Tuesday
11 Dec 2018

ചൊക്കുണ്ണിയുടെ മറവി

By: Web Desk | Sunday 16 September 2018 7:30 AM IST

സന്തോഷ് പ്രിയന്‍

വലിയ മറവിക്കാരനാണ് ചൊക്കുണ്ണി. എവിടെ പോയാലും എന്തെങ്കിലും മറന്നുവച്ചിട്ടേ വരൂ. അയാള്‍ എവിടെയെങ്കിലും പോകാന്‍നേരം ഭാര്യ പങ്കി പറയും.
‘പോകുന്നതൊക്കെ കൊള്ളാം, ഒന്നും മറന്നുവച്ചേച്ച് ഇങ്ങോട്ട് വന്നേക്കരുത് പറഞ്ഞേക്കാം. ങാ…’ അതു കേള്‍ക്കുമ്പോള്‍ ചൊക്കുണ്ണി കുലുങ്ങിച്ചിരിച്ചുകൊണ്ടു പറയും.
‘ഹി…ഹി…. അതൊക്കെ എനിക്കറിയാം. നീ എന്നെ ഉപദേശിക്കുകയൊന്നും വേണ്ട. എന്റെ മറവിയൊക്കെ എന്നേ മാറി.’
അപ്പോള്‍ പങ്കിക്ക് ദേഷ്യം വരും. അവള്‍ പറയും. ‘ഹേയ് മനുഷ്യാ, ഏത് മരുന്ന് കഴിച്ചാലും നിങ്ങളുടെ മറവി മാറില്ലെന്ന് എനിക്കറിയം. നിങ്ങളുടെ മരത്തലയില്‍ മറവി മാത്രമേയുള്ളൂ.’
അതു കേള്‍ക്കുമ്പോള്‍ ചൊക്കുണ്ണിയും വിട്ടുകൊടുക്കില്ല. ‘എടീ കാണാം…കാണാം…..നല്ല ഒന്നാന്തരം മരുന്നാ ഞാന്‍ കഴിച്ചത്. അറിയോ മരത്തലച്ചീ.’
ഒരുദിവസം ചൊക്കുണ്ണി ചന്തയില്‍ പോയിട്ട് വരികയായിരുന്നു. വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ അയാള്‍ ഭാര്യയോട് വിളിച്ചുപറഞ്ഞു.
‘എടീ, ഞാന്‍ വലിയ മറവിക്കാരനാണെന്നല്ലേ നീ പറയാറ്. ദേ, നോക്ക്…. വഴിയില്‍ മേയാന്‍ കെട്ടിയിരുന്ന നമ്മുടെ പശുവിനെ ഞാന്‍ മറക്കാതെ അഴിച്ചുകൊണ്ടുവന്നിരിക്കുന്നു. ….’
അതു കേട്ട് അടുക്കളയിലായിരുന്ന പങ്കി തലയില്‍ കൈയ്യുംവച്ച് ഇറങ്ങി വന്നു പറഞ്ഞു.
‘എന്റെ മനുഷ്യാ….നിങ്ങള് എന്തായീ കാട്ടിയത്? ഈ പശുവിനെയല്ലേ നമ്മള്‍ കഴിഞ്ഞ ആഴ്ച വിറ്റത്….?’