Friday
18 Aug 2017

നാടിന്റെ ഭാഗധേയം നിർണയിച്ച വെട്ടിന്‌ ഏഴുപതാണ്ട്‌

By: Web Desk | Tuesday 25 July 2017 4:45 AM IST

ഹരി കുറിശേരി

ഒറ്റ വെട്ട്‌; നാട്‌ സ്വതന്ത്രയായി
കേരളത്തിന്റെ ഭാഗധേയം നിർണയിച്ച ആ വെട്ടിന്‌ ഇന്ന്‌ (25-7-2017)എഴുപതാണ്ട്‌. രാജ്യത്ത്‌ സ്വാതന്ത്ര്യദാഹം കൊടുമ്പിരികൊണ്ട്‌ പരിസമാപ്തിയോടടുക്കുമ്പോൾ അനന്തപുരിയിലെ ഭക്തിവിലാസത്തിലിരുന്ന്‌ സ്വതന്ത്രതിരുവിതാംകൂർ രാജ്യം സ്വപ്നംകണ്ട സർ സി പിയുടെ മോഹങ്ങളെല്ലാം തകർത്തുകളഞ്ഞത്‌ ആ വെട്ടാണ്‌. അവിടെനിന്നും ഇന്ത്യയുടെ ബലത്ത പാദമായി കേരളത്തിന്റെ ചരിത്രം ചുവടുറപ്പിക്കുകയായിരുന്നു.

1947 ജൂലൈ
ഇന്ത്യ സ്വതന്ത്രയാകും എന്നുറപ്പിച്ച നാളുകളായിരുന്നു അത്‌. ഇടഞ്ഞുനിൽക്കുന്നചില നാട്ടുരാജ്യങ്ങളെ വരുതിയിലാക്കാൻ ദേശീയനേതാക്കളുടെ ശ്രമവും നാടാകെ പ്രക്ഷോഭവും. അതിനിടയിലാണ്‌ നാടിനെ ഞെട്ടിച്ചുകൊണ്ട്‌ സർ സി പി സ്വതന്ത്ര തിരുവിതാംകൂർ എന്ന അമേരിക്കൻ മോഡൽ പുറത്തുവിടുന്നത്‌. സ്വാതന്ത്ര്യ സമരം നടത്തിയ നേതാക്കളെ അസ്തപ്രജ്ഞരാക്കി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ച്‌ ഡൽഹിയിൽ പത്ര സമ്മേളനം നടത്തിയ സി പി തിടുക്കത്തിൽ അംബാസഡർമാരെ നിയമിക്കുന്നതുപോലും പിന്നെകണ്ടു. സ്വതന്ത്ര തിരുവിതാംകൂർ കമ്മ്യൂണിക്കേഷൻ,വിദേശനയം, പ്രതിരോധം എന്നിവയിലെല്ലാം ഇന്ത്യയുമായി സഹകരിക്കുമെന്ന്്‌ കേട്ട്‌ നാട്‌ ഞെട്ടിത്തരിച്ചു. എതിർപ്പിന്റെ ശബ്ദങ്ങളെല്ലാം ജയിലറകളിൽ തട്ടിത്തിരിയുന്നു.വിപ്ലവകാരികൾ വിങ്ങിവിയർത്തു. തമ്പാനൂർ സത്രത്തിനുമുന്നിലെ സിപി പ്രതിമയുടെ മൂക്കാണ്‌ ആദ്യം പോയത്‌. നാടാകെ അതു വലിയ സംഭവമായി. അത്‌ ഒരു സൂചനയായിരുന്നു.

