Friday
21 Sep 2018

വ്യാജവിലാസത്തിൽ സുരേഷ് ഗോപി വെട്ടിച്ചത് 15 ലക്ഷം രൂപ

By: Web Desk | Tuesday 31 October 2017 11:17 AM IST

പോണ്ടിച്ചേരി: നടനും എംപിയുമായ സുരേഷ് ഗോപി പോണ്ടിച്ചേരി റജിസ്ട്രേഷന്റെ മറവിൽ നികുതി വെട്ടിച്ചതായി ആരോപണം . പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നതെന്നും ആരോപണം ഉയരുന്നു.

കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു. നേരത്തെ നടൻ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട് വന്നിരുന്നു.

കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതോടെ ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയുടെ ആഢംബര വാഹനം ഓഡി ക്യൂ 7 പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് മുൻപ് സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ പോയി വാഹനം  രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുക എന്ന തന്ത്രം സുരേഷ് ഗോപിയും പയറ്റിയെന്ന് നിരവധിപേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപയാണ് ഫ്ളാറ്റ് ടാക്സ്.

75 ലക്ഷത്തോളം വിലയാണ് സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7ന്റെ ഏകദേശ വില. ഈ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന നികുതിയില്‍ നിന്നും ഒഴിവായി കിട്ടും. രജിസ്ട്രേഷന് വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന്റെ തെളിവ് മാത്രവും. അതൊക്കെ ഡീലര്‍മാര്‍ ശരിയാക്കും. ഇതേ തന്ത്രം സുരേഷ് ഗോപിയും സ്വീകരിച്ചോ എന്നാണ് മുൻപും ആരോപണം ഉയർന്നത്.