Thursday
24 May 2018

അഞ്ചു കോടിയുടെ മയക്കുമരുന്നുമായി അഞ്ചംഗ സംഘം അരിക്കോട്ട് പിടിയില്‍

By: Web Desk | Monday 12 February 2018 10:47 PM IST

മുക്കം/അരീക്കോട്: അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുകോടി രൂപയിലധികം വിലയുള്ള മയക്കുമരുന്നുമായി അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. മജീദ് (മുക്കം), പയസ് മാത്യു(ഇടുക്കി), റഫീഖ് രാജ (കൊടൈക്കനാല്‍ ), ജഗന്‍(തൃച്ചി ), ഗുണശേഖരന്‍ (ഡിണ്ടിഗല്‍) എന്നിവരാണ് പിടിയിലായത്.
മജീദ് മുഖേന മയക്കുമരുന്നിടപാട് നടക്കുന്ന വിവരം മലപ്പുറം ഡിപിസി ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
2016 ഡിസംബറില്‍ മുംബൈയില്‍ നിന്നു കേരളത്തിലേക്ക് കൊണ്ടുവന്ന എംഡിഎ (മെഥിലിന്‍ ഡയോക്‌സി ആംഫിറ്റാമിന്‍) എന്ന മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശി മുജീബ്‌റഹ്മാനെ പ്രതേക അന്വേഷണസംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് മാഫിയയെ കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ചെന്നൈ, ബാംഗ്ലൂര്‍, ഗോവ, എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.,
അഫ്ഗാനിസ്ഥാനില്‍ നിര്‍മിച്ചു ശ്രീലങ്ക വഴി തമിഴ്‌നാട്, തൂത്തുക്കുടി തുറമുഖം വഴിയാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍,മെട്രോപൊളിറ്റന്‍ സിറ്റികള്‍ ഡാന്‍സ് ബാറുകള്‍ പ്രൊഫെഷണല്‍കോളേജുകള്‍, എന്നിവിടങ്ങളില്‍ ഏജെന്റ്മാരെ വെച്ച് വളരെ സമര്‍ത്ഥമായി വിതരണം നടത്തുന്നവരെ കുറിച്ചും വിവരംലഭിച്ചിട്ടുണ്ടന്ന് അന്വേഷണ സംഘം അറിയിച്ചു.
ഞായറാഴ്ച മഞ്ചേരി സിഐ എന്‍ ബി ഷൈജു, അരീക്കോട് എസ് ഐ സിനോദ്, പ്രത്യക അന്വേഷണസംഘാംഗങ്ങകളായ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ്, സലിം അരീക്കോട് സ്റ്റേഷനിലെ എസ് സി പി ഒ മനോജ്, സി.പി.ഒ വിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.