Saturday
22 Sep 2018

പിഎന്‍ബി തട്ടിപ്പ് നടന്നത് മോഡിയുടെ കാലത്ത്

By: Web Desk | Saturday 17 February 2018 11:01 PM IST

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോഡി പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയത് 2017-2018 കാലത്താണെന്ന് സിബിഐ. കേസില്‍ സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ശ്രമിക്കുന്നതിനിടെയാണു സിബിഐയുടെ എഫ്‌ഐആര്‍ പുറത്തുവന്നത്. 2011ല്‍ അഴിമതിക്കു തുടക്കം കുറിച്ചിരുന്നെങ്കില്‍ അതിന്റെ വ്യാപ്തി 11,300 കോടിക്കും മുകളില്‍ ആയിരുന്നേനെയെന്നും സിബിഐ പറയുന്നു.
പിഎന്‍ബി അഴിമതിയില്‍ രണ്ട് എഫ്‌ഐആറുകളാണ് സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈമാസം 13 ന് പിഎന്‍ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പുതിയ എഫ്‌ഐആര്‍ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്.
അതേസമയം ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോകുല്‍ നാഥ് ഷെട്ടിയടക്കമുള്ള മുന്നുപേരാണ് അറസ്റ്റിലായത്. നീരവ് മോഡിക്ക് രേഖകളില്ലാതെ ബയേഴ്‌സ് ക്രെഡിറ്റ് നല്‍കിയ സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ഗോകുല്‍ നാഥ് ഷെട്ടി. ഗോകുല്‍ നാഥ് ഷെട്ടി ഡെപ്യൂട്ടി മാനേജരായിരുന്നു. സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്ററായിരുന്ന മനോജ് ഖാരാട്ട്, നീരവ് മോഡി ഗ്രൂപ്പ് പ്രതിനിധി ഹേമന്ദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഗോകുല്‍ നാഥ് ഷെട്ടിയാണ് മാനദണ്ഡങ്ങള്‍ മറികടന്ന് നീരവ് മോഡിക്ക് ബയേഴ്‌സ് ക്രെഡിറ്റ് നല്‍കാന്‍ കൂട്ടുനിന്നതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
മെഹുല്‍ ചോക്‌സി, ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനികള്‍, മറ്റു കമ്പനി ഡയറക്ടര്‍മാര്‍ എന്നിവരുടെ വീടുകളിലും ഫാക്ടറികള്‍, പ്ലാന്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു നഗരങ്ങളിലായിരുന്നു പരിശോധന. കൂടാതെ ഗോകുല്‍ നാഥ് ഷെട്ടിയുടെ വീട്ടില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും സംയുക്തമായി റെയ്ഡ് നടത്തി കണക്കില്‍ പെടാത്ത സ്വത്തുവകകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഗോകുല്‍ നാഥ് ഷെട്ടി പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണ് അറസ്റ്റിലായ മനോജ് ഖാരാട്ട് ചെയ്തിരുന്നത്. ഇയാള്‍ക്ക് നീരവ് മോഡിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നാണ് സിബിഐ അന്വേഷണ സംഘം പറയുന്നത്. അറസ്റ്റിലായ മൂന്നാമന്‍ നീരവ് മോഡിയുടെ സഹായിയാണ്. ഇയാളാണ് ബയേഴ്‌സ് ക്രെഡിറ്റ് ലഭ്യമാക്കാന്‍ ബാങ്ക് ജീവനക്കാരുമായി ബന്ധപ്പെട്ടതെന്ന് അന്വേഷണ സംഘം പറയുന്നു.
നോട്ട് നിരോധന കാലത്ത് നീരവ് മോഡിയുടെ സ്വര്‍ണാഭരണ ശാലകളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ പ്രമുഖരെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ബോളിവുഡ് അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ നീരവ് മോഡിയുടെയും ബന്ധുവായ മെഹുല്‍ ചോക്‌സിയുടെയും ആഭരണ ശാലകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണോ ഈ ഇടപാടാണെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.
ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ട്. ബാങ്ക് തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ ഭരണകാലത്താണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. ഗീതാഞ്ജലി ജൂവല്‍സുമായി രാഹുലിന് ബന്ധമുണ്ടെന്നും ഇവരുടെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നുവെന്നും നിര്‍മല പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡി പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ആരോപിച്ചു. 2017ല്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും നേരത്തെ വിവരം ലഭിച്ചിരുന്നെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപണങ്ങളുമായി രംഗത്തുണ്ട്. പ്രധാനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം തകരാറിലാക്കിയെന്ന് രാഹുല്‍ ആരോപിച്ചു.
ബാങ്ക് തട്ടിപ്പ് അന്വേഷിക്കാന്‍ കേന്ദ്രധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശാല അന്വേഷണ സംഘത്തിനു കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. അമേരിക്കയിലുള്ള നീരവിനെ നാട്ടിലെത്തിക്കാനായി നയതന്ത്രതലത്തിലും സമ്മര്‍ദ്ദം ശക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പിഎന്‍ബി സാമ്പത്തിക തട്ടിപ്പില്‍ നടപടിയുമായി കേന്ദ്ര വിജിലന്‍സ് കമ്മിഷനും രംഗത്തെത്തി. ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് കമ്മിഷന്‍ അറിയിച്ചു.

Related News