Saturday
18 Nov 2017

അഭിസാരിക

By: Web Desk | Tuesday 14 November 2017 11:11 PM IST

അഭിസാരികയെന്നു മുദ്രകുത്തി
നോട്ടങ്ങളൊക്കെയും നേരിടുന്നു
ഒരുചാണ്‍വയറിന്നു വേണ്ടിയല്ലിന്നും
കേള്‍വിതന്‍ നൊമ്പരവാക്കുകള്‍ കേള്‍ക്കുന്നു

ആരെന്നുചൊല്ലു ഞാനാരെന്നുചൊല്ലു
എന്താണുഞാനെന്നു ചൊല്ലുവാനാകുമോ
കാലമിരുണ്ടുകറുത്തുപോംകൈകളാല്‍
പൂമാലയര്‍പ്പിച്ചു ചേര്‍ത്തുനിര്‍ത്തി

വിതുമ്പിഞാനെന്നും വിറയോടെനിന്നു
കാലങ്ങളായിചെയ്‌തോരു തെറ്റിന്‍
പരിഹാരമെന്തെന്നോര്‍ത്തു ഞാനിന്നും
വെണ്ണക്കല്‍ ശില്പമായിനിന്നു തീക്കനലില്‍

ഉരുകിയൊലിച്ചു, ഒഴുകിയിറങ്ങി
നോവിന്റെശാപമായി തെറ്റിന്റെകാഴ്ചകള്‍
തോരാതെനില്ക്കും കണ്ണുനീര്‍ച്ചാലുകള്‍
മറക്കാതെമറയ്ക്കാന്‍ വെമ്പുന്നീമുഖം

മേനിതന്‍സൗന്ദര്യവിഭ്രമലഹരിയില്‍
വണ്ടുകള്‍ കൂട്ടമായെത്തിടുമ്പോള്‍
തേന്‍നുകരാനെത്തും ഭ്രമരമായിമാറി
പൗരുഷസുന്ദരമാനസങ്ങള്‍

രോദനംകേള്‍ക്കാന്‍ മനസ്സുകാട്ടാത്തൊരു
മായികലോകത്തിന്‍ കാഴ്ചയായിമാറി
ഇനിയുംപെയ്തു തീരാത്തൊരുനൊമ്പരം
സ്ത്രീജന്മപുണ്യമായ് മാറുന്നകാലവും

ചൊല്ലുന്നുഞാനെന്‍ വിളിപ്പേരുമാത്രം
അഭിസാരികയെന്ന പേരുമാത്രം
മറക്കില്ലഞാനെന്‍ തെറ്റുകളൊക്കെയും
പെയ്‌തൊഴിയാതെന്നില്‍ ചേര്‍ന്നുനിന്നു

രശ്മി സജയന്‍