Wednesday
19 Dec 2018

മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ പൊലീസ് പീഡിപ്പിച്ചതായി പരാതി

By: Web Desk | Thursday 6 December 2018 9:52 PM IST

വടകര: കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ നിന്നും സ്വര്‍ണ്ണ മാല നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണ കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ പിടികൂടി എടച്ചേരി പൊലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മാഹി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ പാലക്കാട് രാമനാഥപുരം പുത്തൂര്‍ ഐശ്വര്യയില്‍ റീനാ ജോസഫ്, കണ്ണൂര്‍ കൂട്ടുപുഴ പെരട്ട ഇല്ലിക്കല്‍ ഷൈനി അഗസ്റ്റിന്‍ എന്നിവരാണ് എടച്ചേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഓര്‍ക്കാട്ടേരി ആശുപത്രി പരിസരത്തു നിന്നും സ്വര്‍ണ്ണ മാല കവര്‍ന്ന സംഭവത്തില്‍ കവര്‍ച്ച നടത്തിയ സ്ത്രീകള്‍ ധരിച്ച വസ്ത്രത്തിന്റെ നിറത്തിലുള്ള സാമ്യമാണ് ഇവരെ തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്.

നാലാം തിയതി കാലത്ത് 11 മണിക്ക് മാഹി പാലത്തിനു സമീപമുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ രണ്ടു പൊലീസുകാര്‍ എത്തി പേരും വിവരങ്ങളും ചോദിക്കുകയും തങ്ങളുടെ ഐ.ഡി
കാര്‍ഡുകളുടെ കോപ്പിയും മൊബൈല്‍ ഫോണ്‍ നമ്പറുകളും വാങ്ങുകയും ചെയ്ത ശേഷം, ബാഗുകള്‍ അടക്കം പരിശോധിച്ച് തങ്ങളുടെ ഫോട്ടോയും എടുത്ത് പോകുകയായിരുന്നുവെന്നും റീന ജോസഫ് വടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ പോയതിനു ശേഷം മാഹി എമ്പയര്‍ ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് തന്നെ ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സ്റ്റേഷനിലേക്കുള്ള വഴി അറിയാത്ത തങ്ങള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ജീപ്പിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആളുകളുടെ മുന്നില്‍ വെച്ച് കുറ്റവാളികളോടെന്ന പോലെ പെരുമാറുകയും ജീപ്പില്‍ കയറ്റി കൊണ്ട് പോയതായും ഇവര്‍ പറഞ്ഞു. ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ കുടി വെള്ളം പോലും നല്‍കാതെ നിരപരാധികളായ ഞങ്ങളെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് റീന ആരോപിച്ചു.കൂടാതെ തങ്ങളുടെ വീടുകളിലും മാല മോഷ്ടിച്ചുവെന്ന തെറ്റായ വിവരം അറിയിച്ച ശേഷം വൈകീട്ട് ആറരയോടെ സ്റ്റേഷനില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

യാതൊരു തെറ്റ് കുറ്റങ്ങളും ചെയ്യാത്ത പൊതു പ്രവര്‍ത്തകരായ തങ്ങളോട്, ജനങ്ങളുടെ മുമ്പില്‍ വെച്ച് യാതൊരു മാന്യതയും പുലര്‍ത്താതെ പെരുമാറുകയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് തങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം വരുത്തുകയും ചെയ്ത സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റൂറല്‍ എസ്.പി ക്ക് പരാതി നല്‍കിയതായും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ഡി.ജി.പി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

Related News