Monday
28 May 2018

കരുണ ചെയ്‌വാന്‍ താമസമരുത്

By: Web Desk | Wednesday 16 May 2018 6:53 PM IST

ഗുരുവായൂര്‍:

മനീഷ് ഗുരുവായൂര്‍

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്ന് ഒരമ്മയുടെ രോദനം കേള്‍ക്കാതെ വയ്യ. പത്തനംതിട്ട സ്വദേശിനി എണ്‍പത്തിയെട്ടുകാരിയായ രാജമ്മയുടെ അവസ്ഥ ഏറെ പരിപാതകരമാണ്. ശാരദയെന്നാണ് യഥാര്‍ത്ഥ പേര്. തുറവൂര്‍ ഇടത്തില്‍ എന്ന സ്ഥലത്താണ് ഇവര്‍ ഏറെക്കാലം താമസിച്ചിരുന്നതെന്നും കെഎംബി പ്രഭാകരന്‍ എന്നാണ് ഭര്‍ത്താവിന്‍റെ പേരെന്നും പറയുന്നു. 3 ആണ്‍ മക്കളുള്ള ഇവര്‍ രണ്ട് വര്‍ഷത്തിലധികമായി ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തിയിട്ട്. മക്കള്‍ ചെറിയ കുട്ടികളായിരിക്കെ തന്നെ ഭര്‍ത്താവ് മരിച്ചു.

കുട്ടികളെ വളര്‍ത്തി വലുതാക്കി ഉയര്‍ന്ന ജോലിയിലെത്തിച്ചു. ഭൂമിയും വാഹനങ്ങളും മക്കള്‍ക്കായി നല്‍കിയെന്നും പറയുന്നു. മക്കളെല്ലാം ഇപ്പോള്‍ ഉയര്‍ന്ന നിലയില്‍ വിദേശ രാജ്യങ്ങളിലാണത്രേ. കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് രാജമ്മയെ അഗതികളുടെ കേന്ദ്രമായ ഗുരുവായൂരിലെത്തിച്ചത്. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിച്ച് ക്ഷേത്രനടയിലെ തന്നെ ഏതെങ്കിലും തൂണിനോട് ചേര്‍ന്ന് അന്തിയുറങ്ങും. അതിനിടയ്ക്കാണ് ഒരു ദിവസം പ്രസാദ ഊട്ടിന്റെ ക്യൂവില്‍ നില്‍ക്കവെ രാജമ്മ തലകറങ്ങി താഴേക്ക് തലകീഴായി വീണത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റു. നിരവധി സ്റ്റിച്ചുകളിട്ടു. മുറിവ് ഭേദമായതോടെ വീണ്ടും ഇവിടെയെത്തി. ഇപ്പോള്‍ പക്ഷേ രാജമ്മയ്ക്ക് പഴയപോലെ ആരോഗ്യമില്ല. അപകടം വരുത്തിയ പരിക്കുകളും വാര്‍ദ്ധക്യത്തിന്റെ അവശതയും രാജമ്മയെ ഏറെ തളര്‍ത്തിയിരിക്കുന്നു.

പ്രസാദ ഊട്ടിന് പതിവുപോലെ കാത്തുനില്‍ക്കാനും വയ്യ. വിശന്ന് തളര്‍ന്ന് അവശയായി തൂണില്‍ ചാരിയിരിക്കുന്ന കാഴ്ച കണ്ട് ഏതെങ്കിലും ഭക്തര്‍ നല്‍കുന്ന ഭക്ഷണ പൊതികളാണ് ഇപ്പോഴത്തെ ജീവിതം. വീട്ടുകാരെ കണ്ടെത്തിയാല്‍ തന്നെ അവര്‍ക്കൊപ്പം പോകാന്‍ രാജമ്മയ്ക്ക് മനസുവരുന്നില്ല. മരണമാണ് അതിലും ഭേദമെന്നാണ് പക്ഷം. ഇപ്പോള്‍ രാജമ്മയ്ക്ക് വേണ്ടത് അന്തിയുറങ്ങാന്‍ ഒരു അഭയകേന്ദ്രമാണ്. ജീവന്‍ നിലനിര്‍ത്താന്‍ ഇത്തിരി അന്നമാണ്. ഏതെങ്കിലും വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ ഇടം ലഭിച്ചാല്‍ രാജമ്മ വരാന്‍ തയ്യാറാണ്.