ആദ്യം പ്രതിമയുടെ മൂക്ക്‌ പിന്നെ ആളിന്റെ കഴുത്ത്‌
ഭക്തിവിലാസം കുലുങ്ങിയില്ല. ചില കോൺഗ്രസ്‌ നേതാക്കൾപോലും സിപിയുടെ ആജ്ഞാശക്തിക്കുമുന്നിൽ നമിച്ചുവെന്ന്്ചരിത്രം.
പന്മന തയ്യിൽ കാരണവരുടെ മരണവുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നേതാവ്‌ കുമ്പളത്ത്‌ ശങ്കുപ്പിള്ള ജയിലിറങ്ങുന്നു, ആർഎസ്പി നേതാവ്‌ ശ്രീകണ്ഠൻനായരുമായി ബന്ധപ്പെട്ട്‌ പാർട്ടിയിലെത്തിയ കെസിഎസ്‌ മണി ആശ്രമത്തിലെത്തി മണി കുമ്പളവുമായി സന്ധിക്കുന്നു. വിഷയം ഗൗരവമുള്ളതാണ്‌. എന്തുവന്നാലും താങ്ങാനുള്ള കരുത്തുപിന്നിലുണ്ടാകണം. അതിനാണ്‌ ശ്രീകണ്ഠൻനായർ കുമ്പളത്തിനടുക്കലേക്ക്‌ മണിയെ അയക്കുന്നത്‌. ആ പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി ഇന്നുംപുറത്തായിട്ടില്ല. ആദ്യം ഒരു തോക്കിനായിരുന്നു ശ്രമം. അതിന്‌ ആയിരത്തി ഇരുനൂറു രൂപവേണം. അതുകൊണ്ട്‌ പിന്നീട്‌ വെട്ടുകത്തിയിലേക്ക്‌ നീണ്ടു. കേരളത്തിന്റെ ഭാവി മാറ്റിമറിച്ച അത്‌ പൊലീസ്‌രേഖകളിൽ ഗൂഢാലോചനയാണെങ്കിലും നാടിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മന്ത്രാലോചനയായിരുന്നു.
ജൂലൈ 25ന്‌ സ്വാതിതിരുനാൾ സംഗീതാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ഹാളിലെ വൈദ്യുത വിളക്കുകൾ അണഞ്ഞു. കനത്തപൊലീസ്‌ ബന്തവസിനിടെ പുറത്തിറങ്ങിയ ദിവാെ‍ൻറ നിലവിളി ഉയർന്നു. വെളിച്ചം വരുമ്പോൾ മുഖത്തും വിരലുകളിലും കഴുത്തിലും വെട്ടേറ്റ്‌ രക്തത്തിൽകുളിച്ച ദിവാൻ കിടക്കുന്നു. രാജ്യം മരവിച്ചുപോയ നിമിഷം. പ്രതിയെ കിട്ടിയില്ലെന്നത്‌ ഏറ്റവും ഗുരുതരമായ കൃത്യവിലോപമായി വ്യാഖ്യാനിക്കപ്പെട്ടു. ആശുപത്രിയിലെത്തിയ സിപിയെ പൾസ്‌ താണതിനാൽ മരവിപ്പിക്കാതെ മുറിവുതുന്നിക്കെട്ടുകയായിരുന്നു. ആ വേദന തന്റെ സാമ്രാജ്യമോഹങ്ങൾ പെട്ടിയിലടുക്കി സ്വാതന്ത്ര്യപുലരിക്കുമുമ്പേ രഹസ്യമായി കേരളം വിട്ടുപോകാൻ സർ സിപിയെ നിർബന്ധിതനാക്കി.

സി പിയെ വെട്ടിയത്‌ സ്വാതന്ത്ര്യസമരമല്ലേ?
പുന്നപ്രവയലാർ മുതലുള്ള ചെയ്തികൾക്ക്‌ ആരോ വിപ്ലവകാരികൾ കണക്കുചോദിച്ചത്‌ ജയിലിൽ ആഘോഷവാർത്തയായാണ്‌ പരന്നത്‌. എന്താണ്‌ സംഭവിച്ചത്‌. അന്നുമിന്നും കൃത്യമായ വിവരം ആർക്കുമറിയില്ല. സൂചനകളുണ്ടായത്‌ പിന്നീട്‌ സ്വദേശാഭിമാനിയുടെ ചിതാഭസ്മം സ്ഥാപിക്കാൻ സ്ഥലം നൽകാതിരുന്ന പട്ടം താണുപിള്ളക്ക്‌ വെല്ലുവിളിയുമായി കുമ്പളം വെള്ളയമ്പലത്ത്‌ നടത്തിയ പ്രസംഗത്തിലാണ്‌. സി പിയെ വെട്ടിയത്‌ ആരെന്നറിയുമോ ആ ആയുധം ഞങ്ങളുടെ പക്കലുണ്ട്‌. അധികാരമോഹികൾ അത്‌ ഓർത്താൽ നന്ന്‌. എന്നായിരുന്നു ആ വെല്ലുവിളിയുടെ രത്നച്ചുരുക്കം. ലണ്ടനിലിരുന്ന സിപി ഇതറിഞ്ഞു. എന്തുകൊണ്ട്‌ കുമ്പളത്തെ അറസ്റ്റുചെയ്തില്ലെന്നായിരുന്നു സിപിക്കറിയേണ്ടത്‌.
പൊലീസ്‌ അന്വേഷണം നടന്നു. അസാധാരണമായ ഒരായുധം, പിടിയിൽ കൊളുത്തുള്ള കത്താളിന്റെ ഒരു ചെറുരൂപം. ഖുക്രി പോലെ വെട്ടിന്റെ ആയം കൂട്ടാൻ ഒരു വളവ്‌. എന്താണത്‌. പിന്നീട്‌ അവരറിഞ്ഞു. കരുനാഗപ്പള്ളി താലൂക്കിൽ ഈ കത്താൾ പ്രയോഗത്തിലുണ്ട്‌. തെങ്ങുു‍കയറ്റക്കാർ വ്യാപകമായി ഉപയോഗിക്കുന്നു.മുണ്ടിനു മുകളിൽ അരയിൽ കൊളുത്തി തെങ്ങിൽകയറുന്നു.
പ്രതികളെപ്പറ്റി സൂചനയുണ്ട്‌. പക്ഷേ കുമ്പളം അന്ന്‌ ജയിലിലാണ്‌. ശ്രീകണ്ഠൻനായർ തിരുകൊച്ചിയിലില്ല. അന്വേഷണത്തിൽ കെസിഎസ്‌ മണി പ്രതിയായി. കത്താൾ മണി ട്രൗസറിൽ ഒളിപ്പിച്ചാണ്‌ വേദിയിലെത്തിയത്‌. പക്ഷേ ആദ്യ കമ്മ്യൂണിസ്റ്റ്‌ സർക്കാർ കേസ്‌ ഇല്ലാതാക്കി. അത്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന്‌ തിരിച്ചറിയാൻ അത്രനാൾ കഴിയേണ്ടിവന്നു.

