Tuesday
13 Nov 2018

ഗൗരിലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതി കെ എസ് ഭഗവാനെ വധിക്കാന്‍ പദ്ധതിയിട്ടു

By: Web Desk | Monday 5 March 2018 11:04 PM IST

കൊലപാതക ആസൂത്രണം ജനുവരിയില്‍ തുടങ്ങി

ബംഗളുരു: ഗൗരിലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെ ടി നവീന്‍ കുമാറും സംഘവും എഴുത്തുകാരനായ കെ എസ് ഭഗവാനെ കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നവീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കെ എസ് ഭഗവാനെ കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചത്. മൈസൂര്‍ സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറും പ്രമുഖ കന്നഡ എഴുത്തുകാരനുമായ കെ എസ് ഭഗവാന്‍ തീവ്ര ഹിന്ദുത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്ന എഴുത്തുകാരനാണ്. ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ഇദ്ദേഹത്തിന് കര്‍ണാടക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ജനുവരിയില്‍ ഭഗവാനെ വധിക്കാനുള്ള എല്ലാ പദ്ധതികളും നവീന്‍ കുമാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അത് സാധിക്കാതെ വരികയും കഴിഞ്ഞദിവസം അറസ്റ്റിലാകുകയുമായിരുന്നു.
അതേസമയം വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നവീനെ പതിവായി വിളിച്ചിരുന്ന വ്യക്തിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മംഗളുരുവിലെ പബ്ലിക് ടെലഫോണുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ നവീന്‍ കുമാറിനെ വിളിച്ചിരുന്നത്. നവീനുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയും തീവ്രഹിന്ദുത്വ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. നവീന്‍ കുമാറും കൊലപാതകം ആസൂത്രണം ചെയ്തവരും തമ്മിലുള്ള ബന്ധം ഇയാള്‍ വഴിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഫെബ്രുവരി 18നാണ് 37കാരനായ നവീന്‍ അറസ്റ്റിലായത്. 65 എംഎം പിസ്റ്റളില്‍ നിന്നാണ് ഗൗരിക്ക് വെടിയേറ്റത്. ഈ കൃത്യം ഇയാളാണ് നിര്‍വഹിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഗൗരിയുടെ മരണത്തിന് മുമ്പ് അവരുടെ വീടിന് സമീപം സംശയാസ്പദമായി കണ്ട ഹെല്‍മെറ്റ് ധരിച്ച് മോട്ടോര്‍ സൈക്കിളിലെത്തിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലാണ് ഇയാളെ ഗൗരിയുടെ വീടിന് സമീപം കണ്ടത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരാളാണ് ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. അത് നവീന്‍ തന്നെയായിരുന്നോ എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടത്തുന്നത്.
കെ എസ് ഭഗവാനെ ഉടന്‍ കൊലപ്പെടുത്തുമെന്ന് 2015 ലും അജ്ഞാത സന്ദേശം ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. രാമായണത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സംഘപരിവാര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.പ്രൊഫസര്‍ കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ധാബോല്‍ക്കറിനെയും കൊലപ്പെട്ടുത്തിയവര്‍ക്ക് കെ എസ് ഭഗവാനെ എത്ര സുരക്ഷ ഉണ്ടെങ്കിലും നിഷ്പ്രയാസം കൊലപ്പെടുത്തുവാന്‍ കഴിയുമെന്നാണ് അജ്ഞാത കൊലയാളി അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കല്‍ബുര്‍ഗിക്ക് പിറകെ ഭഗവാനെ കൊലപ്പെടുത്തുമെന്ന് സംഘപരിവാര്‍ നേരത്തെ പരസ്യമായി ഭീഷണിയും മുഴക്കിയിരുന്നു. ഒരു പൊലീസിനും തന്നെ മരണത്തില്‍ നിന്ന് രക്ഷിക്കാനാവില്ല എന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു .തുടര്‍ച്ചയായ 3 കൊലപാതകങ്ങള്‍ നടത്തിക്കഴിഞ്ഞു .അടുത്ത ഇര നീയാണ് എന്ന് കത്ത് സൂചിപ്പിക്കുന്നു. കല്‍ബര്‍ഗി കൊല്ലപ്പെട്ടതിനു ശേഷം അടുത്ത ഇര മറ്റൊരു സംഘ വിരുദ്ധ നേതാവാണെന്നും ഇയാളെ ഇല്ലാതാക്കുമെന്നും ദക്ഷിണ കന്നടയിലെ ഒരു സംഘ പരിവാര്‍ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തിരുന്നു.

Related News