Thursday
18 Oct 2018

ദേശീയ പാതയില്‍ കര്‍ണാടക വനംവകുപ്പ് രാത്രിയില്‍ 8.30ന് സഞ്ചാരികളുടെ വാഹനം തടയുന്നു

By: Web Desk | Saturday 5 May 2018 9:48 PM IST

കല്‍പറ്റ: ഊട്ടി-മൈസൂര്‍ ദേശീയ പാത 67ല്‍ കര്‍ണാടക വനംവകുപ്പ് രാത്രി യാത്രാ നിരോധനത്തിന്റെ പേരില്‍ സമയം ആകുന്നതിന് മുമ്പ് തന്നെ സഞ്ചാരികളുടെ വാഹനങ്ങള്‍ തടയുന്നതായി പരാതി. കക്കനഹള്ള ചെക്‌പോസ്റ്റില്‍ കര്‍ണാടക വനംവകുപ്പ് രാത്രി 8.30് ആയാല്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങും. ഈ പാതയില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇത് സഞ്ചാരികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇതുസംബന്ധിച്ച് സഞ്ചാരികളും വനംവകുപ്പ് ജീവനക്കാരും തമ്മില്‍ തുറപ്പള്ളിയില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി സഞ്ചാരികളുടെ വാഹനങ്ങളുമായി തുറപ്പള്ളി ചെക്‌പോസ്റ്റില്‍ നിന്ന് കര്‍ണാടക അതിര്‍ത്തിയിലെ കക്കനഹള്ള ചെക്‌പോസ്റ്റിലെത്തി കര്‍ണാടക വനംവകുപ്പുമായി തമിഴ്‌നാട് പൊലീസ് സംസാരിച്ചെങ്കിലും രാത്രി 8.30ന് വാഹനങ്ങള്‍ തടയുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കര്‍ണാടക വനംവകുപ്പിന്റെ പിടിവാശി കാരണം സഞ്ചാരികള്‍ രാത്രികാലങ്ങളില്‍ വനമേഖലയില്‍ ഒറ്റപ്പെടുകയാണ്. സ്ത്രീകളും, കുട്ടികളും നേരം വെളുക്കുവോളം വാഹനങ്ങളില്‍ തങ്ങേണ്ട സാഹചര്യമാണുള്ളത്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ കര്‍ണാടക-തമിഴ്‌നാട് അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.

Related News