Wednesday
22 Nov 2017

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ നീക്കം

By: Web Desk | Sunday 13 August 2017 3:33 PM IST

പത്തനാപുരം: പിറവന്തൂര്‍ നല്ലകുളം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി റിന്‍സി ബിജു(16)വിന്റെ ദുരൂഹമരണത്തില്‍ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നതിനുള്ള സാധ്യതതേടി പൊലീസ്.
അച്ഛനമ്മമാരെ പലതവണ ചോദ്യം ചെയ്തിട്ടും ആത്മഹത്യയാണെന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചില്ല. സംഭവത്തില്‍ വ്യക്തത വരുത്താന്‍ റിന്‍സിയുടെ മാതാപിതാക്കള്‍ തയാറാകാത്തതും കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നു. മന:ശാസ്ത്ര വിദഗ്ധന്റെ സാന്നിദ്ധ്യത്തില്‍ മാതാപിതാക്കളെ കഴിഞ്ഞ ദിവസം കൗണ്‍സിംലിംഗിന് വിധേയരാക്കിയിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സീനിയര്‍ സര്‍ജന്‍ ഡോ. ശശികലയും, സര്‍ജന്‍ ഡോ. സീനയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും മാതാപിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പരിശോധനയില്‍ ആത്മഹത്യയാണെന്ന വിവരങ്ങളാണ് വിദഗ്ധ സംഘം പറയുന്നത്.
എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മരണത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കൊലപാതകമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
കഴിഞ്ഞ 29 ന് പുലര്‍ച്ചെ ആറിനാണ് റിന്‍സിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ബീനയാണ് കിടപ്പ് മുറിയില്‍ തറയില്‍ കിടക്കുന്ന നിലയില്‍ റിന്‍സിയെ കണ്ടത്. ബീന നിലവിളിച്ചതോടെ പിതാവ് ബിജു ഓടിയെത്തി.
റിന്‍സിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായും, കിടപ്പു മുറിയുടെ ഒരു വാതില്‍ തുറന്ന് കിടന്നിരുന്നതായും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ മോഷണ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതാണെന്ന് സംശയമുയര്‍ന്നു. ഇതേതുടര്‍ന്ന് ഫോറന്‍സിക് സംഘവും ഡോഗ്‌സ്‌ക്വാഡും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുളള പ്രത്യേക സംഘവും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണം എന്നാണ് പറഞ്ഞിട്ടുള്ളത്. കൂടാതെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൊലപാതകമാണെന്ന തരത്തില്‍ സംശയമുണര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിനെ ചുറ്റിപറ്റിയാണ് പോലീസ് അന്വേഷണം തുടരുന്നത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സീനിയര്‍ സര്‍ജനും ആത്മഹത്യയാണന്ന വിവരങ്ങളാണ് നല്‍കുന്നത്. ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പോലീസ് അക്കാര്യത്തില്‍ വ്യക്തത വരുത്താനുളള വഴികളാണ് ഇനി തേടുന്നത്.