Tuesday
22 Jan 2019

അസിഫ: കശ്മീരിന്‍റെ രാഷ്ട്രീയ ദിശ മാറുമോ?

By: Web Desk | Friday 13 April 2018 10:44 PM IST

ജോസ് ഡേവിഡ്

ശ്മീരി താഴ്‌വരയിലെ അസിഫ ബാനു എന്ന ആട്ടിടയപെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ആ ഏഴ് നാളുകള്‍ ഇരുണ്ടുപോകട്ടെ. ആണ്ടിന്റെ നാളുകളുടെ കൂട്ടത്തില്‍, മാസങ്ങളുടെ ആഴ്ചവട്ടത്തില്‍ അവ എണ്ണപ്പെടാതിരിക്കട്ടെ. അമ്മയുടെ ഉദരത്തില്‍ നിന്നു അവള്‍ പുറപ്പെടുംമുമ്പ് തന്നെ പ്രാണന്‍ പോകാത്തതെന്ത്? എങ്കില്‍ പീഡകരുടെ ശബ്ദം അവള്‍ കേള്‍ക്കാതിരിക്കുമായിരുന്നു. ദൈവം നിരോധിച്ച അസിഫയ്ക്ക് ജീവന്‍ കിട്ടിയതെന്തിന്?

ദൈവത്തിന്റെ കണ്‍മുമ്പില്‍, ക്ഷേത്രത്തിനുള്ളില്‍ എന്താണ് സംഭവിച്ചത്? 2018 ജനുവരി 10 മുതല്‍ ഏഴ് ദിനങ്ങള്‍ ഈ എട്ട് വയസുകാരിയെ അതില്‍ പൂട്ടിയിട്ട് പൂജാരി രഞ്ജിറാമും രണ്ട് പൊലീസുകാരും പൂജാരിയുടെ മകനും കൗമാരം കടക്കാത്ത മരുമകനും അവന്റെ കൂട്ടുകാരനും ചേര്‍ന്നു നിരന്തരം മാനഭംഗം ചെയ്തു. ഒടുവില്‍ കഴുത്തുഞെരിച്ചു കൊന്നു. കല്ലുകൊണ്ട് രണ്ടുവട്ടം തലക്കിടിച്ച് പ്രാണന്‍ പോയെന്ന് ഉറപ്പാക്കി. കാട്ടില്‍ വലിച്ചെറിഞ്ഞു. കേസ് ഒതുക്കിതീര്‍ക്കാന്‍ എസ്‌ഐക്കും ഹെഡ്‌കോണ്‍സ്റ്റബിളിനും നാല് ലക്ഷം രൂപ നല്‍കി.

നാട് ഞെട്ടിത്തരിച്ച ഈ സംഭവം ഡിഎന്‍എ പരിശോധനാഫലത്തിന്റെ പിന്‍ബലത്തില്‍ തെളിയിക്കപ്പെട്ട് ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കട്ട്‌വാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കട്ട്‌വ ബാര്‍ അസോസിയേഷനും ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷനും പണിമുടക്കി, ഒന്നടങ്കം എതിര്‍ത്തു. കട്ട്‌വാ കോടതിയില അഭിഭാഷകര്‍ പൊലീസിന് ഗോബാക്ക് വിളിച്ചു. ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ”ജനവികാരം മനസിലാക്കാത്ത” സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കുറ്റവാളികളെ പ്രതികളാക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ഹിന്ദു ഏകതാ മഞ്ചിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രസ്താവന ഇറക്കിയ ബാര്‍ അസോസിയേഷന്‍  അസിഫയുടെ പിതാവ് മുഹമ്മദ് യൂസുഫ് പുജ്‌വാലയ്ക്ക് വേണ്ടി കേസ് വാദിക്കാന്‍ അഭിഭാഷകനെ നല്‍കില്ലെന്നും ശഠിച്ചു.
രണ്ട് ബാര്‍ അസോസിയേഷനുകളുടെയും ഈ നടപടി നീതി ശാസ്ത്ര മര്യാദകള്‍ക്ക് വിരുദ്ധവും നീതിനിര്‍വഹണ സംവിധാനത്തിന്റെ തകര്‍ച്ചയുമാണെന്ന നിരീക്ഷണത്തോടെ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് സുവോമോട്ടോ അവയ്ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.

