Friday
14 Dec 2018

ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കണമെന്നാവശ്യം:സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

By: Web Desk | Sunday 18 February 2018 7:52 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ മൂന്ന് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍.

ഒരു കുടുംബത്തില്‍ രണ്ട് കുട്ടികളെന്ന നയം നടപ്പിലാക്കാന്‍ കേന്ദ്രം പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന മൂന്ന് വ്യത്യസ്ത പരാതികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ അനുജ് സക്‌സേന, പ്രത്വിരാജ് ചൗഹാന്‍, പ്രിയ ശര്‍മ എന്നിവര്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ രാജ്യത്തിന്‍റെ വികസനത്തിന് വെല്ലുവിളിയാണെന്നും 2022ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.5 ബില്യന്‍ കടക്കുമെന്നും പറയുന്നു.

ഇത് രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കും നിരക്ഷരതക്കും, ആരോഗ്യ പ്രതിസന്ധികള്‍ക്കും, മലിനീകരണത്തിനും, ആഗോളതാപനത്തിനുമെല്ലാം വഴിയൊരുക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന പ്രതിസന്ധികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നയം പൗരന്മാരിലെത്തിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് പാരിതോഷികങ്ങളും അല്ലാത്തപക്ഷം ശിക്ഷ നല്‍കുന്ന രീതികളും അവലംബിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

1951ലെ സെന്‍സസ് പ്രകാരം 36.1 കോടിയായിരുന്ന ഇന്ത്യയിലെ ജനസംഖ്യ 2011ല്‍ 121 കോടി ആയി മാറിയതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജിയില്‍ കോടതി ബുധനാഴ്ച വാദം കേള്‍ക്കും. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് രാജ്യത്ത് നിലവിലുള്ള പ്രകൃതി വിഭവങ്ങള്‍ പര്യാപ്തമല്ലെന്നും ഇത് രൂക്ഷമായ ക്ഷാമങ്ങളിലേക്കും പ്രതിസന്ധികളിലേക്കും വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ അനുപം വാജ്‌പേയ് കഴിഞ്ഞ ഫെബ്രുവരി 12ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Related News