Saturday
24 Feb 2018

നീ മാത്രം

By: Web Desk | Saturday 7 October 2017 11:59 PM IST

കവിത : മിനു പ്രേം

ഒരു കടല്‍

കാണുമ്പോള്‍

പല വഴി

തിരിഞ്ഞലഞ്ഞ്

ചെന്നെത്തിയ നദികളിലെ

ഒച്ചിഴച്ചിലുകളുടെ

നൊമ്പരത്തെപ്പറ്റി

തിരകളോട്

ചോദിക്കുക.

ഒരു പൂമരം

കാണുമ്പോള്‍

മുറുകെപുണര്‍ന്ന്

പൂക്കളിറുത്തു വിതറുന്ന

തെന്നലിന്റെ

രഹസ്യമൊഴിയെന്തെന്ന്

ഇലകളോടു ആരായുക.

ഒരു തൊട്ടാവാടിയെ

തൊടുംമുന്നേ

വര്‍ണങ്ങള്‍ തേടിപ്പോയ

ശലഭച്ചിറകുകള്‍ക്ക്

ഭാരമുണ്ടോ എന്ന്

കാട്ടുപ്പൂക്കളോടു തേടുക.

ഒരു കുയിലിന്

എതിര്‍പ്പാട്ട് പാടുംമുമ്പ്

തേനുണ്ണാനെത്തിയ

കരിവണ്ടിന്റെ

മൂളിപ്പാട്ടുകള്‍ക്കൊപ്പം

ഇതള്‍ പൊഴിച്ചതാരെന്ന്

വെയില്‍നിഴലുകളോട്

അന്വേഷിക്കുക.

തിരകളും

ഇലകളും

കാട്ടുപ്പൂക്കളും

ഇതളും

നിന്നോടു പറയും

നോവും മൊഴിയും

വേവും നിഴലും

നീയാണെന്ന്

നീ മാത്രമാണെന്ന്…