Wednesday
23 Jan 2019

പുരോഹിത ലീലകളുടെ കഥ; പോളിഷ് ചലച്ചിത്രം ‘ക്‌ളെര്‍’

By: Web Desk | Monday 15 October 2018 8:10 PM IST

പുരോഹിത ലീലകള്‍ വെളിവാക്കുന്ന വിവാദപോളിഷ് ചലച്ചിത്രം ‘ക്‌ളെര്‍’ ബോക്‌സ് ഓഫീസ് തകര്‍ത്തോടുന്നു. പോളിഷ് പുരോഹിതരെ മദ്യപാനികളും ലൈംഗിക അരാജകവാദികളുമായി ചിത്രീകരിക്കുന്ന സിനിമ വിവാദത്തിന്റെ തീപ്പൊരികള്‍ ചിതറിക്കുന്നതിനൊപ്പം സത്യംതുറന്നു പറയാന്‍ അനേകം ഇരകള്‍ക്കുപ്രേരകമാവുകയുമാണ്.
വോയ്‌ചെഹ് സ്മാര്‍സൗവ്‌സ്‌കി സംവിധാനം ചെയ്ത സിനിമ യാഥാര്‍ഥ സംഭവങ്ങള്‍ ആധാരമാക്കിയുള്ളതാണ്. കാമുകിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന മദ്യത്തിന് അടിമയായ പുരോഹിതന്‍,കൊച്ചുകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ മറ്റൊരു പുരോഹിതന്‍, അഴിമതിയും ബ്‌ളാക്ക് മെയിലിങും തൊഴിലാക്കിയ മുതിര്‍ന്നപുരോഹിതന്‍, രാഷ്ട്രീയക്കാരെയും അധോലോകക്കാരെയും നയിക്കുന്ന ആര്‍ച്ച്ബിഷപ് എന്നിങ്ങനെ സമൂഹം കല്‍പ്പിച്ചുനല്‍കിയ പ്രത്യേക സ്വാതന്ത്ര്യം ദുരുപയോഗംചെയ്യുന്ന കാലിക പുരോഹിത വര്‍ഗത്തെ ഇതില്‍കാണാം. പോളിഷ് ബോക്‌സ് ഓഫിസ് റിക്കോര്‍ഡ് തകര്‍ത്തസിനിമ റിലീസ്‌ചെയ്ത് നാളുകള്‍ക്കകം മുപ്പതുലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
സിനിമറിലീസ് ചെയ്ത സമയത്തിനുമുണ്ട് പ്രത്യേകത, വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പോസ്‌നാനിലെ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പത്തുമാസത്തോളം ഒളിപ്പിച്ചുതാമസിപ്പിച്ചു പീഡിപ്പിച്ച പുരോഹിതനെതിരെ വിധി വന്നസമയമായിരുന്നു അത്. പുരോഹിതന്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവന്നുവെന്നുമാത്രമല്ല. 2008ല്‍ അറസ്റ്റുചെയ്തു നാലുവര്‍ഷത്തിനുശിക്ഷിച്ച ഇയാളെ പിഴയില്‍നിന്നും മോചിപ്പിച്ചത് അടുത്തിടെ  മാത്രമാണ്.
അതേസമയം സിനിമക്കെതിരെ പുരോഹിതപക്ഷത്തുനിന്നും വ്യാപകമായ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയര്‍ന്നുകഴിഞ്ഞു. പത്രമാധ്യമങ്ഹളും വിവാദം ഏറ്റെടുത്തുകഴിഞ്ഞു.