മൺമറഞ്ഞ രഹസ്യം
പിന്നീട്‌ കുമ്പളത്തിന്റെയും ശ്രീകണ്ഠൻനായരുടെയും ആത്മകഥയിലും മണിയുടെ വെളിപ്പെടുത്തലുകളിലും കഥ കുറേശെ പുറത്തെത്തി. അതിലെല്ലാം പല മൗനങ്ങളുമുണ്ടായിരുന്നു. ആയുധം കരുനാഗപ്പള്ളി മാരാരിത്തോട്ടത്തുനിന്നും തൃശൂരിലേക്ക്‌ പോയകഥ തൃശൂരുനിന്നും അത്‌ എപ്പോൾ തിരുവനന്തപുരത്തിനുപോയി. ആയുധം മാരാരിത്തോട്ടത്തോ കല്ലടയിലോ നിർമ്മിച്ചതെന്ന്‌ ഒരു സംശയം ബാക്കിയാണ്‌. സാധു കുടുംബങ്ങളെ പൊലീസ്‌ ചുറ്റിക്കാതിരിക്കാൻ കുമ്പളം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ്‌ സൂചന. ചെറുതും വലുതുമായി രണ്ട്‌ ആയുധമുണ്ടായിരുന്നുവെന്നും അതിലൊന്നാണ്‌ സർ സിപിക്കുനേരെ പ്രയോഗിച്ചതെന്നും കുമ്പളത്തിന്റെ സഹചാരിയായിരുന്ന നരീഞ്ചിയിൽ എൻ ജി കരുണാകരൻ പിള്ള വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ കുമ്പളത്തിന്റെ ജീവചരിത്രം എഴുതിയ ശാസ്താംകോട്ട രാമചന്ദ്രൻ പറയുന്നു. വലിയ കത്താൾ മാരാരിത്തോട്ടത്തായിരിക്കാം നിർമ്മിച്ചത്‌. സി പിയെ വെട്ടിയ ചെറുകത്താൾ പടിഞ്ഞാറേകല്ലടയിൽ കുമ്പളത്തിന്റെ ഭാര്യ ജാനകിയമ്മയുടെ വീടായ കാരുവള്ളിവീടിനു സമീപം താമസിക്കുന്ന പണിക്കനായിരുന്നു നിർമ്മിച്ചത്‌. ആയുധനിർമ്മാണത്തിൽ പ്രഗൽഭനായിരുന്ന ചെറുമനട്ടയിൽ നാരായണപണിക്കൻ തന്റെ ആയുധംകൊണ്ടുള്ള ഉപയോഗം അറിഞ്ഞില്ലെന്നുവേണം കരുതാൻ. ഇപ്പോഴും കുടുംബത്തിന്‌ കേരളത്തിന്റെ ഭാഗധേയം മാറ്റിമറിച്ച ഒരായുധം തങ്ങളുടെ വീട്ടിൽ നിന്നാണ്‌ പോയതെന്ന്‌ അറിയില്ല. അറിയുമായിരുന്നെങ്കിലും അദ്ദേഹം ആ രഹസ്യവുമായി 45 വർഷം മുമ്പ്‌ മൺമറഞ്ഞു. മകൻ അപ്പുക്കുട്ടൻ മേസ്തിരിക്ക്്്‌ ഈ കഥകൾ അറിയില്ല.
കല്ലട നദീതടം ഒരു സംസ്കാരമാണ്‌. ദേശിംഗനാടിനും വേണാടിനുമൊക്കെമുമ്പ്്്‌ രാജ്യം ഭരിച്ചത്‌ കല്ലട റാണി ആയിരുന്നു. തുറമുഖമായ കല്ലടയിലേക്ക്‌ കപ്പലുകൾ അടുത്തിരുന്നു. ഇന്ന്്്‌ മതിയായ വാഹനസൗകര്യം പോലുമില്ലാത്ത കല്ലടയാണ്‌ അഭിനവകേരളത്തെ സംഭാവന ചെയ്തത്‌ എന്നോർക്കുന്നതിനുമില്ലേ ഒരു സുഖം.