Thursday
18 Oct 2018

വിന്ധ്യനും കടന്ന്

By: Web Desk | Thursday 12 October 2017 11:15 PM IST

ക്ലൈവിന്റെ കുതന്ത്രങ്ങളും പ്ലാസി യുദ്ധവും ബസ്‌കര്‍ യുദ്ധവും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ബംഗാള്‍ അനായാസം ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1911ല്‍ ഡല്‍ഹി തലസ്ഥാനമാകുന്നതുവരെ കല്‍ക്കത്ത തലസ്ഥാനമാക്കി അവര്‍ പൂര്‍ണമായും ബംഗാള്‍ ഭരിച്ചു തുടങ്ങി. ഇന്ത്യയില്‍ ഇംഗ്ലീഷുകാര്‍ക്കുണ്ടായ ആദ്യത്തെ പ്രസിഡന്‍സി സാമ്രാജ്യം ബംഗാള്‍ ആയിരുന്നു. അവരുടെ ദുര്‍ഭരണം കാരണം ഐശ്വര്യഭൂമിയായ ബംഗാള്‍ ഒരു വികൃതഭൂമിയായിത്തീര്‍ന്നു. ഒരു വ്യാഴവട്ടം കഴിയും മുന്‍പ് മൂന്നിലൊരു ഭാഗം ജനങ്ങളുടെ ജീവന്‍ അപഹരിച്ചുകൊണ്ട് കടുത്ത ക്ഷാമം അവിടെ സംഹാരതാണ്ഡവമാടി. ആരും ശ്രദ്ധിക്കാതെ പട്ടിണികൊണ്ട് തളര്‍ന്നുവീണ് മരിച്ചവരുടെ ജഡങ്ങള്‍ അനാഥപ്രേതങ്ങളായി കുമിഞ്ഞുകൂടി. പകര്‍ച്ചവ്യാധി മൂലം ഗ്രാമീണര്‍ കൂട്ടത്തോടെ നാടുവിട്ടു. ഈ അവസ്ഥ ശ്രദ്ധിക്കുവാനോ, മാറ്റം വരുത്തുവാനോ ബ്രിട്ടീഷ് ഭരണാധികാരികള്‍ യാതൊരു ശ്രമവും നടത്തിയില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടായിരുന്നു ഭരണാധികാരികള്‍ക്ക്. എന്നാല്‍ അവരെ ഉല്‍ക്കണ്ഠപ്പെടുത്തിയ ഒരു കാര്യമുണ്ടായിരുന്നു- മരിച്ചുകഴിഞ്ഞവര്‍ പലവകയില്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് അടച്ചുതീര്‍ക്കാനുള്ള നികുതിപ്പണവും മറ്റും ആരില്‍ നിന്നും ഈടാക്കും, അതായിരുന്നു അവരുടെ ചിന്ത. അതിന് ക്ലൈവ് ഒരു മാര്‍ഗം കണ്ടുപിടിച്ചു. ജീവിച്ചിരിക്കുന്നവരില്‍നിന്നും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും നികുതിപിരിക്കാന്‍ തുടങ്ങി.

വാറന്‍ ഹേസ്റ്റിങ്‌സ് ഗവര്‍ണറാകുന്നു

ഇത്തരം കൊള്ളരുതായ്മകള്‍ കണക്കിലധികം വര്‍ധിച്ചപ്പോള്‍ ഇതിന്റെയെല്ലാം സൂത്രധാരനായ ക്ലൈവിനെ കമ്പനി ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചുവിളിച്ചു. പകരം വന്നതാകട്ടെ ക്ലൈവിനെയും കടത്തിവെട്ടുന്നൊരു വമ്പന്‍- വാറന്‍ ഹേസ്റ്റിങ്‌സ്. അയാള്‍ മുമ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളതുകൊണ്ട് പല ഉന്നതപദവികളും അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്നതാകട്ടെ ബംഗാള്‍ ഗവര്‍ണറായിട്ട്. തുടര്‍ന്ന് ബോംബെ, മദ്രാസ്, ബംഗാള്‍ എന്നീ പ്രവിശ്യകളുടെ ഗവര്‍ണര്‍ ജനറലായി മാറി.

