Thursday
15 Nov 2018

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

By: Web Desk | Wednesday 23 May 2018 9:47 PM IST

പ്രദീപ് ചന്ദ്രന്‍

കൊല്ലം: രാജ്യത്തെ പ്രമുഖ നിയമ സര്‍വകലാശാലകളിലേയ്ക്കുള്ള സംയുക്ത പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്(ക്ലാറ്റ്) റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 31ന് റിസള്‍ട്ട് പ്രഖ്യാപിക്കാനിരിക്കെയാണ് പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പ് നിലവാരമില്ലാത്തതും പിഴവ് നിറഞ്ഞതുമാണെന്നാണ് വിദ്യാര്‍ഥികളായ വിഭവ് ചന്ദ്ര, മങ്കേഷ് മണി എന്നിവര്‍ ആരോപിക്കുന്നത്. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര നിയമ, മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ക്കും ബാര്‍കൗണ്‍സിലിനും, ഈ വര്‍ഷം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിനും (നുവാല്‍സ്) നോട്ടീസ് അയച്ചു. മെയ് 30നുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഹൈദരാബാദ്, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബംഗളൂരു, നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ജോധ്പൂര്‍, മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി മുംബൈ തുടങ്ങി രാജ്യത്തെ 19 നിയമ സര്‍വകലാശാലകളിലേക്ക് എല്‍എല്‍ബി, എല്‍എല്‍എം എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് ‘ക്ലാറ്റ്’. പ്ലസ്ടു പൂര്‍ത്തിയാക്കിയ ഏതാണ് 40,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പ്രവേശനപരീക്ഷയാണിത്. റൊട്ടേഷന്‍ സമ്പ്രദായമനുസരിച്ച് ഓരോ വര്‍ഷവും ഓരോ യൂണിവേഴ്‌സിറ്റികള്‍ക്കാണ് പരീക്ഷാനടത്തിപ്പിന്‍റെ ചുമതല. ഈ വര്‍ഷം കൊച്ചിയിലെ നുവാല്‍സിനും. മെയ് 13നായിരുന്നു പ്രവേശനപരീക്ഷ.

പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസം തന്നെ പരീക്ഷ നടത്തിപ്പിലെ അപാകതകളെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ പരാതികള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയിലും മധ്യപ്രദേശ് ഹൈക്കോടതിയിലും ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് പരീക്ഷാ നടത്തിപ്പിന്റെ ചുമതല യുപിഎസ്‌സിയേയോ സിബിഎസ്ഇയേയോ മറ്റേതെങ്കിലും സ്വയംഭരണ സ്ഥാപനങ്ങളെയോ ഏല്‍പ്പിക്കണമെന്നാണ്. കാലാകാലങ്ങളായി വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യമാണിത്.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി നല്‍കിയ കമ്പ്യൂട്ടറുകളെക്കുറിച്ചാണ് പരാതികളേറെയും ഹാള്‍ മുറികളിലെ എയര്‍കണ്ടീഷണറുകള്‍ തകരാറിലായതിനാല്‍ മിക്ക കമ്പ്യൂട്ടറുകളും ‘ഹാംഗ്’ ആയതായി വിദ്യാര്‍ഥികള്‍ പരാതി ഉയര്‍ത്തിയിരുന്നു. മൂന്നും നാലും തവണ കമ്പ്യൂട്ടറുകള്‍ മാറ്റി നല്‍കേണ്ടിവന്നു. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സമയം നഷ്ടമായി. ചോദ്യങ്ങള്‍ പല കമ്പ്യൂട്ടറുകളിലും പ്രത്യക്ഷപ്പെട്ടില്ല. കമ്പ്യൂട്ടറുകള്‍ രണ്ട് മിനിട്ട് ഇടവിട്ട് പാസ്‌വേഡ് ആവശ്യപ്പെട്ടുകൊണ്ടിരുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. കമ്പ്യൂട്ടറുകളുടെ മൗസും പ്രവര്‍ത്തനരഹിതമായിരുന്നു. തടസങ്ങള്‍ ഒഴിവാക്കാന്‍ പല തവണ കമ്പ്യൂട്ടര്‍ ലോഗ് ഔട്ട് ചെയ്യേണ്ടിവന്നതായി മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഭോപ്പാലിലെ ട്രിനിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് റിസര്‍ച്ചില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. നാല് വര്‍ഷം മുന്‍പ് ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ പ്രവേശനപരീക്ഷയുടെ ഫലം വിവാദങ്ങളെ തുടര്‍ന്ന് അവസാനനിമിഷം മാറ്റിവച്ച സംഭവം അരങ്ങേറിയിരുന്നു.

Related News