Thursday
24 Jan 2019

സ്കൂള്‍ വിപണിയിലെ സുന്ദരനായ കൊലയാളിയെ കുഞ്ഞിന് കൊടുക്കല്ലേ…

By: Web Desk | Wednesday 9 May 2018 8:46 PM IST

ഷെഹിന ഹിദായത്ത്

അധ്യയന വര്‍ഷം തുടങ്ങാനിരിക്കവെ വിപണികള്‍ സജീവമാണ്. മഴയോടുകൂടി ആരംഭിക്കുന്ന പുത്തന്‍ ക്ലാസ്സുകളിലേയ്ക്ക് കുട്ടികളിലേയ്ക്ക് എത്തുന്നതിന്‍റെ പ്രധാന ആകര്‍ഷണവും ആവേശവും വിപണിയില്‍ സുലഭമായ വിവിധയിനം ഉല്‍പ്പന്നങ്ങളാണ്.

അമ്മമാരും കുഞ്ഞുങ്ങളും തിരക്കിട്ട് വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെ ഗുണമേന്മ തുലോം തുച്ഛമാണ്. മുതിര്‍ന്നവര്‍ക്ക് ഇക്കാര്യം അറിയാമെങ്കിലും പിടിവാശിക്കാരായ കുട്ടികള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വരുന്ന മാതാപിതാക്കളാണ് ഒട്ടുമിക്കവരും.

കുട്ടികളെ വളരെയധികം ആകര്‍ഷിക്കുന്ന രീതിയിലുള്ള വാട്ടര്‍ബോട്ടിലും ടിഫിന്‍ ബോക്സും നിരത്തിലിറക്കിയാണ് വിപണി നേട്ടം കൊയ്യുന്നത്. അവര്‍ക്കേറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കൈകളില്‍ കിട്ടുമ്പോള്‍ അവര്‍ അതൊരിക്കലും നിഷേധിക്കില്ലെന്ന് കച്ചവടക്കാര്‍ക്കുമറിയാം.

കച്ചവടതന്ത്രങ്ങളില്‍ കുരുങ്ങിപ്പോകുന്നത് പലപ്പോഴും ഗുണമേന്മയാണ്. നിരത്തുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള പലതും ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് പുനര്‍ നിര്‍മ്മിച്ചവയാണ്. അത് പലപ്പോഴും മാരകമായ അസുഖങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. മുതിര്‍ന്നവര്‍ക്ക് തന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസരങ്ങളില്‍ കുട്ടികളെ അവ ബാധിക്കുന്നത് ഏറെ ഗുരുതരമായിട്ടായിരിക്കും.

കുട്ടികള്‍ക്ക് നാം വാങ്ങി നല്‍കുന്ന  പ്ലാസ്റ്റിക് വാട്ടര്‍ബോട്ടിലുകളില്‍ നിന്നും ടിഫിന്‍ ബോക്സുകളില്‍ നിന്നും പുറന്തള്ളുന്ന മാരകമായ വിഷം അല്‍പ്പാല്‍പ്പമായി ആരോഗ്യത്തെ കാര്‍ന്നുതിന്നുന്നുവെന്ന് പഠനങ്ങള്‍ മുമ്പ്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള നമ്മുടെ പോക്ക് അടുത്ത തലമുറയെക്കൂടി രോഗികളാക്കാന്‍ കാരണമാകും.

കുഞ്ഞുടുപ്പും ഇട്ട് പുസ്തകങ്ങളുമായി കൊടുത്തു അത്യന്തം സന്തോഷത്തോടെ പോകുന്ന നമ്മുടെ മക്കളെ നന്മയിലേയ്ക്ക് നയിക്കുന്നതിനൊപ്പം ആരോഗ്യവാന്മാരായിരിക്കുന്നതിനും നമ്മള്‍ ജാഗ്രതപാലിക്കണം.

എന്താണ് പ്ലാസ്റ്റിക്?