മൈസൂര്‍ വ്യാഘ്രം

ഇംഗ്ലീഷുകാര്‍ ബംഗാള്‍ മൊത്തമായും പിടിച്ചടക്കിയെങ്കിലും തെക്കേ ഇന്ത്യയില്‍ പിടിമുറുക്കുക അത്ര എളുപ്പമായിരുന്നില്ല. കാരണം വിന്ധ്യനപ്പുറമുള്ള നാട്ടുരാജ്യങ്ങള്‍ വളരെ ഭദ്രമായിരുന്നു. മൈസൂറിലെ ഹൈദരാലി ബ്രിട്ടീഷുകാരുടെ കരുത്തനായ പ്രതിയോഗിയായിരുന്നു. പിതാവിനോടൊപ്പം പതിനെട്ടാം വയസുമുതല്‍ യുദ്ധരംഗത്തും മറ്റും നിറഞ്ഞു നിന്നൊരു യോദ്ധാവായിരുന്നു ഹൈദരാലിയുടെ മകനായ ടിപ്പു അഥവാ ടിപ്പുസുല്‍ത്താന്‍. ഒരവസരത്തില്‍ ടിപ്പുവിനോട് പടവെട്ടാന്‍ കഴിയാതെ ഇംഗ്ലീഷ് സൈന്യം ഓടിപ്പോവുക പോലുമുണ്ടായി. അയ്യായിരം ഭടന്മാരോടൊപ്പം ഹൈദര്‍ മദ്രാസിലേക്കയച്ച ടിപ്പു ഈ പടയോട്ടത്തിലാണ് ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന സെന്റ് തോമസ് മൗണ്ട് പിടിച്ചടക്കിയതും അവിടെ കോട്ട പണിതതും.
അച്ഛന്റെ മരണാനന്തരം അധികാരത്തിലെത്തിയ ടിപ്പു അപ്പോഴും ഇംഗ്ലീഷുകാരോടുള്ള വൈരം തുടര്‍ന്നു. അന്നത്തെ ഇന്ത്യയിലെ അതിസമ്പന്നമായ നാട്ടുരാജ്യമായിരുന്ന മൈസൂറിന്റെ ഒരു തുണ്ടു ഭൂമി പോലും അന്യാധീനപ്പെടുത്താതെ ഒരു കാവല്‍ക്കാരനെപോലെ സംരക്ഷിക്കുകയായിരുന്നു മൈസൂര്‍ വ്യാഘ്രം. അതിന് പിന്‍ശക്തിയായി പ്രജകളുടെ നിതാന്ത സൗഹൃദവും സഹകരണവും ടിപ്പുവിന് ലഭിച്ചിരുന്നു.

മൂന്നാം മൈസൂര്‍ യുദ്ധം

ഹൈദരാബാദിലെ നൈസാമിനും മഹാരാഷ്ട്രയിലെ പെഷ്വയ്ക്കും ടിപ്പുവിന്റെ വളര്‍ച്ചയില്‍ ഭയമുണ്ടായിരുന്നു. കടുത്ത ഇംഗ്ലീഷ് വിരോധികളെങ്കിലും ഒരു പൊതുശത്രുവെന്ന നിലയില്‍ ടിപ്പുവിനോട് പോരിടാന്‍ ഇംഗ്ലീഷുകാരുമായി ചേരാന്‍ അവര്‍ തയാറായി. ടിപ്പുവിനെതിരെയുള്ള ഗൂഢനീക്കത്തിന്റെ സൂത്രധാരന്‍ അന്നത്തെ ഗവര്‍ണര്‍ ജനറലായ കോണ്‍വാലിസ് പ്രഭുവായിരുന്നു. അയാള്‍ ടിപ്പുവിനെതിരെ മിര്‍ജാഫര്‍മാരെ സൃഷ്ടിക്കുവാന്‍ തുടങ്ങി. ടിപ്പുവിന്റെ സൈന്യത്തില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ഒറ്റുകാരെയും സജ്ജമാക്കി. അങ്ങനെ മൂന്ന് കൂട്ടരും കൂടി ടിപ്പുവിനെതിരെ പടനീക്കം നടത്തി ഇതാണ് മൂന്നാം മൈസൂര്‍ യുദ്ധം എന്ന പേരിലറിയപ്പെടുന്നത്. ശ്രീരംഗ പട്ടണത്തുവച്ചാണവര്‍ ഏറ്റുമുട്ടിയത്. ത്രിമുഖമായ ആക്രമണത്തിന് മുന്നില്‍ ടിപ്പുവിന്റെ സൈന്യം പതറി. ഒടുവില്‍ പരാജയം സമ്മതിക്കേണ്ടി വന്നു. എതിരാളികളുടെ ആവശ്യാനുസരണം ഒരു ഉടമ്പടിയില്‍ ഒപ്പിടേണ്ടി വന്നു. കരാര്‍ പ്രകാരം ഇംഗ്ലീഷുകാര്‍ക്ക് മലബാറും കുടകും വിട്ടുകൊടുക്കേണ്ടി വന്നു. മലബാര്‍ അന്ന് മൈസൂറിന്റെ കീഴിലായിരുന്നു. ഹൈദരാലി സാമൂതിരിയെ കീഴടക്കിയതിനെത്തുടര്‍ന്നാണ് മലബാര്‍ അവരുടെ അധീനതയിലായത്.