അസിഫയുടെ പീഡകര്‍ക്ക് വേണ്ടി തെരുവിലിറങ്ങി പ്രകടനം നടത്തിയ ബിജെപിയുടെ നേതൃനിരയില്‍ രണ്ട് സംസ്ഥാന മന്ത്രിമാരുണ്ടായി. വനംമന്ത്രി ലാല്‍സിങ്ങും വ്യവസായ മന്ത്രി ചന്ദ്രപ്രകാശ് ഗംഗയും. കുറ്റവാളികള്‍ക്കുവേണ്ടി ജമ്മുകശ്മീരില്‍ റോഡ് ഉപരോധിക്കാനും നിരാഹാരം കിടക്കാനും ബിജെപിയും ഹിന്ദുത്വവും അണിനിരത്തിയവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടു. ”അവരെ വിട്ടയയ്ക്കുക, ഇല്ലെങ്കില്‍ ഞങ്ങള്‍ സ്വയം തീകൊളുത്തി മരിക്കും,” ”സ്ത്രീകള്‍ വിളിച്ചുപറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസിഫയുടെ കുടുംബം ”ഞങ്ങളുടെ മതത്തിന് എതിരാണ്” എന്നു ബിമലദേവി എന്ന സ്ത്രീ പറഞ്ഞതായി പത്രം പറയുന്നു.

ഏതു മതം? പുജ്‌വാലയുടെ രണ്ട് പെണ്‍മക്കള്‍ അപകടത്തില്‍ പെട്ട് മരിച്ചപ്പോള്‍ അയാള്‍ അവളെ ദത്തെടുത്തു വളര്‍ത്തിയതാണ്. സഹോദരന്‍ അക്തറിന്റെ മകളായിരുന്നു അവള്‍. ”കൈ ഏത്, കാലേത് എന്ന് തിരിച്ചുപറയാന്‍ അവള്‍ക്കറിയില്ല. വലതുകൈയും ഇടതുകൈയും തിരിച്ചറിയില്ല. ആരു ഹിന്ദു, ആരു മുസ്‌ലിം എന്നുമറിയില്ല,” പുജ്‌വാല പറഞ്ഞു.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍, നാടോടി മുസ്‌ലിം സംഘത്തെ ജമ്മു ഗ്രാമത്തില്‍ നിന്നും ഓടിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതു വിവരിക്കുന്നുണ്ട്. അവരെ ഭയപ്പെടുത്തി പലായനം ചെയ്യിക്കാനാണ് അസിഫയോട് ഈ അരുംകൊല ചെയ്തത്.
”ഭൂമിയില്‍ ഒരു ശക്തിക്കും അവരെ (മുസ്‌ലിങ്ങളെ) ഹിന്ദുസ്ഥാനില്‍ നിലനിര്‍ത്താന്‍ കഴിയില്ല. അവര്‍ രാജ്യം വിടണം…” 1947 ഡിസംബര്‍ എട്ടിന് റോത്തക്ക് റോഡ് ആര്‍എസ്എസ് ക്യാമ്പില്‍ ആര്‍എസ്എസ് താത്വികാചാര്യന്‍ എം എസ് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചതാണിത് (പൊലീസ് റിപ്പോര്‍ട്ടില്‍ നിന്ന്). താഴ്വരയിലെ  ബിജെപിയിൽ നിന്നും ഈ വാക്കുകൾ പ്രതിധ്വനിക്കുന്നു. 

വിധിവൈപരീത്യമാവാം, താഴ്‌വരയില ഹിന്ദുത്വശക്തികള്‍ക്കു പിഡിപിയുമായി ചേര്‍ന്നു അധികാരം പങ്കിടാനായി. 2014ല്‍ ഉടലെടുത്ത ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ദുരന്തപര്യവസാനിയായ അന്ത്യരംഗങ്ങളാണിപ്പോള്‍ രാഷ്ട്രം ദര്‍ശിക്കുന്നത്. ബിജെപിയെ പിഡിപി മടുത്തുകഴിഞ്ഞു. പൂര്‍ണമായും. കട്ട്‌വ മാനഭംഗം അജന്‍ഡയായി വച്ചു ശ്രീനഗറില്‍ ശനിയാഴ്ച പിഡിപി നിയമസഭാംഗങ്ങളുടെ അടിയന്തര യോഗം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ചിരിക്കുകയാണ്. തന്റെ മന്ത്രിസഭയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ ബലാല്‍സംഗക്കുറ്റവാളികള്‍ക്കനുകൂലമായി നടന്ന റാലിയില്‍ പങ്കെടുത്തതിനെ അപലപിച്ചുകൊണ്ട് മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു. അവരെ ഇപ്പോഴും മന്ത്രിസഭയില്‍ തുടരാന്‍ എങ്ങനെ അനുവദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുള്ളയുടെ ചോദ്യത്തിന് ഇതുവരെ മറുപടി ഉണ്ടായിട്ടില്ല.