ചൂട് തട്ടിയാല്‍ മൃദുവാകുകയും തണുത്താല്‍ ഉറയ്ക്കുകയും ചെയ്യുന്ന സ്വഭാവമാണ് പ്ലാസ്റ്റിക്കിന്‍റേത്. പെട്രോളിയം ഉല്‍പന്നങ്ങളായ ക്രൂഡ് ഓയിലിനെയും പ്രകൃതി വാതകത്തെയും ശുദ്ധീകരിച്ചെടുക്കുന്ന പ്രൊപ്പെയ്ന്‍, ഈഥെയ്ന്‍ വാതകങ്ങളില്‍ നിന്നാണ് പ്ലാസ്റ്റിക് വ്യവസായത്തിനു വേണ്ട മൂലപദാര്‍ത്ഥങ്ങളായ പ്രൊപ്പിലീനും എഥിലീനും നിര്‍മ്മിക്കുന്നത്. ഇത് അടിസ്ഥാനപരമായി ഹൈഡ്രജന്‍, കാര്‍ബണ്‍ തന്മാത്രകള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇവയോടൊപ്പം മറ്റു ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് നാമുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ പോളിമറുകള്‍ ഉണ്ടാക്കുന്നത്.

ഏതൊക്കെ തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കാം ?

പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ടിഫിന്‍ ബോക്‌സുകളുടെയും അടിവശം പരിശോധിച്ചാല്‍ ത്രികോണ അടയാളത്തില്‍ ഒന്നു മുതല്‍ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പര്‍ കാണാം…

ഈ നമ്പറുകള്‍ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു.

1) PET (Poly Ethylene Terephathalate)

2) HDPE (High Density poly Ethylene)

3) V (vinyl or PVC)

4)  LDPE (Low Density polyethylene)

5)  PP (Poly Propylene)

6)  PS (Poly styrene)

7)  others

ഇതില്‍ 2, 4, 5 നമ്പറുകള്‍ ഉള്ള കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ മാത്രമാണ് സുരക്ഷിതം.

ബാക്കിയുള്ളവ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന കെമിക്കലുകള്‍ നമ്മുടെ ശരീരത്തിലെത്തിക്കുന്നു.

ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകള്‍ വീട്ടില്‍ കയറ്റുക പോലും പാടില്ലെന്നു ചുരുക്കം. പക്ഷെ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും PET ബോട്ടിലില്‍ ആണ് എത്തുന്നത്.

ഒട്ടും ചൂടാവാത്ത സാധനം ഒരേയൊരു പ്രാവശ്യം നിറക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.  ഒറ്റത്തവണയുള്ള ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിക്കേണ്ട ഇത്തരം കുപ്പികളില്‍ ചൂടുവെള്ളം  നിറച്ചാല്‍ ഇതിലുള്ള Bisphinol A, Antimony Trioxide തുടങ്ങിയ കെമിക്കലുകള്‍ ശരീരത്തില്‍ കടന്ന്  വന്ധ്യതയ്ക്കും ക്യാന്‍സറിനുംവരെ വഴിതെളിക്കുന്നു.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ചെറിയ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വരെ കുട്ടികളെ കാത്തിരിക്കുന്നത് PET ബോട്ടിലുകളും ഫുഡ് കണ്ടെയ്നറുകളുമാണ്….
അല്ലെങ്കില്‍ എത് വിഭാഗത്തിലേതാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത) ഇത് ചൂട് തട്ടുമ്പോള്‍ ഉരുകലിന് വിധേയമായി രാസവസ്തുക്കള്‍ പുറംതള്ളുന്നു. ഇവയിലാണ് അമ്മമാര്‍ ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നത്.

പുറംമോടിയുടെ പിന്നാലെ പോകുന്ന കുഞ്ഞുങ്ങളെ തിരുത്താത്ത അമ്മമാര്‍ അവര്‍ക്ക് വാങ്ങി നല്‍കുന്നത് രോഗകലവറയാണ്.  ഇത് ഒരു അധ്യയനവര്‍ഷം മുഴുവന്‍ തുടരുകയും ചെയ്യുന്നു.

മായമില്ലാത്ത വസ്തുക്കളെ തിരിച്ചറിയാന്‍ ഇക്കാലത്ത്  പ്രയാസമാണ്. എന്നിരുന്നാലും താരതമ്യേന നല്ല വസ്തുക്കള്‍ തെരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയട്ടെ...

 

Related News