വെല്ലൂര്‍ കലാപം
വ്യവസ്ഥപ്രകാരം നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ ഇംഗ്ലീഷുകാര്‍ ആവശ്യപ്പെട്ടു. ഒരുകോടി അപ്പോള്‍ത്തന്നെ കൊടുത്തു. ബാക്കി തുകയ്ക്ക് പകരമായി ടിപ്പുവിന്റെ എട്ടും പത്തും വയസുള്ള പുത്രന്മാരെ കോണ്‍വാലിസ് പണയപ്പണ്ടമായി വാങ്ങി വെല്ലൂര്‍ കോട്ടയ്ക്കകത്ത് തടവിലിട്ടു. ഈ ഹീനമായ പ്രവൃത്തിയില്‍ രോഷംപൂണ്ട തദ്ദേശീയരും ദേശസ്‌നേഹികളുമായ ശിപായിമാര്‍ കോട്ട ആക്രമിച്ചു. ഈ കലാപമാണ് വെല്ലൂര്‍ കലാപം. ആയുധധാരികളായ ഇംഗ്ലീഷ് സൈന്യം മൊത്തം നാട്ടുപട്ടാളത്തെയും വളഞ്ഞുപിടിച്ച് കൊന്നൊടുക്കുകയും കുട്ടികളെ രണ്ടുപേരെയും കല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ടിപ്പു ബാക്കി തുക കൊടുക്കാന്‍ തയാറായെങ്കിലും അവര്‍ക്ക് ടിപ്പുവിന്റെ ജീവനായിരുന്നു ആവശ്യം.

ടിപ്പുവിന്റെ അന്ത്യം
ഇരുസൈന്യങ്ങളും ശ്രീരംഗപട്ടണത്തിന് കുറച്ചകലെയുള്ള മഹതാബാദില്‍ വച്ച് ഏറ്റുമുട്ടി. രണ്ടുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. ഒടുവില്‍ പരാജയത്തെ മുഖാമുഖം കണ്ട ടിപ്പു യുദ്ധരംഗത്തു നിന്നും അപ്രത്യക്ഷനായി. ശ്രീരംഗപട്ടണം കോട്ടയ്ക്കകത്ത് ഒളിച്ചുകഴിഞ്ഞ ടിപ്പുവിനെ സ്വന്തം സൈന്യത്തില്‍ തന്നെ ഉണ്ടായിരുന്ന അംഗരക്ഷകന്‍ കൂടിയായ മിര്‍സാദിക്ക് ഒറ്റുകൊടുക്കുകയാണുണ്ടായത്. കോട്ടയുടെ പിന്‍ഭാഗത്ത് രഹസ്യ അറയുണ്ടായിരുന്നത് ആ വഞ്ചകന്‍ ഇംഗ്ലീഷ് സൈന്യത്തിന് കാട്ടിക്കൊടുത്തു. കോട്ടക്കുള്ളില്‍ വച്ചും ഏറ്റുമുട്ടലുണ്ടായി. മറ്റൊരു മാര്‍ഗത്തിലൂടെ സുല്‍ത്താന് രക്ഷപ്പെടാനാകുമായിരുന്നെങ്കിലും അദ്ദേഹം അതിന് തയാറായില്ല. ഒടുവില്‍ ശത്രുവിന്റെ വെട്ടേറ്റ് സുല്‍ത്താന്‍ നിലംപതിച്ചു.
ടിപ്പുസുല്‍ത്താന്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ഹൈദരാലി ഒരു നിരക്ഷരനായിരുന്നെങ്കിലും മകന്‍ ടിപ്പു പേര്‍ഷ്യന്‍, അറബി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ നിപുണനായിരുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ മതവിദേ്വഷിയായിട്ടാണ് ചിത്രീകരിച്ചത്. ശ്രീരംഗപട്ടണത്തെ ഹൈന്ദവക്ഷേത്രവും സന്യാസിമാരും മഠാധിപന്മാരുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ സൗഹൃദം അത്തരം വിലയിരുത്തലുകളുടെ മുനയൊടിക്കുന്നു. സാധാരണക്കാരായ കൃഷിക്കാരുടെയും വ്യാപാരികളുടെയും താത്പര്യം സംരക്ഷിക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്ന ഒരു ജനകീയ ഭരണാധിപനായിരുന്നു ടിപ്പു സുല്‍ത്താന്‍.
ടിപ്പുവിനുശേഷം മൈസൂര്‍ ഇംഗ്ലീഷുകാര്‍ക്കധീനമായെങ്കിലും ആ പ്രദേശത്തിന്റെ ഭരണം പഴയ ഉടമസ്ഥരായിരുന്ന വൊഡയാര്‍ രാജവംശത്തിന് തിരിച്ചുനല്‍കുകയാണുണ്ടായത്.