Thursday
22 Nov 2018

കഞ്ചാവു കടത്തുന്നതിനിടെ യുവാക്കളെ പിടികൂടി

By: Web Desk | Monday 19 February 2018 9:36 PM IST

പുനലൂര്‍: ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ അര കിലോഗ്രാം കഞ്ചാവുമായി പിടികൂടി. ബാരിക്കേഡ് തകര്‍ന്നുവീണ് ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
തൃശൂര്‍ സ്വദേശി അഭിനവ് നായര്‍(20), കടയ്ക്കല്‍ സ്വദേശി ഇസ്മയില്‍ (25) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിഹാസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും ബൈക്കില്‍ കഞ്ചാവുമായി അമിതവേഗതയില്‍ എത്തിയ യുവാക്കളെ ഷിഹാസ് കൈ കാണിച്ചു., എന്നാല്‍ ബൈക്ക് നിര്‍ത്താതെ റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേട് ഇടിച്ചുതകര്‍ത്തു. തുടര്‍ന്ന് ബൈക്കുമായി റോഡില്‍ വീണ യുവാക്കളെ സിഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഒടിഞ്ഞ ബാരിക്കേഡ് തലയില്‍ ഇടിച്ചാണ് ഷിഹാസിന് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.