Wednesday
19 Sep 2018

പ്ലാസിയുദ്ധം

By: Web Desk | Monday 25 September 2017 1:09 AM IST

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്

 

ബോംബെ കൂടി കൈപ്പിടിയിലായപ്പോള്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. ഇന്ത്യയെ കീഴടക്കി ഇവിടെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷുകാര്‍ ആസൂത്രിതമായ രീതിയില്‍ നടപ്പാക്കിയ പരിപാടിയില്‍ അവര്‍ നിര്‍ണായക വിജയം നേടിയത് പ്ലാസിയില്‍വച്ചായിരുന്നു. ഇംഗ്ലീഷുകാരും ബംഗാളിലെ സാഹസികനും ചെറുപ്പക്കാരനുമായ സിറാജ്-ഉദ്-ദൗള എന്ന നവാബും തമ്മില്‍ 1757 ല്‍ നടന്ന യുദ്ധമായിരുന്നു അത്.

റോബര്‍ട്ട് ക്ലൈവ്
പ്ലാസിയുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നും വന്ന ഒരു കഥാപുരുഷനാണ് റോബര്‍ട്ട് ക്ലൈവ്. വീടിനും നാടിനും കൊള്ളാത്തവന്‍ എന്ന വിശേഷണം അദ്ദേഹത്തിന് ഏറെ അനുയോജ്യമാണ്. ശല്യക്കാരനും കുടുംബത്തിനു പേരുദോഷം വരുത്തിവയ്ക്കുവാനുമായി ജനിച്ചവന്‍. ബാല്യ കൗമാരങ്ങള്‍ പാഴാക്കിയ ഒരു ദുര്‍വൃത്തന്‍, സ്വന്തം മകനെ ഓര്‍ത്ത് ദുഃഖിതനായിരുന്ന ക്ലൈവിന്റെ അച്ഛന്‍ ഈസ്റ്റിന്ത്യാ കമ്പനിയോട് നടത്തിയ അഭ്യര്‍ഥന പ്രകാരം ഇന്ത്യയിലേക്ക് കടല്‍കടത്തി. ഇവിടെ കമ്പനിയുടെ ഓഫീസില്‍ വെറുമൊരു ഗുമസ്തനായി ജീവിതമാരംഭിച്ചു. ആ ജോലിയോടുളള വിരസതമൂലം സൈന്യത്തില്‍ ചേര്‍ന്നു. അവിടെ സാഹസികതകള്‍ കാട്ടാനുള്ള രംഗം തുറന്നുകിടക്കുകയായിരുന്നു. യുദ്ധരംഗങ്ങളില്‍ അസാമാന്യ ധൈര്യവും വൈഭവവും കാണിച്ച ക്ലൈവ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ പിഴച്ച ജാതകം തിരുത്തപ്പെടുകയും പിന്നീടങ്ങോട്ട് അടിവച്ചടിവച്ചുയരാനും തുടങ്ങി. മദ്രാസില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈനികമേധാവികളില്‍ ഒരാളായിത്തീരുകയും ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം അനിഷേധ്യവിജയം നേടിക്കൊടുത്തുകൊണ്ട് ക്ലൈവ് മുന്നേറുകയുമായിരുന്നു.
നാടിനും വീടിനും കൊള്ളാത്ത തെണ്ടിച്ചെറുക്കന്‍ എന്നു പറഞ്ഞ അതേ നാവുകൊണ്ട് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മഹാനായ സ്ഥാപകന്‍ എന്ന് തിരുത്തിപ്പറയേണ്ടിവന്നു. ബ്രിട്ടീഷുകാര്‍ക്ക് റോബര്‍ട്ട് ക്ലൈവ് കണ്ണിലുണ്ണിയായിമാറി. സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി എന്ത് ദുഷ്‌കൃത്യവും ചെയ്യുന്നതില്‍ മനഃസാക്ഷിക്കുത്തില്ലാത്തൊരു ദുര്‍മോഹിയായിരുന്നു അയാള്‍. കുടിലതയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു ക്ലൈവ്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു പ്ലാസി യുദ്ധത്തില്‍ അയാള്‍ കാണിച്ചത്.

