Sunday
24 Jun 2018

വൈരമുത്തുവിനെതിരെ പൊലീസ് കേസെടുത്തു

By: Web Desk | Saturday 13 January 2018 10:22 PM IST

രാജപാളയം:

ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ പൊലീസ് കേസെടുത്തു. രാജപാളയത്ത് നടന്ന ചടങ്ങില്‍ വച്ച് ഹിന്ദു ദേവതയായ ആണ്ടാളിനെ കുറിച്ച് മോശമായി പരാമര്‍ശം നടത്തിയെന്നാണ് ഹിന്ദുമുന്നണി എന്ന സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്.
ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ കഴിഞ്ഞയാഴ്ച വൈരമുത്തു നടത്തിയ പ്രസംഗമാണ് വിവാദമായത്. ആണ്ടാള്‍ ദേവദാസി സമുദായക്കാരിയായിരുന്നെന്നും ജീവിച്ചതും മരിച്ചതും തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണെന്നും ഒരു അമേരിക്കന്‍ പണ്ഡിതന്റെ പുസ്തകത്തെ ഉദ്ധരിച്ചാണ് വൈരമുത്തു പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്‌കാരമനുസരിച്ച് ഒരു ക്ഷേത്ര പ്രതിഷ്ഠയെ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതും ജീവിതകാലം മുഴുവന്‍ ആ പ്രതിഷ്ഠയെ സേവിക്കുകയും ചെയ്യുന്ന മതാചാരമാണ് ദേവദാസി സമ്പ്രദായം. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയും പെണ്‍കുട്ടികള്‍ ക്ഷേത്രത്തിന്റെ സ്വത്താകുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പടുകയും ചെയ്യുന്നത് ഈ സമ്പ്രദായത്തിന്റെ ഭാഗമാണ് എന്നും വൈരമുത്തു പറഞ്ഞു.
ആല്‍വാര്‍ എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ പന്ത്രണ്ട് ആത്മീയകവികളില്‍ ഒരേയൊരു സ്ത്രീയാണ് ആണ്ടാള്‍. ഈ ആത്മീയകവികളെല്ലാം തന്നെ വിഷ്ണുവിനെയോ അവതാരമായ കൃഷ്ണനെയോ പ്രകീര്‍ത്തിച്ചാണ് കവിതകള്‍ എഴുതിയിരുന്നത്. ആണ്ടാളിന്റെ 30 ഖണ്ഡങ്ങളുള്ള തിരുപ്പവ്വായിയിലെ കവിതകള്‍ പതിവായി തമിഴ് മാസമായ മാര്‍ഗഴിയില്‍ ഡിസംബര്‍ 16 മുതല്‍ ജനുവരി 13 വരെ ആലപിക്കാറുണ്ട്. സ്ത്രീപക്ഷത്തുള്ള ഭക്തകവികളില്‍ പ്രമുഖയാണ് ആണ്ടാള്‍.