താഴ്‌വരയില്‍ ബിജെപിക്ക് അധികാരം പങ്കിടാനായതു അപരിഹാര്യമായ ദുരന്തങ്ങള്‍ക്ക്, വര്‍ഗീയമായ വിഭജനത്തിനു കാരണമായി എന്നു കൃത്യമായും വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ വിവാദത്തിലായ മന്ത്രി ചൗധരി ലാല്‍ സിങ് നേരത്തേയും മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവന നടത്തിയതു വാര്‍ത്തയായിരുന്നു. ”1947 ലെ വിഭജനകാലത്തു നൂറുകണക്കിന് മുസ്‌ലിങ്ങള്‍ ജമ്മുവില്‍ കൊല്ലപ്പെട്ടതു മറക്കണ്ട.” എന്ന ലാല്‍സിങ്ങിന്റെ വെല്ലുവിളിക്കെതിരെ കശ്മിരി കൃഷിക്കാര്‍ അന്ന് രേഖാമൂലം പരാതിപ്പെട്ടിരുന്നു.” പിന്നീട് ലാല്‍സിങ് മാപ്പു പറഞ്ഞു.
ബിജെപിയുടെ പ്രകോപനവും കേന്ദ്രസര്‍ക്കാരിന്റെ തീവ്രവാദികള്‍ക്കെതിരെയുള്ള നിര്‍മാര്‍ജന നയവും കശ്മിരിനെ വിസ്‌ഫോടനാവസ്ഥയില്‍ കൊണ്ടെത്തിച്ചുവെന്നു പിഡിപി നേതൃത്വം തന്നെ കരുതുന്നു. അടിച്ചമര്‍ത്തുംതോറും കൂടുതല്‍ യുവാക്കള്‍ ഭീകരസംഘത്തിലേക്കു ചെന്നെത്തുന്ന ആപത്കരമായ സ്ഥിതിവിശേഷം. ”ചരിത്രത്തിലില്ലാത്ത രക്തച്ചൊരിച്ചിലിന് ഇവിടം സാക്ഷിയാകാന്‍ പോകുന്നു”വെന്ന് കഴിഞ്ഞ ദിവസം മെഹ്ബൂബയുടെ സഹോദരന്‍ തസമുക്ക് മുഫ്തി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം അവസാനിക്കാന്‍ പോകുന്നുവെന്നും തസമുക്ക് സൂചിപ്പിച്ചു.

പിഡിപിയും ബിജെപിയും കൈകോര്‍ത്തതു മുതല്‍, അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, ഹിന്ദു ഭൂരിപക്ഷ ജമ്മുവും മുസ്‌ലിം ഭൂരിപക്ഷ കശ്മീരും തമ്മിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ വിടവുകള്‍ പതിന്മടങ്ങു വര്‍ധിച്ചുകഴിഞ്ഞു. അധികാരം പിടിച്ചെടുക്കുക എന്ന ഇരുവരുടെയും പൊതുപരിപാടിക്കിടയില്‍ താഴ്‌വര വലിയൊരു വെടിമരുന്നുശാലയായി മാറുന്നതു കാണാതെ പോയി. ഭരണവിരുദ്ധ അക്രമങ്ങള്‍ ഭയന്ന് പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ പോലും നടത്താനാവുന്നില്ല. സാധാരണ മനുഷ്യര്‍ ഈയിടെ വ്യാപകമായി കൊല്ലപ്പെട്ടത് എരിതീയില്‍ എണ്ണയൊഴിക്കലാവുകയും ചെയ്തു.

പിഡിപി-ബിജെപി സഖ്യം രൂപീകരിച്ച മുഖ്യശില്‍പിയും ധനമന്ത്രിയുമായിരുന്ന ഹസീബ് ഡ്രാബു വര്‍ഷാദ്യം മന്ത്രിസഭയില്‍ നിന്നു പുറത്താക്കപ്പെട്ടതുമുതല്‍ മെഹ്ബൂബ സര്‍ക്കാര്‍ വിശ്വാസത്തകര്‍ച്ച നേരിടുകയാണ്. അതിനുപുറമേയാണ് ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡ സൃഷ്ടിക്കുന്ന തലവേദനകള്‍. വലതുഹിന്ദുത്വവാദികള്‍ കശ്മീരിനു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം അനുവദിച്ചിട്ടുള്ള പ്രതേ്യക ഭരണഘടനാ പദവി എടുത്തുകളയണമെന്നു വാദിക്കുന്നതു പിഡിപിയുടെ സംസ്ഥാനത്തെ മുഖം വികൃതമാക്കുന്നു. സംസ്ഥാനത്തെ വൈദ്യുത പദ്ധതികള്‍ അംഗീകരിക്കപ്പെടാതിരുന്നതും പ്രധാനമന്ത്രി പ്രഖ്യാപിച്ച സംസ്ഥാന പാക്കേജ് ജലരേഖയായി തുടരുന്നതും, പിഡിപി സഖ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി തകര്‍ന്നടിയുന്നതും സര്‍ക്കാരിന്റെ ജനസമ്മതിക്കുമേല്‍ വലിയ ആഘാതമാണ്.