പ്ലാസിയുദ്ധത്തിന്റെ നാഴികക്കല്ല്
മുഗള്‍ ഭരണകാലത്ത് ഇന്ത്യയിലെ സമ്പന്നവും ഐശ്വര്യപൂര്‍ണവുമായ സംസ്ഥാനമായിരുന്നു ബംഗാള്‍. ഔറംഗസേബിന് ശേഷം മുഗള്‍വംശം ക്ഷയിച്ചപ്പോള്‍ അധികാര മോഹികളായ ഉദ്യോഗസ്ഥന്മാര്‍ തലപൊക്കിത്തുടങ്ങി. അവരിലൊരാളായിരുന്നു ബംഗാള്‍ നവാബായ അലിവര്‍ദ്ദിഖാന്‍. ബംഗാളിന്റെ ഭരണച്ചുമതല സ്വയം ഏറ്റെടുക്കുകയും വ്യാപാര ബന്ധം നടത്തിക്കൊണ്ടിരുന്നവരുമായി നല്ല ബന്ധം തുടരുകയും ചെയ്തു. നവാബിന്റെ ബന്ധുവും സേനാനായകനുമായിരുന്നു മിര്‍ജാഫര്‍ക്ക് വ്യാപാരികളുമായി നിഗൂഢബന്ധങ്ങള്‍ ഉണ്ടായിരുന്നു. 76-ാം വയസില്‍ അലിവര്‍ദ്ദിഖാന്‍ മരിച്ചപ്പോള്‍ ഭരണച്ചുമതല കൊച്ചുമകനും ഇരുപതുകാരനുമായ സിറാജ്-ഉദ്-ദൗളയില്‍ അര്‍പ്പിക്കപ്പെട്ടു. ചരിത്രം പറയുന്നത് ദൗള ഒരു കടുംപിടിത്തക്കാരനും ദുര്‍വാശിക്കാരനുമായിരുന്നു എന്നാണ്. എന്തായാലും ബ്രിട്ടീഷുകാരുടെ ആജന്മശത്രുവായിരുന്നു.
സിറാജിന് ബന്ധുക്കള്‍ ഉള്‍പ്പെടെ ധാരാളം ശത്രുക്കളുണ്ടായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു സൈന്യാധിപനായിരുന്ന മിര്‍ജാഫര്‍ എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. മതാടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ചില ഹൈന്ദവ പ്രമാണിമാരും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നു. തങ്ങളുടെ വരുതിയില്‍ ഒതുക്കാന്‍ പറ്റുന്ന പ്രകൃതക്കാരനല്ല സിറാജെന്ന് ഈസ്റ്റിന്ത്യാക്കമ്പനിക്ക് മനസിലായി. വ്യാപാര രംഗത്ത് കടുത്ത കൃത്രിമം കാണിച്ച ഹൈന്ദവപ്രമാണിയായ കൃഷ്ണദാസിനെ നവാബ് പിടികൂടുകയും ബംഗാളില്‍ നിന്നും പുറത്താക്കാന്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ കൃഷ്ണദാസിന് ഈസ്റ്റിന്ത്യാക്കമ്പനി അഭയം നല്‍കി വില്യം കോട്ടയില്‍ താമസിപ്പിച്ചു. അയാളെ തിരിച്ചു നല്‍കുവാന്‍ സിറാജ് നിര്‍ദ്ദേശിച്ചെങ്കിലും കമ്പനി അത് ചെവിക്കൊണ്ടില്ല. പ്രകോപിതനായ സിറാജ്-ഉദ്-ദൗള സൈന്യവുമായി ചെന്ന് വില്യം കോട്ട ആക്രമിച്ചു.
പ്ലാസിയുദ്ധത്തിന് ബീജാവാപം നല്‍കിയത് ഈ സംഭവവുമായിരുന്നു. കോട്ട നവാബ് പിടിച്ചടക്കിയ വിവരമറിഞ്ഞ് ബംഗാളിന്റെ ചുമതല വഹിച്ചിരുന്ന റോബര്‍ട്ട് ക്ലൈവ് ക്രുദ്ധനായി. മറ്റൊരു ദുഷ്പ്രചരണം കൂടി ക്ലൈവിനെ ചൊടിപ്പിച്ചു.

ഇരുട്ടറ ദുരന്തം
നവാബ് നൂറ്റിനാല്‍പ്പതില്‍പ്പരം ബ്രിട്ടീഷുകാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) വെളിച്ചം കടക്കാത്ത ഒരു കൊച്ചുമുറിക്കകത്ത് പൂട്ടിയിട്ടു എന്നും പിറ്റേദിവസം രാവിലെ നോക്കിയപ്പോള്‍ ഏതാനും ചിലരൊഴികെ മറ്റെല്ലാവരും മരിച്ചിരുന്നു എന്നുമായിരുന്നു ആ കഥ. മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്ന ഈ സംഭവം നവാബിനെതിരെ ജനരോഷം ആളിക്കത്തിക്കുവാന്‍ മെനഞ്ഞെടുത്ത കള്ളക്കഥയായിരുന്നു. നിഷ്പക്ഷമതികളായ ചരിത്രകാരന്‍മാര്‍ ഈ സംഭവം നിഷേധിച്ചിട്ടുണ്ട്. പിന്നീട് ചരിത്രത്തില്‍ നിന്നും ഈ കള്ളക്കഥ നീക്കുകപോലുമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റുവും തന്റെ ”വിശ്വചരിത്രാവലോകന” മെന്ന ഗ്രന്ഥത്തില്‍ ഇതൊരു കളളക്കഥയായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു. വില്യം കോട്ടയുടെ അന്നത്തെ നോക്കിനടത്തിപ്പുകാരായ ജോണ്‍ ഹോള്‍വെല്‍ കെട്ടിച്ചമച്ച കഥയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.