ്പമുണ്ടായിരുന്നു.
പവിത്രനാണ് പിന്നീട് സിനിമയിലേക്ക് തന്നെ നയിച്ചത്. കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം സിനിമയെ പറ്റി കൂടുതലറിയാന്‍ പവിത്രന്‍ നിര്‍മ്മിച്ചതാണ്. സംവിധായകന്‍ പി എ ബക്കര്‍ അന്നുമുതലാണ് ഗുരുവായത്. അടിയന്തരാവസ്ഥ കാലത്ത് ചിത്രീകരിച്ച കൃഷ്ണന്‍കുട്ടി എന്ന സിനിമയോടെയാണ് വെള്ളിത്തിരയിലെത്തിയത്. അദ്ദേഹം പറഞ്ഞു.
സിനിമാലോകത്ത് എത്തിയിട്ട് 30 വര്‍ഷം തികയുന്ന ടി വി ചന്ദ്രന്റെ സിനിമാജീവിതത്തെ മൂന്ന് ഘട്ടമായി തിരിക്കാമെന്ന് വെങ്കിടേശ്വരന്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടിയില്‍ തുടങ്ങുന്ന ആദ്യഘട്ടം. സിനിമയിലെ തുടക്കക്കാരന്റെ കാലഘട്ടമാണത്. പൊന്തന്‍മാടയും സൂസന്നയുമടങ്ങുന്ന ആത്മാംശം അടങ്ങുന്ന രണ്ടാംഘട്ടം. സാമൂഹ്യ പ്രശ്‌നങ്ങളെ ചിത്രീകരിക്കുന്ന പാഠം ഒന്ന് ഒരു വിലാപം, ഭൂമി മലയാളം എന്നിവ മൂന്നാം ഘട്ടം.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് തന്റെ സിനിമയില്‍ പ്രാധാന്യമേറുന്നത് തീര്‍ത്തും സ്വാഭാവികമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആളുകളുടെ ജീവിതമാണ് എന്റെ സിനിമയുടെ അടിസ്ഥാനം. സ്ത്രീകള്‍ അതില്‍പ്പെടുന്നുവെന്ന് മാത്രം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രം വേറിട്ട കഥാഗതിയുമായി വെള്ളിത്തിരയില്‍ വരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
|