അസ്വസ്ഥജനകമായ ഈ രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് അസിഫ എന്ന പിഞ്ചുകുഞ്ഞിന്റെ മാനഭംഗവും കൊലപാതകവും വന്നുപതിച്ചത്. അസിഫ പിഡിപിയെ സംബന്ധിച്ച് ജനങ്ങളോട് ഉത്തരം പറയേണ്ട വലിയ സമസ്യയാകുന്നു. രണ്ട് മന്ത്രിമാര്‍ ഹിന്ദു ഏകതാ മഞ്ച് റാലിയില്‍ പങ്കെടുത്തതു പിഡിപി-ബിജെപി സഖ്യത്തെ ഇനിയൊരിക്കലും കൂട്ടിയിണക്കാന്‍ കഴിയാത്ത അകലങ്ങളിലേക്കു തള്ളിമാറ്റിക്കഴിഞ്ഞു.
രണ്ട് പാര്‍ട്ടികള്‍ക്കും അവരുടെ നിലപാടുകള്‍ വ്യക്തമാക്കാതെ വയ്യെന്നായി. ആസിഫയുടെ വംശത്തെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വശക്തികളുടെ ഒളിവും മറവുമില്ലാത്ത ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കാതെ ബിജെപിക്കു ജമ്മുവില്‍ നിലനില്‍പില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇത്തരം കൃത്യങ്ങളുടെ പ്രായോജകര്‍ ബിജെപി തന്നെയാണ്. ജമ്മുകശ്മീര്‍ പൊലീസ് നടത്തിയ അനേ്വഷണം അസ്വീകാര്യമാവുന്നതും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സിബിഐ അന്വേഷണം മാത്രം സ്വീകാര്യമാവുന്നതും, ഈ കേസ് ഇല്ലാതാക്കാനുള്ള പരിശ്രമമാണെന്നു ഏത് ലളിതബുദ്ധിക്കും മനസിലാവും. അതിനുവേണ്ടി അഭിഭാഷകര്‍, നീതിന്യായ വ്യവസ്ഥ ഒക്കെ സ്വന്തം വരുതിക്കുള്ളില്‍ നിര്‍ത്താനും അവര്‍ ശ്രമിക്കും.

സംസ്ഥാന ബിജെപി വക്താവ് സുനില്‍ശര്‍മ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞത്. ”ജനങ്ങള്‍ക്കു ക്രൈംബ്രാഞ്ചില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതു ജമ്മുവിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠയെ മാനിച്ചാണ്” എന്നാണ്.
അവര്‍ മാനിക്കുന്നതു മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ നോക്കിയ കട്ട്‌വയിലെ പൂജാരിയെയും പൊലീസ് സംഘത്തെയുമാണ്. അസിഫയുടെ വംശമാണ്, ഗോള്‍വാള്‍ക്കറിലൂടെ അവര്‍ പഠിച്ചുവച്ച നമ്പര്‍ വണ്‍ ശത്രു. വിദേ്വഷത്തിന്റെ ഈ വിഷവിത്തുകള്‍ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുമ്പോഴും ജമ്മുവിലെ റാലിയില്‍ അവര്‍ നമ്മുടെ ദേശീയപതാക ഉയര്‍ത്തിക്കാണിച്ചു. കഷ്ടം! ആ പതാകയെ മറയാക്കി വേണോ ഈ ഹീനത. ആ മൂവര്‍ണക്കൊടി സഞ്ജി റാമിനെ മറയ്ക്കാനുള്ളതല്ല, അത് അസിഫയ്ക്ക് മേല്‍ പറക്കാനുള്ളതാണ്. കാരണം, അവള്‍ ഈ നാടിന്റെ മകളാണ്, കുഞ്ഞു മാലാഖയാണ്.

Related News