Saturday
22 Sep 2018

രാഷ്ട്രീയ-സാമൂഹ്യപ്രശ്‌നങ്ങള്‍ പരസ്പര പൂരകം: കാനം രാജേന്ദ്രന്‍

By: Web Desk | Monday 29 January 2018 9:31 PM IST

കൊല്ലം: രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരുമിച്ച് നീങ്ങിയാലേ കഴിയൂ. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറ്റൊരു തലമാണ് രാഷ്ട്രീയപ്രവര്‍ത്തനമെങ്കിലും പലരും അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്നിലാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഒരു ശതമാനത്തിന്റെ പക്കല്‍ സമ്പത്ത് കേന്ദ്രീകരിക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ കൊടും ദാരിദ്ര്യത്തിലാണ്. പുരോഗതി എങ്ങോട്ടാണെന്ന് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്ഥിരോത്സാഹത്തിന്റെയും കര്‍മ്മധീരതയുടെയും പ്രതീകമായിരുന്ന കെ ആര്‍ നാരായണനെ കാനം ചടങ്ങില്‍ അനുസ്മരിച്ചു.

പുരസ്‌കാരം കാനം രാജേന്ദ്രന് മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനിച്ചു. പൊതുപ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം സിപിഐ ദേശീയകൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയും മികച്ച ട്രേഡ്‌യൂണിയന്‍ നേതാവിനുള്ള പുരസ്‌കാരം ജെ ഉദയഭാനുവും ഏറ്റുവാങ്ങി.
വ്യത്യസ്ത തലങ്ങളില്‍ മികവ് തെളിയിച്ച ഡോ. പി വി അലക്‌സാണ്ടര്‍, ഡോ. കെ എന്‍ ജയകുമാര്‍, ഡോ. സജി പി സോമന്‍, ശോഭനാദേവി, ഫാ. റെജി മാത്യു, ഡോ. ജയപാല്‍, എം സെബാസ്റ്റ്യന്‍, ഡോ. വി ജെ സന്തോഷ്‌കുമാര്‍, മനോജ്കുമാര്‍, ഡോ. അനു രാധാകൃഷ്ണന്‍, രോഹിണി രവീന്ദ്രന്‍, എസ് ഷാനവാസ്, എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി സംസാരിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ രാഹുലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ ജി ജോണ്‍സണ്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Related News