Thursday
15 Nov 2018

സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങള്‍ മോഷ്ടിച്ച പൊലീസുകാരിയെ പിടികൂടിയ ജീവനക്കാരന് മര്‍ദ്ദനം

By: Web Desk | Saturday 28 July 2018 9:22 AM IST

ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച വനിതാ പൊലീസിനെ കൈയോടെ പിടികൂടിയ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചെന്നൈയിലാണ് പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. നഗരത്തിലെ ചെട്ട്‌പേട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ വനിതാ കോണ്‍സ്റ്റബിള്‍ ഷെല്‍ഫില്‍ നിന്ന് സാധനങ്ങളെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് കണ്ട ജീവനക്കാരന്‍ കോണ്‍സ്റ്റബിളിനെ തടഞ്ഞു നിര്‍ത്തി സാധനങ്ങള്‍ തിരികെവയ്ക്കണമെന്നും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് തെറ്റ് സമ്മതിച്ച് മാപ്പ് എഴുതി നല്‍കിയാണ് പൊലീസുകാരി സൂപ്പര്‍ മാര്‍ക്കറ്റ് വിട്ടത്. തുടര്‍ന്നാണ് വനിതാ പൊലീസിന്റെ ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്.

മോഷണം പിടികൂടിയ ജീവനക്കാരനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇവരുടെ അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related News