Saturday
22 Sep 2018

പിഎന്‍ബി തട്ടിപ്പ്: മറ്റ് ബാങ്കുകള്‍ ആര്‍ബിഐയെ സമീപിക്കുന്നു

By: Web Desk | Tuesday 20 February 2018 12:14 AM IST

ന്യൂഡല്‍ഹി: വായ്പാ ക്രമക്കേടിലൂടെ പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തങ്ങള്‍ നല്‍കിയ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുന്നു. ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ നല്‍കിയ തുക അടിയന്തരമായി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം കഴിയട്ടെയെന്ന നിസംഗ നിലപാടാണ് പിഎന്‍ബി അധികൃതര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് വായ്പ നല്‍കിയ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുന്നത്.
അലഹബാദ് ബാങ്ക്- 336.87 ദശലക്ഷം ഡോളര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 212 ദശലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് പിഎന്‍ബിക്ക് വായ്പകള്‍ നല്‍കിയിട്ടുള്ളത്. കൃത്യസമയത്ത് പിഎന്‍ബി വാങ്ങിയ തുക ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നല്‍കിയില്ലെങ്കില്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കേണ്ടി വരും. ഇതുണ്ടായാല്‍ പിഎന്‍ബി വായ്പാ ക്രമക്കേടുമായി ഉണ്ടായ നഷ്ടം 20000 കോടിയില്‍ അധികമായി ഉയരും. ഇത് ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അലഹബാദ് ബാങ്ക് അധികൃതര്‍ പറയുന്നത്.
നിഷ്‌ക്രിയ ആസ്തികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഭാഗമായി ഗുരുതര പ്രതിസന്ധിയാണ് പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്നത്. ഈ സാഹചര്യം ഒഴിവാക്കാനായാണ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുന്നത്. പിഎന്‍ബിയിലെ ക്രമക്കേടിനുള്ള മുഖ്യ കാരണം ബാങ്ക് അധികൃതരുടെ വീഴ്ചയാണെന്ന് റിസര്‍വ് ബാങ്ക് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള സാഹചര്യം കൃത്യമായി നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മറ്റ് ബാങ്കുകള്‍ ആവശ്യപ്പെടുന്നു.
വായ്പ എടുത്തത് കമ്പനികളുടെ ആസ്തി ഈട് നല്‍കിയാണെന്ന് നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഈ നിരുത്തരവാദപരമായ നിലപാടും റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചു.

പിഎന്‍ബി ഓഹരി വില കൂപ്പുകുത്തി
ന്യൂഡല്‍ഹി: വായ്പാ ക്രമക്കേടിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില ഏഴ് ശതമാനം കൂപ്പുകുത്തി. 7.16 ശതമാനം തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 52 ആഴ്ചയ്ക്കിടെ 116.65 ബേസിക് പോയിന്റുകള്‍ താണു. നിഫ്റ്റിയില്‍ 6.77 ശതമാനം താഴ്ന്ന് 117.05 പോയിന്റായി കമ്പോള മൂലധന സമാഹരണത്തിലും 28 ശതമാനം കുറവുണ്ടായി. പിഎന്‍ബി ഹൗസിങ് കമ്പനികളുടെ ഓഹരികളും 1.36 ശതമാനം താഴ്ന്നു.

Related News