Monday
25 Jun 2018

മൂന്നുപേരെ കുത്തി പരിക്കേല്‍പിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു

By: Web Desk | Wednesday 30 August 2017 10:25 AM IST

കിളികൊല്ലൂര്‍: ഓട്ടോ ഡ്രൈവറെയും അന്യസംസ്ഥാന തൊഴിലാളിയേയും ഉള്‍പ്പെടെ മൂന്നു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കിളികൊല്ലൂര്‍ മാതൃകനഗറില്‍ അറഫ മന്‍സിലില്‍ നജീബ് (39) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. തെക്കടം ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 10.30നാണ്‌ സംഭവം. തെക്കടം ക്ഷേത്രത്തിന് സമീപം ചേമ്പ്ര വീട്ടില്‍ ഓട്ടോ ഡ്രൈവര്‍ സജീവ്(45), സലാമത്ത് നഗര്‍ ഗോപ നിവാസില്‍ ഗോപകുമാര്‍ (39), മാതൃകനഗറിലുള്ള സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി എന്നിവര്‍ക്കാണ് കുത്തേറ്റത്. റോഡില്‍ കത്തികളുമായി നിന്ന് ബഹളം വച്ച നജീബ് അതുവഴി ഓട്ടോ ഓടി വന്ന സജീവിനെ തടഞ്ഞു നിര്‍ത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സജീവിന്റെ  നിലവിളി കേട്ട് ഓടിയെത്തിയ അസം സ്വദേശിയെയും ബൈക്കിലെത്തിയ ഗോപകുമാറിനെയും നജീബ് കുത്തുകയായിരുന്നു. ഓടിക്കൂടിയവര്‍ മൂവരെയും കൊല്ലത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ഇതിനിടെ വീട്ടിനുള്ളില്‍ കയറി കതകടച്ച നജീബിനെ കിളികൊല്ലൂര്‍ പൊലീസ് എത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. തുടര്‍ന്ന് കതക് തള്ളി തുറന്നതോടെ കിടപ്പുമുറിയില്‍ നജീബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ ഹസീന മക്കള്‍ നൈഫ്, ഹസ്‌ന, നഫ്‌സല്‍.

Related News