Saturday
20 Oct 2018

പൊന്‍മുടി അണക്കെട്ട് തുറന്നു

By: Web Desk | Saturday 15 September 2018 6:49 PM IST

അടിമാലി: പൊന്‍മുടി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. പരമാവധി സംഭരണശേഷിയായ 707.75 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ട് തുറന്നത്. ഇന്ന് രാവിലെ പത്ത്
മണിയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

പ്രളയാനന്തരം തകര്‍ന്ന പന്നിയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതോല്‍പ്പാദനം നിലച്ചതാണ് പൊന്‍മുടി അണക്കെട്ടിലെ ജലനിരപ്പുയരാന്‍ കാരണം. അണക്കെട്ടിനാകെയുള്ള മൂന്ന് ഷട്ടറുകളില്‍ നടുവിലെ ഷട്ടര്‍ 15 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. 11 ക്യുബിക് വെള്ളമാണ് ഓരോ സെക്കന്‍ഡിലും അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്നത്. പുഴയോരത്തുള്ള ജനങ്ങള്‍ക്ക്  ഇടുക്കി ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കനത്ത മഴയെതുടര്‍ന്ന് കഴിഞ്ഞ മാസവും പൊന്‍മുടി അണക്കെട്ട് തുറന്നു വിട്ടിരുന്നു. മഴ കുറയുകയും ലോവര്‍പെരിയാര്‍ ഉള്‍പ്പെടെയുള്ള പവര്‍ഹൗസുകളില്‍ അറ്റകുറ്റപ്പണികള്‍
ആരംഭിക്കുകയും ചെയ്തതോടെ അണക്കെട്ട് അടയ്ക്കുകയായിരുന്നു. എന്നാല്‍, പന്നിയാര്‍ പവര്‍
ഹൗസിന്റെ പ്രവര്‍ത്തനം നിലക്കുകയും വെള്ളം കൊണ്ടുപോകാനാകാതെ വരികയും
ചെയ്തതോടെ വീണ്ടും പൊന്‍മുടി പൂര്‍ണ്ണ സംഭരണ ശേഷിയിലേക്കെത്തുകയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഷട്ടര്‍മാത്രമേ തുറക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളുവെന്നും, പന്നിയാര്‍ പവര്‍ ഹൗസ് പ്രവര്‍ത്തനക്ഷമമാകും വരെ വെള്ളം തുറന്നു വിടാനാണ് സാധ്യതയെന്നും ഡാം സുരക്ഷ ഉദ്യോഗസ്ഥര്‍ അറയിച്ചു. എന്നാല്‍,  പന്നിയാര്‍ പവര്‍ ഹൗസ് പൂര്‍ണ പ്രവര്‍ത്തനക്ഷമമാകാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും. പൊന്‍മുടി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം കല്ലാറുകുട്ടി അണക്കെട്ടിലേക്കാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.

Related News