Wednesday
21 Nov 2018

സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

By: Web Desk | Thursday 7 December 2017 6:31 PM IST

കോഴിക്കോട്: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ മെഗാ ക്യാമ്പ് കോഴിക്കോട് വെളളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവ കണ്ടെത്തി പ്രധിരോധിക്കേണ്ടതുണ്ട്.സുസ്ഥിരമായ പുനരധിവാസം ഉറപ്പു വരുത്തണം. ഇതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് 5 ശതമാനം സംവരണവും ജോലിക്ക് 4 ശതമാനം സംവരണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേതുമായി 250 കോടിയുടെ പദ്ധിതകളാണ് നടപ്പിലാക്കുന്നത്. സ്‌കൂള്‍ പഠനം, പോഷകാഹാരം, പുനരധിവാസം എന്നിവ വിവിധ പദ്ധതികള്‍ പ്രകാരം ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ഇനിയുമുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ വിതരണത്തിലും കാലതാമസം ഒഴിവാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവണം. സര്‍ക്കാര്‍ ഓഫീസുകളില്‍ അംഗ പരിമിതര്‍ക്ക് റാമ്പ്, ലിഫ്റ്റ്, വീല്‍ ചെയര്‍, പ്രത്യേക ടോയ്‌ലറ്റ് എന്നിവ സജ്ജമാക്കും. വാഹന പാര്‍ക്കിംഗിന് പ്രത്യേക സൗകര്യമൊരുക്കും. 10 ലക്ഷം ഭിന്നശേഷിക്കാര്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ 43 ശതമാനം പേര്‍ ചലനശേഷി കുറഞ്ഞവരാണ്. ഇവര്‍ക്ക് വേണ്ട പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടിവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പ്രാവര്‍ത്തികമാവാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം കൂടി ആവശ്യമാണ്.
ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി പി. ബിജുപ്രഭാകര്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, നാഷണന്‍ ട്രസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ടി. ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ പി.ബിജുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഷീബ മുംതാസ്, അസി. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്‍.സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയ്യെത്തും ദൂരത്ത് എന്ന പേരില്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ 32 ക്യാമ്പുകള്‍ വഴി തീര്‍പ്പായ 2404 മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളും 747 ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്തത്.
കയ്യെത്തും ദൂരത്ത് പദ്ധതിയില്‍ കോഴിക്കോടന്‍ കാമ്പസുകളിലെ നൂറു കണക്കിന് കുട്ടികളും പങ്കാളികളായിരുന്നു. സ്വന്തം ഫോണുകളില്‍ നിന്നും 18000 ഫോണ്‍ കോളുകളും 10000 അപേക്ഷകളുടെ കമ്പ്യുട്ടര്‍ റെക്കോഡുകളും തയ്യാറാക്കിയത് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്. 5 മെഡിക്കല്‍ സ്‌പെഷലിസ്റ്റുകളും മൂന്നു മറ്റു വിഭാഗം വിദഗ്ധരും 26 ദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ക്യാമ്പുകള്‍ നടത്തി. നാഷണല്‍ ട്രസ്റ്റ് ബോര്‍ഡ് ആറു ദിവസത്തെ അദാലത്ത് നടത്തി. ഈ 32 ക്യാമ്പുകളുടെയും സാമ്പത്തിക ബാധ്യത പൂര്‍ണമായും ഏറ്റെടുക്കാന്‍ അതാത് പ്രദേശത്തുള്ള സാമൂഹ്യ സംഘടനകള്‍ മുമ്പോട്ട് വന്നത് പദ്ധതിയ്ക്ക് ഏറെ സഹായകരമായി.
32 ക്യാംപുകളില്‍ സഹായികളായി കുട്ടികളും മുതിര്‍ന്നവരുമായി ജില്ലാകളക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിയിലുള്ളവരും ആരോഗ്യ, സാമൂഹ്യ നീതി, റവന്യു വകുപ്പുകളിലെയും സാമൂഹ്യ സുരക്ഷ ദൗത്യത്തിലെയും ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ സഹകരണവുണമുണ്ടായി. കോഴിക്കോട്ടെ കോമ്പോസിറ്റി റീജിയണല്‍ സെന്ററാണ് അദാലത്ത് ഏകോപിപ്പിച്ചത്.

 

Related News