Friday
22 Jun 2018

രാഷ്ട്രീയ നിലവാര തകര്‍ച്ച തീവ്രവാദത്തിന് വഴിയൊരുക്കും: പന്ന്യന്‍ രവീന്ദ്രന്‍

By: Web Desk | Friday 2 February 2018 3:28 PM IST

എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചുനടന്ന ചടങ്ങില്‍ സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എം കെ അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്‌കാരം നല്‍കുന്നു. എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, അഡ്വ മജ്‌നുകോമത്ത്, സംവിധയകാന്‍ വിനയന്‍, ഇ സി ശിവദാസ് എന്നിവര്‍ സമീപം

കൊച്ചി: രാഷ്ട്രീയം പരാജയപ്പെട്ടാല്‍ കേരളത്തില്‍ ഉയര്‍ന്നുവരുന്നത്  തീവ്രവാദത്തിന്‍റെ  രാഷ്ട്രീയമായിരിക്കുമെന്ന്  സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. രാഷ്ട്രീയ രംഗത്തെ അപചയങ്ങള്‍ക്കെതിരെ സിപിഐ ജാഗ്രതയോടെ നില്‍ക്കുന്നത് ഈ അപകടം ഒഴിവാക്കാനാണെന്നും പന്ന്യന്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ എം കെ അയ്യപ്പന്‍മാസ്റ്റര്‍ പുരസ്‌കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ വ്യക്തമായ നിലപാടുള്ള പാര്‍ട്ടിയാണ്. ആ നിലപാട് പരസ്യമായി തുറന്നുപറയുമ്പോള്‍ പലര്‍ക്കും രുചിക്കാറില്ല. രാജാവ് നഗ്‌നനാണെന്ന് പലരും മനസ്സില്‍ പറയും. എന്നാല്‍ അത് തുറന്നുപറയുമ്പോള്‍ ചിലര്‍ക്കത് പ്രശ്‌നമാവും. ഇടതുപക്ഷ ജനാധിപത്യമുന്നണി കീഴ്‌വഴക്കവും മാതൃകയുമെല്ലാമുള്ള മുന്നണിയാണ്. നിലപാടുകളില്‍ വിട്ടുവീഴ്ചയുണ്ടാകുമ്പോള്‍ അത് തുറന്നുപറയുന്നത് ഭരണത്തെ ശക്തിപ്പെടുത്താനാണ്. ഭിന്നിപ്പിന്റെ വഴിയല്ല, യോജിപ്പിന്‍റെ വഴിയാണ് ഇടതുമുന്നണി നയം. ആ വഴിയിലാണ് സിപിഐ സഞ്ചരിക്കുന്നത്.
ആദ്യകാല കമ്മ്യൂണിസ്റ്റുകള്‍ കുടുംബം, ജീവിതം, സ്വത്ത് എന്നിവയെ ത്യജിച്ചാണ് സമൂഹം കെട്ടിപ്പടുത്തത്. ആദ്യകാല കമ്മ്യൂണിസ്റ്റുകളുടെ ലളിത ജീവിതത്തിന്‍റെ വഴിയില്‍ നിന്ന് ഇന്ന് രാഷ്ട്രീയം വഴിമാറി സഞ്ചരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് തനിക്കെന്തു കിട്ടുമെന്നതാണ് ഇന്ന് പലരുടെയും നോട്ടം. ബൂര്‍ഷ്വാ പാര്‍ട്ടിയിലെ കീഴ്‌വഴക്കങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ മജ്‌നു കോമത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്തിപത്ര സമര്‍പ്പണം വിനയന്‍ നിര്‍വഹിച്ചു. സിപിഐ ജില്ലാസെക്രട്ടറി പി രാജു അനുസ്മരണപ്രഭാഷണം നടത്തി. ഇ സി ശിവദാസ്, പി എ ബോസ്, കെ എ സോമന്‍ എന്നിവര്‍ സംസാരിച്ചു. കാനം രാജേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

 

Related News